FIFA World Cup 2022: ഫുട്ബോള്‍ എന്ന് പറഞ്ഞാല്‍ കേരളത്തിലുള്ളവര്‍ക്ക് ബ്രസീലും അര്‍ജന്റീനയും കഴിഞ്ഞെ മറ്റെന്തുമുള്ളു. പുല്ലാവൂര്‍ പുഴയില്‍ തലയുയര്‍ത്തി നിന്ന ലയണല്‍ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും നെയ്മെറുമെല്ലാം ഫിഫയുടെ ഔദ്യോഗിക പേജില്‍ വരെ എത്തി നില്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ കേരളക്കരയുടെ അതിരില്ലാത്ത സ്നേഹത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് സൂപ്പര്‍ താരം നെയ്മര്‍.
“ലോകകത്തിന്റെ വിവിധ കോണില്‍ നിന്ന് സ്നേഹം എത്തുന്നു. വളരെയധികം നന്ദി കേരളം,” എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ നെയ്മര്‍ കുറിച്ചിരിക്കുന്നത്. തന്റെ കൂറ്റന്‍ കട്ടൗട്ടിന് മുന്നില്‍ കൊച്ചു കുട്ടിയെ തോളത്ത് വച്ച് നില്‍ക്കുന്ന ആരാധകന്റെ ചിത്രവും നെയ്മര്‍ പങ്കുവച്ചിട്ടുണ്ട്. നെയ്മറിന്റെ ഔദ്യോഗിക സൈറ്റിന്റെ പേരിലാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളത്.
ഫിഫ ലോകകപ്പില്‍ ഏറെ കിരീട പ്രതീക്ഷകളുമായി എത്തിയ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു. ക്രൊയേഷ്യയോട് പെനാലിറ്റി ഷൗട്ടൗട്ടിലായിരുന്നു കാനറികളുടെ പരാജയം. തോല്‍വിക്ക് ശേഷം മൈതാനത്തിരുന്ന് വിതുമ്പുന്ന നെയ്മര്‍ ലോകകപ്പിന്റെ കണ്ണീര്‍ കാഴ്ചകളില്‍ ഒന്നായി മാറി. ഇനി നെയ്മര്‍ ഒരു ലോകകപ്പിനിറങ്ങുമോ എന്നതില്‍ വ്യക്തതയില്ല.
ഇനി ബ്രസീല്‍ കുപ്പായത്തില്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ നെയ്മറും വ്യക്തത നല്‍കിയിട്ടില്ല. താരം വിരമിച്ചേക്കുമെന്ന സൂചനകള്‍ ശക്തമാണ്. എന്നാല്‍ ബ്രസീലിയന്‍ മാധ്യമങ്ങള്‍ താരം വിരമിക്കില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തോല്‍വിക്ക് പിന്നാലെ താരത്തിന് പിന്തുണയുമായി ഫുട്ബോള്‍ ഇതിഹാസം പെലെ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.