കോപ്പ അമേരിക്കയിൽ അർജന്റീനയെ തകർത്ത് ആതിഥേയരായ ബ്രസീൽ ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ അർജന്റീനയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഗോൾ കണ്ടെത്താൻ സാധിക്കാതെ വന്ന അർജന്റീന പരാജയപ്പെടുകയായിരുന്നു. ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടോ ഫെര്‍മിനോ എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്.
സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഡാനി ആൽവസും സംഘവും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കം മുതൽ അവർ ഗോളിനായി ദാഹിച്ചു. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. ഗോൾ മടക്കാനുള്ള അർജന്റീനയുടെ ശ്രമങ്ങൾ ബ്രസീലിയൻ പ്രതിരോധത്തിന് മുന്നിൽ നിഷ്ഫലമായപ്പോൾ ആദ്യ പകുതിയിൽ ബ്രസീലിന് ഒരു ഗോളിന്റെ ലീഡ്.
ആദ്യ പകുതിയിൽ വഴങ്ങിയ ഗോളിന്റെ സമ്മർദത്തിലാണ് അർജന്റീന രണ്ടാം പകുതിയിൽ ഇറങ്ങിയത്. അത് അവരുടെ കളിശൈലിയിലും വ്യക്തമായിരുന്നു. പരുക്കനടവുകളുമായി ഇരു ടീമുകളും കളം നിറഞ്ഞപ്പോൾ ഫൗളുകളും മഞ്ഞകാർഡുകളും വർധിച്ചു. ഇതിനിടയിൽ മത്സരത്തിന്റെ 71-ാം മിനിറ്റിൽ ബ്രസീലിന്റെ രണ്ടാം ഗോളും പിറന്നു. റോബര്‍ട്ടോ ഫെര്‍മിനോയുടെ വകയായിരുന്നു ഗോള്‍.
ഫൗളിന്റെ കാര്യത്തിൽ മുന്നിട്ട് നിന്നത് അർജന്റീന താരങ്ങൾ തന്നെയായിരുന്നു. 19 ഫൗളുകൾ അർജന്റീന നടത്തിയപ്പോൾ ബ്രസീൽ താരങ്ങൾ 12 തവണ ഫൗൾ ചെയ്തു. മത്സരത്തിൽ ആകെ ഏഴ് മഞ്ഞ കാർഡുകളാണ് പുറത്തെടുത്തത്. അതിൽ അഞ്ചും അർജന്റീനക്കെതിരെ.