ലണ്ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ യുവ നിരയുമായി കിരീടം ചൂടിയ ചരിത്രം പേറുന്ന ആഴ്സണല്‍ ഇന്ന് തലപ്പത്ത് നിന്ന് പടിയിറങ്ങുകയാണ്. 25 വര്‍ഷത്തിന് ശേഷം ആദ്യമായി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് യോഗ്യത നേടാനായില്ല. അവസാന മത്സരത്തില്‍ ബ്രൈറ്റണെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയെങ്കിലും എട്ടാം സ്ഥാനത്താണ് ടീം സീസണ്‍ അവസാനിപ്പിച്ചത്.
യൂറോപ്പ കോണ്‍ഫറന്‍സ് ലീഗിലേക്ക് യോഗ്യത നേടണമെങ്കില്‍ ഏഴാം സ്ഥാനത്ത് എത്തണമായിരുന്നു ആഴ്സണലിന്. ടീമിന്റെ വിജയത്തിനൊപ്പം ടോട്ടനത്തിനം-ലെസ്റ്റര്‍ സിറ്റി മത്സരഫലം അനുകൂലമാകണമായിരുന്നു യോഗ്യതയ്ക്ക്. നിക്കോളാസ് പെപെയുടെ ഇരട്ട ഗോള്‍ മികവില്‍ ആഴ്സണല്‍ വിജയം പിടിച്ചെടുത്തു.
Also Read: ഗോളടിയില്‍ പുതിയ ചരിത്രം; ‘ലെവന്‍’ വേറെ ലെവല്‍
പക്ഷെ ലെസ്റ്റര്‍ സിറ്റിയെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി ടോട്ടനം ഏഴാം സ്ഥാനത്തേക്ക് എത്തി. മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി അഞ്ചാം സ്ഥാനത്തായാണ് സീസണ്‍ അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ആഴ്സണല്‍ എട്ടാമതായി പിന്തള്ളപ്പെടുന്നത്. അവസാനം അഞ്ച് മത്സരങ്ങളിലെ വിജയം പോയിന്റ് പട്ടികയിലെ ടീമിന്റെ സ്ഥിതി മെച്ചപ്പെടുത്തി.
എങ്കിലും ടീമിന്റെ പ്രകടനം മെച്ചപ്പെട്ടതായാണ് പരിശീലകന്‍ മൈക്കല്‍ അര്‍റ്റേട്ടയുടെ വാദം. “കുറച്ച് മാസങ്ങള്‍ക്ക് മുമ്പത്തേയും ഇപ്പോഴത്തേയും അവസ്ഥ താരതമ്യം ചെയ്യുകയാണെങ്കില്‍ ടീം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. പ്രകടനത്തില്‍ മുന്നോട്ട് എത്തിയിട്ടുണ്ട്. അടുത്ത സീസണില്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്തുക എന്നതാണ് ലക്ഷ്യം. അത് വലിയ വെല്ലുവിളിയുമാണ്,” അര്‍റ്റേട്ട വ്യക്തമാക്കി.