ജര്‍മ്മന്‍ ഇതിഹാസം ലോതര്‍ മതേയുസിന് നന്ദി, 1986 ലോകകപ്പ് ഫൈനലില്‍ ഡീഗോ മറഡോണ അണിഞ്ഞ ജേഴ്സി അര്‍ജന്റീനയുടെ കൈകളില്‍ തിരികെയെത്തിയിരിക്കുകയാണ്. മെക്സിക്കോയില്‍ അര്‍ജന്റീന വിജയിച്ച ഫൈനല്‍ പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ മറഡോണയുമായി മതേയുസ് ജേഴ്സി മാറ്റിയെടുത്തിയിരുന്നു. മാഡ്രിഡിലെ അര്‍ജന്റീന എംബസിയില്‍ നടന്ന ചടങ്ങില്‍ ചരിത്ര പ്രാധാന്യമുള്ള ജേഴ്സി അദ്ദേഹം തിരികെ നല്കി.
സ്പാനിഷ് തലസ്ഥാനത്തെ ഒരു പുതിയ സോക്കര്‍ മ്യൂസിയത്തില്‍ ഈ ഷര്‍ട്ട് പ്രദര്‍ശിപ്പിക്കും. ‘അദ്ദേഹത്തിനെതിരെ കളിക്കുന്നത് എല്ലായ്പ്പോഴും വലിയ ബഹുമതിയായിരുന്നു,’ അന്തരിച്ച മറഡോണയെക്കുറിച്ച് ഒരു വിവര്‍ത്തകനിലൂടെ മതേയുസ് പറഞ്ഞു. ”ഒരു കളിക്കാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹം എപ്പോഴും എനിക്ക് വളരെ പ്രധാനപ്പെട്ട ഒരാളായിരുന്നു. അവന് എന്നും നമ്മുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കും.” 1990-ല്‍ ഇറ്റലിയില്‍ ജര്‍മ്മനി നേടിയ ലോകകപ്പ് ഫൈനലിന് ശേഷവും മറഡോണയുമായി ജേഴ്സി കൈമാറിയതായും മതേയുസ് പറഞ്ഞു. നിലവില്‍ ജര്‍മ്മനിയിലെ ഒരു മ്യൂസിയത്തില്‍ ഷര്‍ട്ട് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയെ 1990 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച താരമാണ് ലോതര്‍ മതേയൂസ്, 1990ല്‍ ബാലണ്‍ ദ്യോര്‍ ജേതാവ് കൂടിയാണ് ലോതര്‍ മതേയുസ്.
1986 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ ധരിച്ച ജേഴ്സിയും വില്പനയ്ക്ക് വെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാദമായ ‘ദൈവത്തിന്റെ കൈ’ ഗോള്‍ നേടിയപ്പോള്‍ ഈ ജഴ്സിയാണ് മറഡോണ ധരിച്ചത്. ഇംഗ്ലണ്ടിന് എതിരായ ലോകകപ്പ് മത്സരത്തിന് ശേഷം മറഡോണ ഇംഗ്ലണ്ട് മധ്യനിര താരം സ്റ്റീവ് ഹോഡ്ജുമായി ജേഴ്സി കൈമാറിയിരുന്നു. ഹോഡ്ജിന്റെ കൈയ്യിലായിരുന്നു മറഡോണയുടെ ജേഴ്സി. പിന്നീട് സോത്ത്ബൈസ് എന്ന കമ്പനിയാണ് മറഡോണയുടെ ജേഴ്സി ലേലത്തില്‍ വെക്കുന്നത്. ഓണ്‍ലൈന്‍ ലേലത്തില്‍ 9 മില്യണ്‍ ഡോളറിലധികം വിലയ്ക്കാണ് ജേഴ്സി വിറ്റത്.
ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന ഡിഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25ന് കായികലോകത്തോട് വിടപറഞ്ഞിരുന്നു. 60കാരനായ ഇതിഹാസ ഫുട്ബോളര് ഇതിന് രണ്ടാഴ്ച്ച മുമ്പ് തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. എന്നാല്‍ ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഫുട്ബോള്‍ പ്രേമികളെ കണ്ണീരിലാഴ്ത്തി അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവരികയായിരുന്നു.