ബോളിവുഡിന്‍റെ പ്രിയ നടി ആദ്യം പ്രണയിച്ചത് ഫുട്ബോളിനെ ആയിരുന്നുവത്രേ. കേരള കോബ്രാസ് എന്ന ഫുട്ബോള്‍ ടീമിന്‍റെ സഹ ഉടമസ്ഥയും കൂടിയായ സണ്ണി കഴിഞ്ഞ ദിവസം പറഞ്ഞതാണിത്.

‘ഞാന്‍ വളര്‍ന്നതു കാനഡയിലും പിന്നീട് അമേരിക്കയിലുമാണ്. ഫുട്ബോള്‍ അവിടെ എല്ലായിടത്തും കളിക്കുന്ന ഗെയിം ആണ്. അത് കൊണ്ട് തന്നെ എന്‍റെ ആദ്യ പ്രണയം ഫുട്ബോളിനോടാണ്. സ്പോര്‍ട്സിനോട് വളരെ താല്പര്യമുള്ള ഒരു കുട്ടിയായിരുന്നു ഞാന്‍.’

ശരീരം സംരക്ഷിക്കാന്‍ ഏറ്റവും നല്ലതു ഫുട്ബോള്‍ കളിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More: കേരളത്തെ വിടാതെ സണ്ണി ലിയോണ്‍; അടുത്ത വരവ് ഫുട്‌ബോള്‍ ടീമുമായി

അടുത്തിടെ നടത്തിയ കൊച്ചി സന്ദര്‍ശനത്തിന് ശേഷമാണ് സണ്ണി ഫുട്ബോള്‍ ടീം വാങ്ങാനും അതിന്‍റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആകാനുമുള്ള തീരുമാനം എടുക്കുന്നത്.

‘ഫുട്ബാള്‍ കേരളത്തിലെ പോപ്പുലര്‍ ആയ കളിയാണെന്നുള്ളതില്‍ സംശയമില്ല. അത് പോലെ തന്നെ പോപ്പുലര്‍ ആയിക്കൊണ്ടിരിക്കുന്ന പ്രീമിയര്‍ ഫുട്സലിന്‍റെ ഭാഗമാകുന്നതില്‍ സന്തോഷിക്കുന്നു. കേരള കൊബ്രാസിന് വേണ്ടി സാല്‍ഗദോയുമായി സഹകരിക്കുന്നതില്‍ സന്തോഷം.’ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആകാന്‍ തീരുമാനിച്ചതിനെക്കുറിച്ച് സണ്ണി തന്‍റെ ട്വിറ്റെറില്‍ കുറിച്ചതിങ്ങനെ.

‘ഭൂമി’, ‘തേരാ ഇന്‍തസാര്‍’ എന്നിവയാണ് സണ്ണി ലിയോണിന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

ഭര്‍ത്താവ് ഡാനിയേല്‍ വെബറിനോടോപ്പം അടുത്തിടെ ദത്തെടുത്ത മകള്‍ നിഷയെ പരിചരിക്കുന്ന തിരക്കിലാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍.

മുംബൈയില്‍ ഈ മാസം 15ന് പ്രീമിയര്‍ ഫുട്‌സാലിന്റെ രണ്ടാം സീസണ്‍ ആരംഭിക്കാനിരിക്കെയാണ് തങ്ങളുടെ കൊച്ചി ആസ്ഥാനമായ ഫ്രാഞ്ചൈസി കേരള കോബ്രയുടെ ബ്രാന്‍ഡ് അംബാസിഡറും സഹ ഉടമയുമായി, പ്രീമിയര്‍ ഫുട്‌സാല്‍ സണ്ണി ലിയോണിന്റെ പേര് പ്രഖ്യാപിച്ചത്. മുംബൈയില്‍ ഈ മാസം 15ന് പ്രീമിയര്‍ ഫുട്‌സാലിന്റെ രണ്ടാം സീസണ്‍ ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. മുംബൈയിലെ നാഷ്ണല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യയില്‍ 17ാം തിയതി വരെയായിരിക്കും മാച്ചുകള്‍ നടക്കുക.

അടുത്ത ഘട്ട മാച്ചുകള്‍ ബെഗളൂരുവിലെ കോറമംഗള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഈ മാസം 19 മുതല്‍ 24 വരെ അരങ്ങേറും. സെമി ഫൈനലും ഫൈനലും ഈ മാസം 26 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ ദുബായില്‍ നടക്കുമെന്ന് പത്രക്കുറിപ്പില്‍ പ്രീമിയര്‍ ഫുട്‌സാല്‍ അറിയിച്ചു.

ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ലൂയിസ് ഫിഗോ, റിയാന്‍ ഗിഗ്‌സ്, പോള്‍ സ്‌കോട്‌സ്, ഹെര്‍നാന്‍ ക്രെസ്‌പോ, മൈക്കല്‍ സാല്‍ഗോഡോ, ഫാല്‍കാവോ, റൊണാള്‍ഡിനോ എന്നിവരും ഈ സീസണില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രീമിയര്‍ ഫുട്‌സാല്‍ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌സാല്‍ പ്രമോഷന്‍സ് കമ്പനിയാണ്. മുന്‍കാല ഫുട്‌ബോള്‍ സൂപ്പര്‍സ്റ്റാറുകള്‍, ലോകത്തിലെ മികച്ച നിലവാരത്തിലുള്ള ഫുട്‌സാല്‍ കളിക്കാര്‍, കഴിവുള്ള പ്രാദേശിക താരങ്ങള്‍ എന്നീ മൂന്നു തലത്തിലുള്ള ആളുകളാണ് ഇതില്‍ ഉള്ളത്. 2016ലായിരുന്നു ഇതിന്റെ ആദ്യ ഘട്ടം നടന്നത്. 10 ലക്ഷം കാഴ്ചക്കാരാണ് അന്നുണ്ടായിരുന്നത്. ബെംഗളൂരു, ചെന്നൈ, ഗോവ, കൊച്ചി, കൊല്‍ക്കത്ത, മുംബൈ എന്നീ ആറു ടീമുകളാണ് നിലവില്‍ ഫുട്‌സാലില്‍ ഉള്ളത്. കുട്ടി ഫുട്ബോൾ എന്നാണ് ഫുട്സാൽ പൊതുവിൽ അറിയപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook