അഡ്രിയാന്‍ ലൂണ, കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വെറുമൊരു താരമല്ലയാള്. ടീമിന്റെ എൻജിന് എന്ന് തന്നെ വിശേഷിപ്പിക്കാം ലൂണയെ. കളിയുടെ 90 മിനിറ്റുകളും ഊര്‍ജം ഒട്ടും ചോരാതെ പന്തിനായി പോരാടുന്ന താരമാണ് അദ്ദേഹം. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പില്‍ മറ്റാരേക്കാളും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് ഡിയേഗൊ ഫോര്ലാന്റെയും ലൂയി സൂവാരസിന്റെയും ഉറുഗ്വായില്‍ നിന്നെത്തിയ ലൂണ. മെസിയുടെ ആരാധകനായ ലൂണ, മെസിയെ പോലെ തന്നെ കളത്തില്‍ മഴവില്ലെഴുതുന്ന പ്രതിഭകൂടിയാണ്.
ത്രൂബോള്‍ മാസ്ട്രോ
കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി നിരവധി വിദേശ താരങ്ങളെ ടീമിന്റെ കുടക്കീഴിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് സാധിച്ചിരുന്നു. പക്ഷെ ആരും തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ട് പോക്കിനുള്ള ഊര്‍ജമായില്ല. അങ്ങനെയൊന്ന് തന്നെയായിരിക്കും ലൂണയുമെന്നാണ് ആരാധകരടക്കമുള്ളവര്‍ കരുതിയിരുന്നത്. എന്നാല്‍ സീസണില്‍ ബ്ലാസ്റ്റേഴ്സ് ആദ്യ ജയം കുറിച്ച ഒഡീഷയ്ക്കെതിരായ മത്സരം മുന്‍വിധികള്‍ തിരുത്തി.
അഡ്രിയാന്‍ ലൂണ എന്ന അറ്റാക്കിങ് മിഡ് ഫീല്‍ഡറുടെ ആറാട്ടായിരുന്നു മത്സരത്തില്‍ കണ്ടത്. ഒഡീഷയെ 2-1 നായിരുന്ന ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ആല്‍വാരൊ വാസ്ക്വസും, പ്രശാന്തുമായിരുന്നു സ്കോറര്‍മാര്‍. ഇരുവരുടേയും ഗോളിന് വഴിയൊരുക്കിയത് ലൂണയുടെ കൃത്യതയാര്‍ന്ന പാസുകളായിരുന്നു. ലൂണയുടെ ബൂട്ടില്‍ പന്തെത്തിയാല്‍ മുന്നിരയ്ക്കുറപ്പാണ് ഗോളിന് വഴിയൊരുങ്ങുമെന്ന്.
സ്വന്തം പകുതിയില്‍ നിന്ന് സ്വീകരിച്ച പന്തായിരുന്നു ലൂണ വാസ്ക്വസിന് വണ്‍ ടച്ചിലൂടെ നല്‍കിയത്. ഒഡീഷയുടെ താരങ്ങള്‍ക്കിടയിലൂടെ പന്ത് അനായാസം വാസ്ക്വസിലേക്ക് എത്തി അത് ഗോളില്‍ കലാശിച്ചു. രണ്ടാം ഗോളില്‍ ലൂണയുടെ മാന്ത്രകതയുമുണ്ടായിരുന്നു. ഒഡീഷയുടെ പ്രതിരോധ നിരയ്ക്കിടിയിലൂടെ പന്തുമായി മുന്നേറി ബോക്സിന് പുറത്ത് നിന്ന് പ്രശാന്തിന് ത്രൂ പാസ് നല്‍കുകയായിരുന്നു.
വുകോമനോവിച്ചിന്റെ വിശ്വസ്തനായ ‘കുമ്പിടി’
പരിശീലകന് ഇവാന് വുകോമനോവിച്ചിന്റെ പ്രധാന അസ്ത്രമാണ് ലൂണ. അതിന് തക്കതായ കാരണവുമുണ്ട്. അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ എന്ന പേര് മാത്രമെ ലൂണയ്ക്കുള്ളു. ചിലപ്പോള്‍ അയാള്‍ വാസ്ക്വസിനൊപ്പം മുന്നേറ്റ നിരയിലുണ്ടാകും. അല്ലെങ്കില്‍ സഹലിനൊപ്പം മധ്യനിരയില്‍. എതിര് ടീമിന്റെ കുതിപ്പിന് തടയിടാന്‍ പ്രതിരോധ നിരയ്ക്കൊപ്പവും ലൂണയുണ്ടാകാറുണ്ട്.
