തങ്ങളുടെ ഇഷ്ട ടീം പരാജയപ്പെടുന്നത് ഒരു ആരാധകനും സഹിക്കാന്‍ കഴിയുന്ന ഒന്നല്ല. പ്രത്യേകിച്ചും ചിരവൈരികളായ ടീമിനോട്. കഴിഞ്ഞ ദിസവം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനത്തിന്റെ ആരാധകര്‍ക്കും ഇതു തന്നെയാണ് സംഭവിച്ചത്. ആഴ്സണലിനോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പരാജയപ്പെട്ടത്. അതും സ്വന്തം മൈതാനത്ത് വച്ച്.
തോല്‍വിയുടെ ആഘാതം ഒരു ടോട്ടനം ആരാധകനെ കളത്തിലേക്ക് എത്തിച്ചു. ഗ്രൗണ്ടിലെത്തിയ ആരാധകന് ആഴ്സണലിന്റെ ഗോളി ആരോണ്‍ റാംസ്ഡെയിലിനെ ചവിട്ടുകയും ചെയ്തു. ഏഴ് സേവുകളാണ് മത്സരത്തില്‍ ആരോണ്‍ നടത്തിയത്. ഗോള്‍വലയുടെ അടുത്തുള്ള വാട്ടര്‍ ബോട്ടില്‍ എടുക്കാനായി ആരോണ്‍ എത്തിയപ്പോഴാണ് സംഭവം.
ആരാധകന് ആരോണിനെ ചവിട്ടുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
മുന്‍ ടോട്ടനം താരം റാമോണ്‍ വേഗ ആരാധകന്റെ ചെയ്തിയില്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. അയാള്‍ ഒരു ആരാധകനല്ല. “മറ്റൊരാളെ ബോധപൂർവം വേദനിപ്പിക്കാൻ ശ്രമിക്കുന്നത് നീചമായ ഒരു കൃത്യമാണ്. ഒരു കളിക്കാരനെ ആക്രമിക്കുന്നത് അതിരുകടന്നതും അജീവനാന്ത വിലക്ക് അര്‍ഹിക്കുന്നതുമായ കാര്യമാണ്. അതില്‍ തര്‍ക്കമില്ല,” റാമോണ്‍ പറഞ്ഞു.
“ഇന്നത്തെ മത്സരത്തിന്റെ അവസാനം ആഴ്സണൽ ഗോളി ആരോണിനെ ആക്രമിക്കാൻ ശ്രമിച്ച ആരാധകന്റെ പെരുമാറ്റം ഞങ്ങളെ ഞെട്ടിച്ചു. അക്രമത്തിന് ഫുട്ബോളിൽ സ്ഥാനമില്ല,” ടോട്ടനം പ്രതികരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആരാധകനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടോട്ടനം അറിയിച്ചു. ടോട്ടനത്തിന്റെ സ്റ്റേഡിയത്തില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തും.