തൃശൂര്‍: ഫുട്ബോളിനോടുള്ള പ്രത്യേകിച്ചും ലോകകപ്പിനോടുള്ള കേരളീയരുടെ കളിപ്രേമം ആഗോളതലത്തില്‍ തന്നെ പ്രശസ്തമാണ്. ലയണല്‍ മെസി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, നെയ്മര്‍ തുടങ്ങിയ താരങ്ങളുടെ കട്ടൗട്ടുകള്‍ ഉയരുന്നത് ഈ കാലത്ത് പുതുമയുള്ള ഒന്നല്ല. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഹോര്‍ഡിങ്ങുകള്‍ ഉയര്‍ത്തി തൃശൂരിലെ ഒരു ഗ്രാമം വ്യത്യസ്തമാവുകയാണ്.
തൃശൂര്‍ ടൗണില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള കേറ്റുങ്ങല്‍ എന്ന ഗ്രാമം അറിയപ്പെടുന്നത് ഖത്തര്‍ വില്ലേജ് എന്നാണ്. മിക്ക വീടുകളിലേയും ഒരാളെങ്കിലും ഖത്തറില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഗ്രാമത്തില്‍ നിന്നുള്ള 350-ലധികം പേരാണ് ഗള്‍ഫ് രാജ്യത്തുള്ളത്.
ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍ തങ്ങളുടെ ജീവതത്തിന് കരുത്തേകിയ ഖത്തറിനോടുള്ള ആദരം പ്രകടിപ്പിക്കുകയാണ് ഗ്രാമവാസികള്‍.
ഏനമാവ് പാലം കടന്ന് കേറ്റുങ്ങലിലേക്ക് കടക്കുമ്പോള്‍ തന്നെ ലോകകപ്പ് ലഹരി നമുക്കറിയാന്‍ കഴിയും. ഒരു കിലോ മീറ്ററോളം ദൂരത്തില്‍ പല വീടുകളുടേയും മതിലുകള്‍ ഖത്തറിന്റെ ദേശീയ പതാകയുടെ (വെള്ളയും മെറൂണും) നിറത്തില്‍ പെയിന്റ് ചെയ്തിരിക്കുന്നതായി കാണാം. ലോകകപ്പിലെ പന്തായ അല്‍ റിഹ്ലയുടെ വലിയ രൂപം തടാകത്തിലൂടെ നീങ്ങുന്നുണ്ട്. ‘ഖത്തറിനോട് നന്ദിയും സ്നേഹം, ഞങ്ങള്‍ക്ക് അന്നം തരുന്ന നാട്’, എന്നാണ് ഗ്രാമത്തിലെ ഒരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

ഏനമക്കല്‍ കേറ്റുങ്ങല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ (ഇകെഡബ്ല്യു-ഖത്തര്‍) ലോകകപ്പ് ആഘോഷത്തിന്റെ ആശയത്തിനൊപ്പം അണിചേര്‍ന്നു ഗ്രാമവും. ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത് ലോകകപ്പിന്റെ ഉദ്ഘാടന ദിവസമായിരുന്നു. റെവന്യു വകുപ്പ് മന്ത്രി കെ രാജനായിരുന്നു ഉദ്ഘാടനം.
ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഗ്രാമത്തില്‍ വലിയ സ്ക്രീനിലാണ് ലൈവ് സ്ട്രീം ചെയ്യുന്നത്. അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുടെ മത്സരമുള്ള ദിവസം ഇവിടെ ഉത്സവ സമാനമാണ് കാര്യങ്ങള്‍.
1952-ലാണ് ഗ്രാമവും ഖത്തറും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. കേറ്റുങ്ങലില്‍ നിന്ന് ആദ്യമായി ഖത്തറിലെത്തിയത് അബ്ദുള്‍ അസീസ് എന്നൊരാളാണ്. അസീസ് എങ്ങനെയാണ് ഖത്തറിലെത്തിയതെന്നും എന്ത് ജോലിയാണ് ആദ്യം ചെയ്തിരുന്നതെന്നും വ്യക്തതയില്ല. ബ്രിട്ടീഷ് ബാങ്കില്‍ അസീസ് ജോലി കണ്ടെത്തിയതായാണ് പലരും പറയുന്നത്.

“ഓലമേഞ്ഞ വീടുകൾ മാത്രം ഉണ്ടായിരുന്ന ഒരു ഗ്രാമമായിരുന്നു ഞങ്ങളുടേത്. ദാരിദ്ര്യമായിരുന്നു യഥാർത്ഥത്തില്‍. കര്‍ഷകരും മത്സ്യത്തൊഴിലാളികളുമായിരുന്നു കൂടുതല്‍ പേരും. ഗ്രാമത്തിലെ ജനങ്ങൾക്ക് ഒരു പുതിയ വഴി തുറന്ന് നല്‍കിയത് ഖത്തറാണ്. ആദ്യം ഒരാള്‍ പോയി, പിന്നീട് ബന്ധുക്കളെയും സുഹൃത്തുക്കളെയും അവിടേക്ക് കൊണ്ടുപോയി. ഖത്തറിൽ പോയി ഒരു ജോലി കണ്ടെത്തിയാൽ മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കാമെന്ന് പലര്‍ക്കും മനസിലായി,” ഖത്തറിൽ 1980-കളുടെ അവസാനത്തില്‍ തയ്യൽക്കാരനായി കുറച്ചുകാലം ജോലി ചെയ്തിരുന്ന ജലാലുദ്ദീൻ ഹാജി പറയുന്നു.
“ഞാൻ തയ്യല്‍ പഠിക്കാൻ ഒരു കടയിൽ പോയി. അതുപോലെ വേറെ ചിലർ ടൈപ്പ് റൈറ്റിങ് പഠിച്ചു. കുറച്ചുപേർ മെക്കാനിക്കൽ ജോലികൾ പഠിക്കാൻ വർക്ക് ഷോപ്പുകളിൽ ചേർന്നു, ചിലർ ഡ്രൈവിംഗ് പഠിച്ചു, മറ്റുള്ളവർ പാചകം ചെയ്തു. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു, എങ്ങനെയെങ്കിലും ഖത്തറിലെത്തുക. 22-25 വയസാകുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ഖത്തറിൽ ജോലി വാങ്ങിത്തരാന്‍ ഒരാളുണ്ടായിരുന്നു. ഇവിടുത്തെ ജനങ്ങൾക്കിടയിൽ എന്നും ഒരുമയുണ്ട്. എല്ലാവരും വളരണമെന്ന് അവർ ആഗ്രഹിക്കുന്നു,” ജലാലുദീന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഖത്തറിലെത്താനുള്ള ശ്രമങ്ങളില്‍ എല്ലാവരും വിജയിച്ചിരുന്നില്ല, പ്രത്യേകിച്ചും ആദ്യ കാലഘട്ടങ്ങളില്‍. പലരും രേഖകളില്ലാതെയാണ് ഖത്തറിലെത്താന്‍ ശ്രമിച്ച്. കപ്പലുകളിലും നീന്തിയുമൊക്കെയാണ് ഖത്തറിലേക്ക് എത്തിയത്, പലരു മരിച്ചുപോയതായും കരുതപ്പെടുന്നു.