കളത്തിന് പുറത്താണെങ്കിലും അകത്താണെങ്കില്‍ സ്വന്തം ടീമിന് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. അതിന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
രണ്ട് മത്സരത്തില്‍ സസ്പെന്‍ഷനുള്ള ക്രിസ്റ്റ്യാനൊ തന്റെ പുതിയ ടീമായ അല്‍ നസറിന്റെ ഗോള്‍ നേട്ടത്തില്‍ ആഘോഷിക്കുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സൗദി ലീഗില്‍ അല്‍ നസര്‍ അല്‍ ടെയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കീഴടക്കിയത്. ആദ്യ പകുതിയില്‍ വിഐപി ബോക്സിലിരുന്ന കളികണ്ട താരം പിന്നീട് അപ്രത്യക്ഷനായി. എന്നാല്‍ രണ്ടാം പകുതി താരങ്ങളുടെ മുറിയിലിരുന്ന വ്യായാമം ചെയ്തുകൊണ്ട് വീക്ഷിക്കുകയായിരുന്നു ക്രിസ്റ്റ്യാനൊ.
ലോകം കാത്തിരിക്കുന്ന ആദ്യ മത്സരത്തിന് താരത്തിന് ഇറങ്ങാന്‍ ഇനിയും കാത്തിരിക്കണം. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന ക്രിസ്റ്റ്യാനൊ എവര്‍ട്ടണ്‍ ആരാധകന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞതിനാണ് രണ്ട് മത്സരത്തില്‍ ബാന്‍ ലഭിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് റൊണാള്‍ഡൊ അല്‍ നസറിലെത്തിയത്. പ്രീമിയര്‍ ലീഗ് ക്ലബ്ബിനെതിരെ പിയേഴ്സ് മോര്‍ഗന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. തുടര്‍ന്ന് ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിക്കുകയായിരുന്നു.
പിന്നാലെ ഫ്രീ ഏജന്റായ ക്രിസ്റ്റ്യാനൊ അല്‍ നസറുമായി രണ്ട് വര്‍ഷത്തെ കരാറിലേര്‍പ്പെട്ടു. റെക്കോര്‍ഡ് തുകയ്ക്കാണ് സൂപ്പര്‍ താരത്തെ സൗദി ക്ലബ്ബ് സ്വന്തമാക്കിയത്.