ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂട്ട് ഓസില്‍ വിവാഹിതനായി. മുന്‍ മിസ് തുര്‍ക്കിയായ അമൈന്‍ ഗുല്‍സെയെ ആണ് അദ്ദേഹം വിവാഹം ചെയ്തത്. തുര്‍ക്കിഷ് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ മുഖ്യാധിതി ആയിരുന്നു.
വിവാഹദിനത്തില്‍ ആയിരം കുഞ്ഞുങ്ങളുടെ ചികിത്സാചെലവ് ഏറ്റെടുക്കുന്നതായും ഓസിലും അമൈനും പ്രഖ്യാപിച്ചു. ഈ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയക്കുള്ള ചെലവാണ് നവദമ്പതിമാര്‍ വഹിക്കുക. കുട്ടികളുടെ ചികിത്സാചെലവ് ഏറ്റെടുത്തതു പോലെ സംഭാവനകള്‍ നല്‍കാനും ഓസില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ബിഗ് ഷൂ എന്ന ചാരിറ്റി സംഘടന വഴി സഹായം നൽകാനാണ് ഓസിലിൻ്റെ അഭ്യർത്ഥന.

2006 ജർമനി ലോകകപ്പിലാണ് ബിഗ് ഷൂ ആരംഭിക്കുന്നത്. ടോഗോയിൽ നിന്നുള്ള ഒരു കുട്ടിയുടെ ചികിത്സയ്ക്ക് പണം വേണമെന്ന് ദേശീയ ടീമംഗങ്ങളിൽ നിന്നറിഞ്ഞ മറ്റു ടീമിലെ താരങ്ങൾ പണം സ്വരുക്കൂട്ടി കുട്ടിയെ സഹായിച്ചു. അതായിരുന്നു ആരംഭം. പിന്നീട് നടന്ന ലോകകപ്പുകളിലും യൂറോ കപ്പുകളിലും ബിഗ് ഷൂ ചേർന്നു പ്രവത്തിച്ചു.

മുൻപ് തന്നെ മാനുഷികതയുടെ പേരിൽ ഏറെ പ്രശസ്തനായ താരമാണ് ഓസിൽ. ഇപ്പോൾ ഈ പുതിയ തീരുമാനം അദ്ദേഹത്തിന് ഒട്ടേറേ കയ്യടികൾ നൽകുന്നുണ്ട്.2014 ല്‍ ലോകകപ്പ് ജയത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്നു ലഭിച്ച രണ്ടര ലക്ഷം പൌണ്ട്, ബ്രസീലിലെ 23 കുട്ടികളുടെ ശസ്ത്രക്രിയകള്‍ക്കായി ഓസില്‍ സംഭാവന നല്‍കിയിരുന്നു.

2018 ലോകകപ്പ് തോല്‍വിയെ തുടര്‍ന്ന് ഉയര്‍ന്ന വംശീയാധിക്ഷേപ വിവാദത്തെ തുടര്‍ന്നാണ് ജര്‍മ്മന്‍ ടീമിൽ നിന്ന് അപ്രതീക്ഷിതമായി ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനൊപ്പം ചിത്രമെടുത്തതിന്‍റെ പേരില്‍ തുടങ്ങിയ വംശീയാധിക്ഷേപമാണ് വിരമിക്കലില്‍ അവസാനിച്ചത്. വിവാഹത്തിന് എര്‍ദോഗനൊപ്പം ഭാര്യ എമിനും ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook