കോപ്പ അമേരിക്കക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബ്രസീലിന് തിരിച്ചടിയായി സൂപ്പർ താരം നെയ്മറിന്റെ പരിക്ക്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് തുടർച്ചയായ രണ്ടാം ദിനത്തിലും നെയ്മർ പരിശീലനത്തിന് ഇറങ്ങിയില്ല. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്.

അതേസമയം താരം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ബ്രസീൽ സോക്കർ ഫെഡറേഷൻ കഴിഞ്ഞ ദിവസം പബ്ലിഷ് ചെയ്തിരുന്നു. താരം ചികിത്സ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ അമേരിക്ക പോരാട്ടത്തിൽ ബ്രസീലിന്റെ കിരീട പ്രതീക്ഷകൾക്ക് വെല്ലുവിളിയാണ് 27 കാരനായ നെയ്മറിന്റെ പരിക്ക്. ചൊവ്വാഴ്ച നടന്ന പരിശീലനത്തിനിടയാണ് കഠിനമായ മുട്ടുവേദനയെ തുടർന്ന് നെയ്മർ മൈതാനം വിട്ടത്. എന്നാലും കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിൽ നെയ്മറെ നിലനിർത്തിയിട്ടുണ്ട്.

വലത് കാലിന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം മടങ്ങിയെത്തിയ നെയ്മറിന് ആകെ നാല് മത്സരങ്ങളിൽ മാത്രമാണ് പിന്നീട് കളിക്കാൻ അവസരം ലഭിച്ചത്. അതും തന്റെ ക്ലബ്ബായ പാരിസ് സെന്റ് ജർമ്മന് വേണ്ടി.

ലാറ്റിനമേരിക്കൻ വമ്പന്മാർ കൊമ്പുകോർക്കുന്ന ഫുട്ബോൾ മാമാങ്കം ആരംഭിക്കുന്നത് ജൂൺ 14നാണ്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളാണ് ടൂർണമെന്റിലെ ശ്രദ്ധകേന്ദ്രങ്ങളെങ്കിലും മറ്റ് രാജ്യങ്ങൾക്കും അതിഥികളായി കോപ്പ അമേരിക്കയിൽ മത്സരിക്കാൻ അവസരം നൽകുന്നുണ്ട്.

ബ്രസീലാണ് ഇത്തവണത്തെ കോപ്പാ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. 12 ടീമുകളാണ് കോപ്പ അമേരിക്കയിൽ മത്സരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ ഏഷ്യൻ ശക്തികളായ ജപ്പാനും 2022 ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറും കോപ്പ അമേരിക്കയിൽ പന്ത് തട്ടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook