രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡിനരികെയാണ് സൂപ്പര്‍താരവും പോര്‍ച്ചുഗല്‍ ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 196 മത്സരങ്ങളാണ് ഇതുവരെ പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ കളിച്ചിട്ടുള്ളത്. നിലവില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യത റൗണ്ടില്‍ കളിക്കാനൊരുങ്ങുകയാണ് പറങ്കിപ്പടയുടെ കപ്പിത്താന്‍.
മത്സരത്തിന് മുന്നോടിയായുള്ള അഭിമുഖത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിപരമായും ഫുട്ബോള്‍ ജീവിതത്തിലും നേരിട്ട മാനസിക സമ്മര്‍ദങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
“ജീവിതത്തിൽ പശ്ചാത്തപിച്ചിരിക്കാന്‍ സമയമില്ല. നല്ല ഫലങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും അത് ജീവിതത്തിന്റെ ഭാഗമാണ്. നമ്മള്‍ പർവതത്തിന്റെ മുകളിലായിരിക്കുമ്പോൾ, താഴെ എന്താണെന്ന് കാണാൻ പ്രയാസമാണ്. പലപ്പോഴും എനിക്ക് അതിന് സാധിച്ചില്ല. പക്ഷെ ഇപ്പോള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഞാൻ ഇപ്പോൾ ഒരു നല്ല മനുഷ്യനാണ്,” ക്രിസ്റ്റ്യാനോ പറഞ്ഞു.
“എന്ത് സംഭവിച്ചാലും അതിന് പിന്നില്‍ ഒരു കാരണമുണ്ടാകും. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്ന് പോയപ്പോള്‍ ആരൊക്കെ കൂടെയുണ്ടാകുമെന്ന് അറിയാന്‍ സാധിച്ചു. എനിക്കത് ജീവിതത്തിന്റെ നല്ലൊരു കാലഘട്ടമായിരുന്നില്ല. വ്യക്തിപരമായും തൊഴിൽപരമായും,” താരം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഏറെ വിവാദങ്ങളിലേക്ക് ക്രിസ്റ്റ്യാനോ പോയിരുന്നു. നായകനും ടീമിലെ ഏറ്റവും മികച്ച താരവുമായിരുന്നിട്ടും ബെഞ്ചിലിരിക്കേണ്ട സ്ഥിതി വന്നിരുന്നു. ഇതിനെതിരെ പോര്‍ച്ചുഗല്‍ ആരാധകരും പ്രതിഷേധിച്ചിരുന്നു. പരിചയസമ്പന്നനായ ക്രിസ്റ്റ്യാനോയെ പുറത്തിരുത്തിയത് തോല്‍വിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.
“ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചെന്നത് പ്രത്യേകതയുള്ള റെക്കോര്‍ഡാണ്. പക്ഷെ എനിക്ക് ഇനിയും കൂടുതല്‍ കളിക്കണം, നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ലോകകപ്പിന് ശേഷം എല്ലാം സന്തുലിതമായിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും കഴിഞ്ഞു, തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷം,” ക്രിസ്റ്റ്യാനൊ സന്തോഷം പങ്കുവച്ചു.