scorecardresearch

കച്ചമുറുക്കി അര്‍ജന്റീനയും ബ്രസീലും; ഖത്തറില്‍ ശക്തരാവാന്‍ ഫുട്ബോള്‍ രാജാക്കന്മാര്‍

ലോകകപ്പുകളില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും നേരിടുന്ന സമ്മര്‍ദം ചെറുതല്ല. ഖത്തറിലേക്കുള്ള മുന്നേറ്റത്തില്‍ സൂപ്പര്‍ താരങ്ങളെ ആശ്രയിച്ചായിരിക്കില്ല ബ്രസീലിന്റേയും അര്‍ജന്റീനയുടേയും ടീം ഘടന

കച്ചമുറുക്കി അര്‍ജന്റീനയും ബ്രസീലും; ഖത്തറില്‍ ശക്തരാവാന്‍ ഫുട്ബോള്‍ രാജാക്കന്മാര്‍

ഫിഫ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതാപകാലത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് അര്‍ജന്റീനയും ബ്രസീലും. കഴിഞ്ഞ 100 ദിവസങ്ങളായി ഒരു മത്സരം പോലും ലയണല്‍ മെസിയും കൂട്ടരും തോറ്റിട്ടില്ല. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ബ്രസീലും. കേവലം മെസിയും നെയ്മറും മാത്രമല്ല ഇരു ടീമുകളുടേയും കരുത്തെന്ന് ഏറെക്കുറെ തെളിഞ്ഞു കഴിഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ ബ്രസീലും അര്‍ജന്റീനയും രണ്ട് പതിറ്റാണ്ടായി തുടരുന്ന യുറോപ്യന്‍ ആധിപത്യം അവസാനിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

റഷ്യയില്‍ ഫുട്ബോളിലെ കരുത്തര്‍ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലാണ് പുറത്തായത്. ചാമ്പ്യന്‍പട്ടമണിഞ്ഞ ഫ്രാന്‍സായിരുന്നു മെസിയേയും കൂട്ടരേയും കെട്ടുകെട്ടിച്ചത്. മറുവശത്ത് ബ്രീസിലിനെ വീഴ്ത്തിയത് ബല്‍ജിയമായിരുന്നു. ക്വാര്‍ട്ടറിലായിരുന്നു പരാജയം. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ നിരയുമായാണ് ബ്രസീലും അര്‍ജന്റീനയും ഖത്തറിലേക്ക് എത്തുന്നത്.

യോഗ്യതാ റൗണ്ടില്‍ പുതിയ റെക്കോര്‍ഡാണ് ബ്രസീല്‍ കുറിച്ചത്. സൗത്ത് അമേരിക്കന്‍ രാജ്യങ്ങളുടെ യോഗ്യതാ റൗണ്ടില്‍ 45 പോയിന്റുകള്‍ നേടി. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയേക്കാള്‍ ആറ് പോയിന്റ് മുകളില്‍. ഇരുവരും തമ്മിലുള്ള മത്സരം കഴിഞ്ഞ വര്‍ഷം സസ്പെന്‍ഡ് ചെയ്തിരുന്നു. ആ ഒരു മത്സരം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ബ്രസീലിനെ 1-0 ന് പരാജയപ്പെടുത്തി കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക ട്രോഫി ഉയര്‍ത്തിയതിന്റെ ആത്മവിശ്വാസം അര്‍ജന്റീനയ്ക്കുണ്ട്.

ലോകകപ്പുകളില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും നേരിടുന്ന സമ്മര്‍ദം ചെറുതല്ല. ഖത്തറിലേക്കുള്ള മുന്നേറ്റത്തില്‍ സൂപ്പര്‍ താരങ്ങളെ ആശ്രയിച്ചായിരിക്കില്ല ബ്രസീലിന്റേയും അര്‍ജന്റീനയുടേയും ടീം ഘടന. ലൂക്കാസ് പക്വേറ്റ എന്ന മധ്യനിരയിലെ ശക്തനേയും മൂന്നേറ്റ നിരയിലെ പടക്കുതിരയായ വിനീഷ്യസ് ജൂനിയറിനേയും ബ്രസീല്‍ കണ്ടെത്തിക്കഴിഞ്ഞു. മറുവശത്ത് അര്‍ജന്റീനയ്ക്ക് റോഡ്രിഗൊ ഡി പോളും ലൊത്താരൊ മാര്‍ട്ടീനസുമുണ്ട്.

ബ്രസീല്‍ പരിശീലകന്‍ റ്റിറ്റെയെ സംബന്ധിച്ചടത്തോളം ടീം കൂടുതല്‍ ഫ്ലെക്സിബിള്‍ ആണെന്നത് ആശ്വാസം പകരും. നെയ്മറിനെ സെന്റര്‍ ഫോര്‍വേര്‍ഡായാണ് റ്റിറ്റെ ഉപയോഗിക്കുന്നത്. ഫിലിപ്പി കൗട്ടിഞ്ഞ്യൊ പ്ലെ മേക്കറുടെ റോളിലും ലൂക്കാസ് പക്വേറ്റ ബോക്സ് ടു ബോക്സ് പ്ലെയറായും. റഫീനാ, ആന്റണി, റോഡ്രിഗൊ, മാത്യൂസ് കുന തുടങ്ങിയ യുവതാരങ്ങളുടെ റ്റിറ്റോയുടെ കാര്‍ഡുകളാണ്.

അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സലോണിക്കും റ്റിറ്റേയ്ക്കും മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. കഴിഞ്ഞ ലോകകപ്പിലുണ്ടായ വീഴ്ചകള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ ഇരുവരും ആഗ്രഹിക്കുന്നുണ്ടാകില്ല. പ്രത്യേകിച്ചും മെസിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് ആകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍.

Also Read: IPL 2022: ധോണിയുടെ ഫോമിൽ പ്രതീക്ഷവെച്ച് ആരാധകർ; ഇന്ന് ചെന്നൈ-ലഖ്നൗ

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Brazil and argentina are looking like world cup contenders