2026 ഫുട്ബോള്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിന് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് ഫിഫ. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പുകളായിരിക്കും. മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളായി തിരിക്കാമെന്നായിരുന്നു നേരത്തെ എടുത്ത തീരുമാനം. 2022-ല്‍ 64 മത്സരങ്ങളായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലുണ്ടായിരുന്നത്. എന്നാല്‍ 2026-ലെത്തുമ്പോള്‍ ഇത് 104 ആയി ഉയരും.
പുതിയ ഫോര്‍മാറ്റ്
ലോകകപ്പ് നേടണമെങ്കില്‍ ഒരു ടീം ഇനിമുതല്‍ എട്ട് മത്സരങ്ങള്‍ കളിക്കണം. 1974 മുതല്‍ ഏഴ് മത്സരങ്ങളായിരുന്നു കളിക്കേണ്ടിയിരുന്നത്.
ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകളും മൂന്നാം സ്ഥാനത്തെത്തുന്ന മികച്ച എട്ട് ടീമുകളുമായിരുന്നു പ്രീ ക്വാര്‍ട്ടറില്‍ കടക്കുക.
കൂടുതല്‍ മത്സരങ്ങള്‍
2026 ലോകകപ്പില്‍ 104 മത്സരങ്ങളുണ്ടാകും. അമേരിക്കയില്‍ നടന്ന 1994 ലോകകപ്പിന്റെ ഇരട്ടി മത്സരങ്ങള്‍. 1998 മുതല്‍ 2022 വരെ 64 മത്സരങ്ങള്‍ മാത്രമായിരുന്നു ലോകകപ്പില്‍ അരങ്ങേറിയത്. ഇതുകൊണ്ട് തന്നെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് കൂടുതല്‍ കോണ്ടന്റ് ലഭിക്കുകയും ഫിഫയുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും.
എന്തുകൊണ്ടാണ് മാറ്റം
അമേരിക്ക, മെക്സിക്കൊ, കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പന്റെ യഥാര്‍ത്ഥ ഫോര്‍മാറ്റിന് 2017-ലാണ് ഫിഫ കൗണ്‍സില്‍ അംഗീകരിച്ചത്. ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 32-ല്‍ നിന്ന് 48 ആക്കിയ പശ്ചാത്തലത്തിലായിരുന്നു ഇത്. മൂന്ന് ടീമുകള്‍ ഉള്‍പ്പെടുന്ന 16 ഗ്രൂപ്പകളാകുമ്പോള്‍ ഒത്തുകളി ഉണ്ടാകുന്നുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
കാരണം ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിവസം രണ്ട് ടീമുകള്‍ക്ക് മാത്രമായിരിക്കും കളി. ഒരു ടീമിന് മത്സരമുണ്ടാകില്ല. അപ്പോള്‍ മൂന്നാമത്തെ ടീമിനെ പുറത്താക്കാനുള്ള ഒത്തുകളി നടന്നേക്കും. ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിനം രണ്ട് മത്സരങ്ങള്‍ ഒരുപോലെ നടക്കണമെന്ന തീരുമാനം 1982-ലെ വെസ്റ്റ് ജര്‍മനി – ഓസ്ട്രിയ മത്സരത്തിന് ശേഷമായിരുന്നു.
വെസ്റ്റ് ജര്‍മനി, ഓസ്ട്രീയ, അള്‍ജീരിയ എന്നീ ടീമുകളായിരുന്നു ഒരു ഗ്രൂപ്പില്‍. അവസാന മത്സരങ്ങള്‍ വെസ്റ്റ് ജര്‍മനിയും ഓസ്ട്രിയയും തമ്മിലായിരുന്നു. ഒന്നൊ രണ്ടൊ ഗോളിന് വെസ്റ്റ് ജര്‍മനി വിജയിച്ചാല്‍ ഇരുടീമുകള്‍ക്കും നോക്കൗട്ടിലേക്ക് മുന്നേറാമായിരുന്നു. 10-ാം മിനുറ്റില്‍ ഹോസ്റ്റ് ഹ്രുബെഷ് വെസ്റ്റ് ജര്‍മനിക്കായി ഗോള്‍ നേടി. എന്നാല്‍ പിന്നീട് ഇരുടീമുകളും ഗോള്‍ ശ്രമങ്ങള്‍ നടത്തിയില്ല. വെസ്റ്റ് ജര്‍മനിക്കൊപ്പം ഓസ്ട്രിയ നോക്കൗട്ടിലുമെത്തി.
ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം
2026 ലോകകപ്പ് ഫൈനല്‍ ജൂലൈ 19-ന് നടക്കുമെന്നാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ വ്യക്തത ഇല്ല. 38 മുതല്‍ 42 ദിവസം വരെ നീണ്ടു നില്‍ക്കുമെന്നാണ് കരുതുന്നത്. ഖത്തര്‍ ലോകകപ്പ് 29 ദിവസം മാത്രമായിരുന്നു, 2018 റഷ്യ ലോകകപ്പ് 32 ദിവസവും. 1994 ലോകകപ്പ് ജൂണ്‍ 17 മുതല്‍ ജൂലൈ 17 വരെയായിരുന്നു.