പോർട്ടോ അലെഗ്രെ: പരാഗ്വായെ ഷൂട്ടൗട്ടിൽ വീഴ്ത്തി ബ്രസീൽ കോപ്പ അമേരിക്കയുടെ സെമിൽ കടന്നു. ഷൂട്ടൗട്ടിൽ 4-3നായിരുന്നു ബ്രസീൽ വിജയത്തിലേക്ക് കുതിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
വില്യൻ, മാർകിഞ്ഞ്യോ, ഗബ്രിയൽ ജീസസ്, കുട്ടീഞ്ഞ്യോ എന്നിവർ ബ്രസീലിനായി ലക്ഷ്യം കണ്ടു. കളിയുടെ 58-ാം മിനിറ്റിൽ ഫാബിയൻ ബൽബുന ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് പരാഗ്വാ പിന്നീട് കളിച്ചത്.
Read More: ‘ലാസ്റ്റ് ബെല്‍ വിപ്ലവം’ വീണ്ടും; അര്‍ജന്റീന കോപ്പ ക്വാര്‍ട്ടറില്‍
ഒന്നാം പകുതിയിൽ കളിയുടെ ആധിപത്യം ബ്രസീലിനായിരുന്നു. പന്തടക്കത്തിൽ ഏറെ മുന്നിലുണ്ടായിരുന്നതും മഞ്ഞപ്പടയായിരുന്നു. എന്നാൽ, സ്വന്തം ബോക്സിനുള്ളിൽ കൂടുതൽ കളിക്കാരെയിറക്കി പരാഗ്വാ ബ്രസീലിന് മുന്നിൽ പ്രതിരോധ കോട്ടയുയർത്തി. പൂർണമായും പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞുള്ള പരാഗ്വായെ മറികടന്ന് ഗോളടിക്കാൻ ബ്രസീലിനായില്ല. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ബ്രസീലിന് കഴിയാതിരുന്നതോടെ കളിയിൽ ഗോൾ പിറന്നില്ല.
ഷൂട്ടൗട്ടില്‍ പരാഗ്വായുടെ ആദ്യ കിക്ക് ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസന് ബെക്കര്‍ രക്ഷപെടുത്തി. നാലാം കിക്ക് പുറത്തേയ്ക്കടിച്ചു കളഞ്ഞു. ബ്രസീലിന്റെ ഫര്മിനോയ്ക്കും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 58-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഫാബിയന്‍ ബല്ബ്യൂന ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് പത്തുപേരുമായാണ് പരാഗ്വാ മത്സരിച്ചത്. വെള്ളിയാഴ്ച ബെലോഹൊറിസോണ്ടയിൽ നടക്കുന്ന അർജന്റീന- വെനസ്വേല മത്സരത്തിലെ വിജയികളെയാകും സെമിയിൽ ബ്രസീൽ നേരിടുക.