ബെര്‍ലിന്‍: ഒരു സിനിമാക്കഥയെന്ന പോലെ ഫ്രാങ്ക് റിബറിയുടേയും ആര്യന്‍ റോബന്റേയും ഫുട്‌ബോള്‍ ജീവിതത്തിന് അവസാനം. ബയേണ്‍ മ്യൂണിക്കിനായി ബൂണ്ടേഴ്സ് ലീഗിലെ അവസാന മത്സരത്തില്‍ ഗോള്‍ നേടിയും കിരീടമുയര്‍ത്തിയും ‘റോബറി’.

അലയന്‍സ് അരീനയില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബൂണ്ടേഴ്‌സ് ലീഗ കിരീടം സ്വന്തമാക്കിയാണ് ഇതിഹാസ താരങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട കരിയറിന് തിരശ്ശീലയിടുന്നത്.

തുടര്‍ച്ചയായ ഏഴാം കിരീടമാണ് ബയേണിന്റേത്. ഫോട്ടോ ഫിനിഷിലാണ് രണ്ടാം സ്ഥാനാക്കാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ബയേണ്‍ തകര്‍ത്തത്. ബയേണിന്റെ ചരിത്രത്തിലെ 29-ാമത്തെ ബൂണ്ടേഴ്‌സ് ലീഗ കിരീടമാണിത്.

ഡിസംബറില്‍ ഡോര്‍ട്ട്മുണ്ടിനേക്കാള്‍ ഒമ്പത് പോയന്റ് പിന്നിലായിരുന്നു ബയേണ്‍. അവിടെ നിന്നും ഉയര്‍ത്തെഴുന്നേറ്റ ബയേണ്‍ പിന്നീട് ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്.

ഈ സീസണോടെ ബയേണ്‍ മ്യൂണിക്കിനോട് വിട പറയുമെന്ന് റോബനും റിബറിയും നേരത്തെ തന്നെ അറിയിച്ചിരുന്നു. സമനില പോലും കിരീടം നഷ്ടപ്പെടുത്തുവായിരുന്ന മത്സരത്തില്‍ റിബറിയും റോബനും നേടിയ നാലാമത്തേയും അഞ്ചാമത്തേയും ഗോളുകളുടെ ബലത്തിലാണ് ബയേണിന്റെ കിരീടം എന്നത് റോബറിയുടെ വിടപറയിനെ കാവ്യാത്മകമാക്കി.

റോബനും റിബറിയും വിട പറയുന്നതോടെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സ് താരങ്ങളായ ബെഞ്ചമിന്‍ പവാര്‍ഡിനേയും ലൂക്കാസ് ഫെര്‍ണാണ്ടസിനേയും ബയേണ്‍ അലയന്‍സിലെത്തിച്ചിട്ടുണ്ട്.

വികാഭരിതരായാണ് ബയേണ്‍ ആരാധകര്‍ ഇതിഹാസ താരങ്ങള്‍ക്ക് വിട പറഞ്ഞത്. നന്ദിയെന്നെഴുതിയ ബാനറുകള്‍ കൊണ്ട് ഗ്യാലറി അലങ്കരിച്ച ആരാധകര്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോഴേക്കും കണ്ണീരണിഞ്ഞിരുന്നു. പത്ത് വര്‍ഷം റോബനും 12 വര്‍ഷം റിബറിയും ബയേണിന്റെ കുതിപ്പിന് കരുത്ത് പകര്‍ന്ന് ഒപ്പമുണ്ടായിരുന്നു

ആര്യന്‍ റോബന്റെ ‘റോ’യും ഫ്രാങ്ക് റിബറിയുടെ ‘ബറി’യും ചേര്‍ന്നാണ് ‘റോബറി’ ഉണ്ടാകുന്നത്. ഏകദേശം ഒരേശൈലിയിലാണ് റോബനും റിബറിയും കളിക്കുന്നത്. ഇരുവരും വിങ്ങര്‍മാരാണ്. റിബറി ഗോള്‍ അടിക്കുന്നതിനെക്കാള്‍ ഗോള്‍ അടിപ്പിക്കുന്നതില്‍ സംതൃപ്തികണ്ടെത്തുമ്പോള്‍ ഗോള്‍ അടിക്കുന്നതിലാണ് റോബന്റെ ആവേശവും ഇഷ്ടവും. ഇരുവരും ചേര്‍ന്ന് 728 മല്‍സരങ്ങളാണ് ബയേണിനായി കളിച്ചത്. 266 ഗോള്‍ ഇരുവരും നേടി. കൂടാതെ 284 ഗോളവസരങ്ങള്‍ ഇരുവരുംചേര്‍ന്ന് കളത്തില്‍ സൃഷ്ടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook