മഞ്ചേരി: കാല്‍പ്പന്തുകളിക്ക് അതിര്‍ത്തികളില്ല, എവിടെ പന്തുരുളുന്നുവൊ അവിടെയുണ്ടാകും ആരാധകര്‍. മലപ്പുറം, മഞ്ചേരിയില്‍ നടക്കുന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് കാണാന്‍ കടല്‍ കടന്ന് അര്‍ജന്റീനയില്‍ നിന്ന് ഒരു ഫുട്ബോള്‍ പ്രേമി എത്തിയിട്ടുണ്ട്. ഇതിഹാസ താരം മറഡോണ പന്തു തട്ടിക്കളിച്ചു വളര്‍ന്ന ബ്യൂണസ് അയേഴ്സില്‍ നിന്നാണ് ഫെര്‍ണാന്തൊ.
സന്തോഷ് ട്രോഫിയെക്കുറിച്ച് അറിഞ്ഞതെങ്ങനെയെന്ന് മീഡയ വണ്‍ ചാനലിനോട് ഫെര്‍ണാന്തൊ വിശദീകരിക്കുകയും ചെയ്തു. “ഞാന്‍ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം മൂന്നാറിലെത്തി. പത്രത്തിലൂടെയാണ് സന്തോഷ് ട്രോഫി നടക്കുന്ന കാര്യം അറിഞ്ഞത്. ഇന്ത്യയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ കളി കാണണമെന്ന് തോന്നി, പോന്നു,” ഫെര്‍ണാന്തൊ പറഞ്ഞു.
കേരളത്തിലെ ഫുട്ബോള്‍ ആരാധകരെപ്പറ്റി പുകഴ്ത്താനും ഫെര്‍ണാന്തൊ മടിച്ചില്ല. കേരളത്തിലെ ഫുട്ബോള്‍ ആരാധാന ഭയങ്കരമാണ്. “സന്തോഷ് ട്രോഫി കേരളം നേടണമെന്നാണ് ആഗ്രഹം. കാരണം കേരളത്തില്‍ അര്‍ജന്റീനയ്ക്ക് ഒരുപാട് ആരാധകരുണ്ട്. അര്‍ജന്റീന കോപ്പ അമേരിക്ക വിജയിച്ചപ്പോള്‍ കേരളത്തിലെ തെരുവുകളിലെ ആഘോഷം ഞാന്‍ യുട്യൂബിലൂടെ കണ്ടിരുന്നു,” ഫെര്‍ണാന്തൊ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കുമെന്നും ഫെര്‍ണാന്തൊ പറഞ്ഞു. “ഖത്തര്‍ ലോകകപ്പില്‍ എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്. ബുദ്ധിമുട്ടേറിയ ടൂര്‍ണമെന്റായിരിക്കും. എനിക്ക് ടീമില്‍ വിശ്വാസമുണ്ട്. മെസിക്കൊപ്പം അര്‍ജന്റീന ലോകകപ്പ് നേടും,” ഫെര്‍ണാന്തൊ പ്രതീക്ഷ പങ്കുവച്ചു.
Also Read: ‘അവര്‍ ഒന്ന് പറഞ്ഞാല്‍ വിട്ടുകളയണ്ട, മറുപടിയായി മൂന്നെണ്ണം കൊടുത്തേക്ക്’