സര്‍വ മേഖലയിലുമെത്തി ടീമിന്റെ വിജയത്തിനായി ഏതറ്റം വരെയും പോകുന്ന ലൂണയെ പോലൊരു താരം ഏതൊരു ടീമും കൊതിക്കുന്ന ഒന്നാണെന്നതില്‍ സംശയമില്ല. കേവലം കളത്തില്‍ മാത്രമല്ല കളിക്കാരിലും ലൂണ ചെലുത്തുന്ന സ്വാധീനം ചെറുതല്ലെന്നാണ് പല അഭിമുഖങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. സഹതാരങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താനും ലൂണയുടെ ഇടപെടലുകള്‍ക്കായിട്ടുണ്ട്.
അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ എന്ന നിലയില്‍ ഐഎസ്എല്ലില്‍ ലൂണ നടത്തിയ പല പ്രകടനങ്ങളും ലോകോത്തരം തന്നെയായിരുന്നു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയേയും ലയണല്‍ മെസിയേയും ഓര്‍മപ്പെടുത്തുന്ന ഫ്രീക്കിക്കുകള്‍. ഗോളിക്ക് അവസരം നല്‍കാതെ പോസ്റ്റിലേക്ക് കുതിക്കുന്ന ഷോട്ടുകള്‍ പല തവണ ലൂണ തൊടുത്തിട്ടുണ്ട്.
ലൂണയും കണക്കുകളും
സീസണിലെ ലൂണയുടെ മികവ് കളത്തില്‍ മാത്രമല്ല, കണക്കുകളിലും പ്രകടമാണ്. 22 മത്സരങ്ങളില്‍ നിന്ന് 1,851 മിനിറ്റുകളാണ് ലൂണ കളിച്ചത്. ഗോളടിച്ചും അടിപ്പിച്ചും ലൂണ വാഴൂന്ന കാലത്തിലൂടെയാണ് ഓരോ ഫുട്ബോള്‍ പ്രേമിയും കടന്നു പോകുന്നത്. സീസണില്‍ ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് ലൂണ നല്‍കിയത്.
27 ഷോട്ടുകള്‍ എതിര് ഗോള്‍ മുഖത്തേക്ക് തൊടുത്തു. 882 പാസുകള്‍. കൃത്യത 70 ശതമാനമാണ്. ഒരു കളിയില്‍ ശരാശരി 40 പാസുകളെങ്കിലും ലൂണ നല്‍കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് മധ്യനിരക്കാരന് ലൂണയുടെ മികവ്. 96 ടാക്കിളുകളും 32 ഇന്റര്‍സെപ്ഷനുകളുമായി മറ്റൊരു ഡിഫന്‍ഡര്‍ ലൂണയുമുണ്ട്.
ലൂണയുടെ ചരിത്രം
മെല്‍ബണ്‍ സിറ്റിയില്‍ നിന്ന് രണ്ട് വര്‍ഷത്തെ കരാറിലാണ് ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തിയത്. മെല്‍ബണ്‍ സിറ്റിക്കായി 24 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും നാല് അസിസ്റ്റുമാണ് ലൂണ നല്‍കിയത്. 2010 ല്‍ ഡിഫന്സറിലൂടെയാണ് ലൂണയുടെ അരങ്ങേറ്റം. പിന്നീട് സ്പാനിഷ് ലാ ലിഗാ ക്ലബ്ബായ ആര്‍സിഡി എസ്പാനിയോളില്‍ എത്തി. കേവലം ക്ലബ്ബ ഫുട്ബോളില്‍ മാത്രമായിരുന്നില്ല ലൂണയുടെ മികവ് കണ്ടത്. ഉറുഗ്വായിക്കായി അണ്ടര്‍ 17, 20 ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങി ഒന്‍പത് ഗോളുകള്‍ നേടി. 2009 ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഉറുഗ്വായി ടീമിലും ലൂണയുണ്ടായി. പിന്നീട് അണ്ടര്‍ 20 ലോകകപ്പിലും താരം കളിച്ചു. ഇരു ടൂര്‍ണമെന്റുകളിലും ഓരോ ഗോള്‍ വീതം നേടി.
Also Read: ‘ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിന് കാരണം വിരാട് ഭായിയാണ്’