മികച്ച ഒരു നിര താരവും തന്ത്രശാലിയായ മാനേജറും ഉണ്ടായിട്ടും വിജയങ്ങള്‍ കണ്ടെത്താനാകാതെ പതറുകയാണ് റയല്‍ മാഡ്രിഡ്. ലാ ലിഗ പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന റയലിന്‍റെ ഇപ്പോഴത്തെ പ്രതീക്ഷ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാം എന്ന് തന്നെയാണ്. അതിനായി ഒരുങ്ങിയിരിക്കുകയാണ് റയല്‍ എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകളും.

ബെല്‍ജിയം മുന്നേറ്റതാരം ഏഡന്‍ ഹസാര്‍ഡിന് വേണ്ടിയാണ് സ്പാനിഷ് ഭീമന്മാര്‍ വലവീശുന്നത്. സ്റ്റാര്‍ വിങ്ങര്‍ ഗാരത് ബെയ്‌ലിനേയും ഒപ്പം നൂറു മില്യണ്‍ ഡോളറും നല്‍കികൊണ്ട് ചെല്‍സിയുമായി കരാറിലെത്താനാണ് റയലിന്‍റെ ശ്രമം എന്ന് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റയലിന്‍റെ എക്കാലത്തെയും വിലപിടിപ്പുള്ള സൈനിങ്ങുകളില്‍ ഒന്നാണ് വെയില്‍സ് വിങ്ങര്‍ ഗാരത് ബെയിലിന്‍റെത്. കഴിഞ്ഞ രണ്ടു സീസണുകളിലായി ഫോം മങ്ങിയിരിക്കുന്ന ഈ ഇരുപത്തിയെട്ടുകാരന് പകരം മികച്ച ഫോമിലുള്ള ഹസാര്‍ഡിനെ എത്തിച്ചാല്‍ റയലിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും എന്ന് തന്നെയാകും കോച്ച്‌ സിദിനാന്‍ സിദാനും കണക്കുകൂട്ടുന്നത്.

ഈ സീസണില്‍ ഇതിനോടകം തന്നെ പതിനഞ്ച് ഗോളുകള്‍ നേടിയിത്തുള്ള ഹസാര്‍ഡ്‌ മുന്നേറ്റത്തിലും അറ്റാക്കിങ് മിഡ്ഫീല്‍ഡിലും വിങ്ങിലും കളിക്കാന്‍ കഴിവുള്ള താരമാണ് എന്നതും സിദാന് ഹസാര്‍ഡിലുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

ഒരു ക്ലബ് മാറ്റം ഉണ്ടാകും എന്ന സൂചന തള്ളിക്കളയാതെയായിരുന്നു ഈയടുത്തായി ഹസാര്‍ഡ് നടത്തിയ പ്രതികരണങ്ങളും “ഫുട്ബാളില്‍ എന്തും സംഭവിക്കും” ടെലിഫൂട്ടിനോട്‌ ഹസാര്‍ഡ്‌ പറഞ്ഞു.

ഹസാര്‍ഡിനെ മാറ്റി പകരം വേഗതയുള്ള കാലുകളുള്ള ബെയ്‌ലിനെ കൊണ്ടുവരാന്‍ ചെല്‍സി കോച്ച് ആന്റോണിയോ കൊണ്ടെ തയ്യാറാകുമോ എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