ലോകകപ്പ് വിജയാഘോഷത്തിനിടെ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസ് കിലിയന്‍ എംബാപെയെ കളിയാക്കിയതിനെതിരെ വിമര്‍ശനം വര്‍ധിക്കുന്നു. 2018-ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലെ അംഗമായ ആദില്‍ റാമിയാണ് മാര്‍ട്ടിനസിനെതിരെ ഏറ്റവുമൊടുവില്‍ പരിഹാസവുമായി എത്തിയിരിക്കുന്നത്.
വിജയാഘോഷത്തിനിടെ മാര്‍ട്ടിനസ് പാവയുടെ തലയ്ക്ക് പകരം എംബാപെയുടെ മുഖം ചേര്‍ത്തതാണ് ആദില്‍ റാമിയെ ചൊടിപ്പിച്ചത്. ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരമായ ഗോള്‍ഡന്‍ ഗ്ലൗ നേടിയതിന് ശേഷം മാര്‍ട്ടിനസിന്റെ പ്രതികരണവും ചര്‍ച്ചയായിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച സ്റ്റോറികളില്‍ ലോകത്തില്‍ ഏറ്റവും വെറുക്കപ്പെട്ടയാളെന്നാണ് മാര്‍ട്ടിനസിനെ റാമി വിശേഷിപ്പിച്ചത്. ലോക ഫുട്ബോളില്‍ മോശം വ്യക്തിയെന്നും മാര്‍ട്ടിനസിനെക്കുറിച്ച് റാമി പറയുന്നു. ഗോള്‍ഡന്‍ ഗ്ലൗവിന് അര്‍ഹനായിരുന്നത് മൊറോക്കോയുടെ ഗോള്‍കീപ്പര്‍ ബോനൊ ആയിരുന്നെന്നും റാമി അഭിപ്രായപ്പെട്ടു.
“ഫൈനലില്‍ അര്‍ജന്റീന പുറത്തെടുത്ത കളിയേയും റാമി വിമര്‍ശിച്ചു. മെസി സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്ക് ഇഷ്ടമാണ്. എന്നാല്‍ അര്‍ജന്റീന എന്ന ടീമിനോട് എനിക്ക് താത്പര്യമില്ല. ലോകകപ്പില്‍ അവര്‍ വളരെ മോശമായ രീതിയാണ് പുറത്തെടുത്തത്,” റാമി കൂട്ടിച്ചേര്‍ത്തു.