ഖത്തര്‍ ലോകകപ്പില്‍ പൊര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ തികഞ്ഞ പരാജയമായിരുന്നെന്ന് മുന്‍ ജര്‍മന്‍ താരം ലോതർ മത്തെയോസ്. അഹംഭാവം അദ്ദേഹത്തിന്റെ ഐതിഹാസിക കരിയര്‍ ഇല്ലാതാക്കുകയാണെന്നും മത്തെയോസ് ആരോപിച്ചു.
“റൊണാള്‍ഡോയുടെ അഹംഭാവം അദ്ദേഹത്തിനും ടീമിനും അപകടം ചെയ്തു. അദ്ദേഹം മഹാനായ കളിക്കാരാനാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അദ്ദേഹം തന്നെ അത് നശിപ്പിക്കുകയാണ്. ഒരു ടീമിന്റെ ഭാഗമാകാന്‍ ഇനി റൊണാള്‍ഡോയ്ക്ക് കഴിയുമോ എന്ന് അറിയില്ല. അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്,” മത്തെയോസ് ബില്‍ഡിനോട് പറഞ്ഞു.
“ലോകകപ്പില്‍ റൊണാള്‍ഡൊ തികഞ്ഞ പരാജയമായിരുന്നു. മെസിയുടെ നേര് വിപരീതം. മെസി വിജയിയാണ്. അദ്ദേഹം അത് അര്‍ഹിക്കുന്നു. കാരണം മികവുകൊണ്ട് ഞാന്‍ ഉള്‍പ്പെടെയുള്ള ഫുട്ബോള്‍ ആരാധകരെ കഴിഞ്ഞ 17-18 വര്‍ഷമായി അദ്ദേഹം സന്തോഷിപ്പിക്കുന്നു. മെസി ഈ സഹസ്രാബ്ദത്തിലെ തന്നെ മികച്ച താരമാണ്,” മത്തെയോസ് കൂട്ടിച്ചേര്‍ത്തു.
ലോകപ്പില്‍ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെ എത്താന്‍ കഴിഞ്ഞിരുന്നുള്ളു. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയും ക്വാര്‍ട്ടറില്‍ മൊറോക്കോയ്ക്കെതിരെയും റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. ബെഞ്ചിലായിരുന്നു ഇതിഹാസത്തിന്റെ സ്ഥാനം.
ഗ്രൂപ്പ് ഘട്ടത്തില്‍ ഘാനയ്ക്കെതിരെ നേടിയ ഗോള്‍ മാത്രമാണ് ഖത്തറിലെ റൊണാള്‍ഡോയുടെ സമ്പാദ്യം. ഇതോടെ അഞ്ച് ലോകകപ്പിലും സ്കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനും പോര്‍ച്ചുഗല്‍ നായകന് കഴിഞ്ഞു.