കൊച്ചി: വിരമിക്കലില്‍ നിന്നും മടങ്ങിയെത്തിയ അനസ് എടത്തൊടികയ്ക്ക് ആശംസകളുമായി സി.കെ.വിനീത്. അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ തനിക്കറിയാമായിരുന്നു ഇതൊന്നിന്റേയും അവസാനമല്ലെന്ന് എന്നാണ് വിനീത് തിരിച്ചു വരവിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്. ശരിയായ സമയത്ത് അനസ് തിരികെ വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും വിനീത് പറയുന്നു.

അനസ് വിരമിച്ചപ്പോള്‍ എന്തുകൊണ്ട് താന്‍ ആശംസകള്‍ അറിയിച്ചില്ലെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. അതിനുള്ള ഉത്തരമാണ് ഇത്. കാരണം, അവന്‍ തിരിച്ചു വന്നിരിക്കുന്നു, എന്നും വിനീത് പറയുന്നു.

അനസ് എടത്തൊടിക വിരമക്കില്‍ തീരുമാനം പിന്‍വലിച്ച് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള ടീമില്‍ അനസുമുണ്ട്. പരിശീലകന്‍ സ്റ്റിമാച്ചിന്റെ പ്രത്യേക താല്‍പര്യത്തെ തുടര്‍ന്നാണ് അനസ് വിരമിക്കലില്‍ നിന്നും മടങ്ങി വന്നത്. ടീമില്‍ അനസ് അടക്കം നാലു മലയാളികളുമുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയ വിഷയം.

പരുക്കിന്റെ പിടിയിലായതോടെ വിശ്രമത്തിലായിരുന്ന ആഷിഖ് സാധ്യത ടീമിലിടം നേടിയിട്ടുണ്ട്. കിങ്‌സ് കപ്പിലെ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച സഹല്‍ അബ്ദുള്‍ സമദും ടീമിലിലുണ്ട്. സൂപ്പര്‍ താരം ജോബി ജസ്റ്റിനും ടീമിലുണ്ട്. നാല് പേരും 23 അംഗ ടീമിലേക്ക് എത്തുമെന്ന് കരുതുന്നവരാണ്.

അടുത്ത മാസം ഏഴ് മുതല്‍ 18 വരെയാണ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്. ഇന്ത്യയെ കൂടാതെ താജിക്കിസ്ഥാന്‍, സിറിയ, ഡിപിആര്‍ കൊറിയ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

ടീം

ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, വിശാല്‍ കൈത്, അമരീന്ദര്‍ സിങ്, കമല്‍ജിത് സിങ്.

ഡിഫന്റേഴ്‌സ്: രാഹുല്‍ ബെക്കെ, പ്രീതം കോട്ടാല്‍, നിഷു കുമാര്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സന്ദേശ് ജിങ്കന്‍, ആദില്‍ ഖാന്‍, സാര്‍ഥക് ഗോലി, സുഭാശിഷ് ബോസ്.

മിഡ് ഫീല്‍ഡേഴ്‌സ്: ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, നിഖില്‍ പൂജാരി, അനിരുദ്ധ് ഥാപ്പ, റായ്‌നിയര്‍ ഫെര്‍ണാണ്ടസ്, പ്രണയോഗ് ഹാള്‍ഡര്‍, റോളിന്‍ ബോര്‍ഗസ്, വിനിത് റായ്, സഹല്‍ അബ്ദുല്‍, അമര്‍ജിത് സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലാലിന്‍സ്വാല ചാന്‍ഗ്‌റ്റെ, മന്ദര്‍ റാവു ദേശായി, ആഷിഖ് കുരുണിയന്‍, സൂസൈരാജ് മൈക്കിള്‍.

ഫോര്‍വേര്‍ഡ്‌സ്: സുനില്‍ ഛേത്രി, ബല്‍വന്ദ് സിങ്, ജോബി ജസ്റ്റിന്‍, ഫാറൂഖ് ചൗധരി, മന്‍വീര്‍ സിങ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook