കോപ അമേരിക്കയിൽ ഗ്രൂപ്പ് തലത്തിലെ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഫോണ്ടെനോവ അരീനയില്‍ നടന്ന മത്സരത്തില്‍ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെസിയേയും സംഘത്തേയും തോല്‍പിച്ചത്.

ഗ്രൂപ്പ് ബിയില്‍ ഇന്ന് നടന്ന ആദ്യമല്‍സരത്തിലാണ് കൊളംബിയ അര്‍ജന്റീനന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. റോജര്‍ മാര്‍ട്ടിന്‍സ് (71), സുവാന്‍ സപാത്താ (86) എന്നിവരാണ് കൊളംബിയന്‍ സ്‌കോറര്‍മാര്‍. എല്ലാ തവണത്തേയും പോലെ വന്‍ പ്രതീക്ഷകളുമായാണ് മെസിയും സംഘവും എത്തിയത്. യുവത്വം നിറഞ്ഞ പുതിയ സംഘവുമായെത്തിയ ടീം എന്നാല്‍ തകര്‍ന്നടിയുകയായിരുന്നു. പതിവുപോലെ വിഭവസമൃദ്ധമായിരുന്നു നീലപ്പട. പട നയിക്കാന്‍ മെസി, ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ അഗ്യൂറോ, ലോസെല്‍സോയും റോബര്‍ട്ടോ പെരേരയും തൊട്ടുപിന്നില്‍. ഒട്ടാമെന്‍ഡിയും അക്യൂണയും ടാഗ്ലിയാഫിക്കോയും ഒക്കെ അടങ്ങുന്ന പ്രതിരോധവും ബാറിന് കീഴില്‍ പരിചയ സമ്പന്നനായ ഫ്രാങ്കോ അര്‍മാനിയും ഉണ്ടായിരുന്നു.

Read More: Copa America 2019 Full Schedule: കോപ്പയ്ക്ക് വേണ്ടി കൊമ്പുകോർക്കാൻ വമ്പന്മാർ; മത്സരക്രമം

ആദ്യ പകുതിയില്‍ ടീം കൊളംബിയക്ക് ഭീഷണി പോലും ഉയര്‍ത്തിയില്ല. രണ്ടാംപകുതിയില്‍ ഡി മരിയയെ പിൻവലിച്ച അർജന്റീന പകരം റോഡ്രിഗോ ഡീ പോളിനെ കളത്തിലിറക്കി. എന്നാൽ കൊളംബിയൻ കുതിപ്പിനെ പൂട്ടാൻ അത് മതിയാകുമായിരുന്നില്ല. ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങിയ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങുകയും ചെയ്തു. രണ്ടാം പകുതിയുടെ 71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോള്‍ പിറന്നത്.

ജെയിംസ് റോഡ്രിഗസ് ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് റോജര്‍ മാര്‍ട്ടിനസാണ് ലക്ഷ്യത്തിലെത്തിച്ചത്. 86-ാം മിനിറ്റിൽ ഡുവാന്‍ സപാട്ടയുടെ ക്ലോസ് റേഞ്ച് ഷോട്ട് അർജന്റീനയുടെ തോൽവി ഉറപ്പിച്ചു. മെസിയടങ്ങുന്ന ടീം കൊളംബിയക്കെതിരെ താളം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. കൊളംബിയന്‍ ഗോളി ഓസ്പിനിയുടെ സേവാണ് അവര്‍ക്ക് പലപ്പോഴും രക്ഷകനായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook