ഏറെക്കാലം സ്‌പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ നെടുംതൂണായിരുന്ന അന്റോണിയൻ ഗ്രീസ്മാൻ ക്ലബ് വിടുന്നു. അടുത്ത സീസണിൽ തരം ക്ലബ്ബിനൊപ്പം ഉണ്ടാകില്ല എന്ന് ഉറപ്പായി. സ്‌പാനിഷ് ലീഗിലെ തന്നെ ബാഴ്സോലണയിലേക്ക് താരം ചേക്കേറുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക വാർത്ത കുറിപ്പിലൂടെയാണ് ക്ലബ്ബ് വിടുന്ന കാര്യം ഗ്രീസ്മാൻ അറിയിച്ചത്. ഇതിന് പുറമെ ഒരു വീഡിയോ സന്ദേശവും ആരാധകർക്കായി ഗ്രീസ്മാൻ പുറത്തിറക്കിയിരുന്നു.

“ഈ തീരുമാനത്തിലെത്തുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ തന്ന പിന്തുണയ്ക്ക് നന്ദി. എന്രെ കരിയറിലെ പ്രധാനപ്പെട്ട ട്രോഫികളെല്ലാം ഞാൻ ഉയർത്തിയത് ഇവിടെയാണ്. ഏറെ സന്തോഷം തരുന്ന കാലഘട്ടമായിരുന്നു ഇത്, ഒരിക്കലും മറക്കില്ല. ഇനി വ്യത്യസ്തമായ കാര്യങ്ങൾ കാണണം, പുതിയ വെല്ലുവിളികൾ നേരിടണം. ” അന്റോണിയൻ ഗ്രീസ്മാൻ പറഞ്ഞു.

പ്രധാനപ്പെട്ട കിരീടങ്ങൾ അത്‌ലറ്റിക്കോ മാഡ്രിഡിന് സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഗ്രീസ്മാൻ 2014ലാണ് ക്ലബ്ബിൽ എത്തുന്നത്. അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി 250 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ഗ്രീസ്മൻ 133 ഗോളുകൾ നേടിയതിനൊപ്പം, 43 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. യൂറോപ്പ ലീഗ് കപ്പും, സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നീ കിരീടങ്ങളെല്ലാം ക്ലബ്ബ് സ്വന്തമാക്കിയത് ഈ കാലഘട്ടത്തിലാണ്.

ഗ്രീസ്മന്റെ റിലീസ് ക്ലോസായ 125 മില്ല്യൺ തുക നൽകാൻ ബാഴ്സലോണ തയ്യാറായതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കഴിഞ്ഞ ജൂണിൽ ഉൾപ്പടെ നേരത്തെയും പലതവണ താരം ബാഴ്സലോണയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തവണ അത് യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷയിലാണ് ആരാധകർ. അങ്ങനെ സംഭവിച്ചാൽ അതേ സമയം ഗ്രീസ്മൻ എത്തുന്നതോടെ ബാഴ്സലോണയുടെ മുന്നേറ്റം ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റതാവും. മെസിയും, ഗ്രീസ്മനും, സുവാരസും ചേർന്നുള്ള മുന്നേറ്റ നിരയെ തടഞ്ഞുനിർത്തുക മറ്റുള്ള ടീമുകൾക്ക്‌ അത്ര എളുപ്പമാകില്ല എന്ന് ഉറപ്പാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook