കൊച്ചി: ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ ഗോള്‍ മരണപ്പെട്ട മകള്‍ ജൂലിയറ്റിന് സമര്‍പ്പിച്ച് അഡ്രിയാന്‍ ലൂണ. 71-ാം മിനിറ്റിലായിരുന്നു മികച്ച ഫിനിഷിങ്ങിലൂടെ ലൂണ ഗോള്‍ നേടിയത്. ആഘോഷത്തിന് പകരം മൈതാനത്ത് വിതുമ്പുന്ന ലൂണയെയായിരുന്നു പിന്നീട് കണ്ടത്.
മകളുടെ വിയോഗ വാര്‍ത്ത ഹൃദയഭേദകമായ കുറിപ്പിലൂടെയായിരുന്നു അഡ്രിയാന്‍ ലൂണ ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനായിരുന്നു ലൂണയുടെ മകള്‍ ജൂലിയറ്റ അന്തരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.
“ഏറെ വിഷമത്തോടെയാണ് എന്റെ മകള്‍ ജൂലിയറ്റയുടെ മരണ വിവരം നിങ്ങളെ അറിയിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ ആറിനായിരുന്നു അവളുടെ വിയോഗം. അവളുടെ വേര്‍പാട് എനിക്കും എന്റെ കുടുംബത്തിനുമുണ്ടാക്കിയിരിക്കുന്ന വേദന ഒരിക്കലും മായ്ക്കാനാവത്തതാണ്,” താരം കുറിച്ചു.
“ജീവിതത്തില്‍ ഏറെ സ്നേഹവും വാത്സല്യവും കാത്തുസൂക്ഷിച്ച അവള് മികച്ച ഒരു ഉദാഹരണമായിരുന്നു. കഷ്ടതകള്‍ക്കിടയിലും അവള് ചിരിച്ചു. അവളുടെ ഐ ലവ് യു ജീവിതത്തില്‍ കൂടുതല്‍ ഉര്ജം പകരുന്നതായിരുന്നു,” ലൂണ കൂട്ടിച്ചേര്‍ത്തു.
“എത്രയൊക്കെ കഷ്ടതകളിലൂടെ കടന്നു പോയാലും തോറ്റു പിന്മാറരുതെന്ന വലിയ പാഠം നി എന്നെ പഠിപ്പിച്ചു. എങ്ങനെ സ്നേഹിക്കണമെന്ന് നി എന്നെ പഠിപ്പിച്ചു. ഭീതിയുള്ള കാര്യങ്ങളെ എങ്ങനെ നേരിടണമെന്ന് നി എനിക്ക് കാണിച്ചു തന്നു,” ലൂണ എഴുതി.
“സിസ്റ്റിക് ഫൈബ്രോസിസിനെതിരെ അവസാന ശ്വാസം വരെ നി പൊരുതി. ഇ കാര്യം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല,” ലൂണ കുറിപ്പ് അവസാനിപ്പിച്ചു. ശ്വാസകോശത്തേയും മറ്റ് അവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന രോഗമാണിത്. ലൂണയുടെ മകളുടെ വിയോഗത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് അനുശോചനം രേഖപ്പെടുത്തി.