കൊച്ചി: ഈ കളി അത് കാലം കേരളത്തിലെ കളി പ്രേമികൾക്കായി കാത്തുവച്ചതാണ്. ഇക്കാലമത്രയും ടെലിവിഷനിൽ ഉറക്കമൊഴിഞ്ഞ് കളി കണ്ട് ആർപ്പുവിളിച്ച, തങ്ങളുടെ കൂടി സ്വന്തമായ ടീമുകൾ മലയാളിയുടെ കളിമുറ്റത്ത് കൊമ്പുകോർത്തത്. സ്വപ്നതുല്യമായ മത്സരം കാണാൻ നേരിട്ടും കാണാൻ അവസരം കിട്ടിയവരെയും ടെലിവിഷനിൽ കണ്ടവരെയും ബ്രസീലും സ്പെയിനും നിരാശരാക്കിയില്ല എന്ന് തന്നെ വേണം പറയാൻ.

മത്സരത്തിന്റെ തുടക്കം ബ്രസീൽ നിരാശപ്പെടുത്തുമെന്ന പ്രതീതിയായിരുന്നു. സ്പെയിനിന്റെ മുന്നേറ്റം അത്ര കണ്ട് മൂർച്ചയേറിയതുമായിരുന്നു. ഇടതുവിങ്ങിൽ നിന്ന് ഫെറാൻ ടോറസ് തുടക്കം മുതൽ തന്നെ ബ്രസീലിനെ ആക്രമിച്ചു. മികച്ച പന്തടക്കവും കൃത്യമായ നീക്കങ്ങളുമായി മുന്നേറിയ ടോറസിനെ പ്രതിരോധിക്കുന്നതിൽ ബ്രസീൽ താരങ്ങൾ തുടക്കത്തിൽ തോറ്റുപോയി.

മൂന്നാം മിനിറ്റിലാണ് അതിന്റെ ആദ്യ പ്രഹരം ബ്രസീൽ നേരിട്ടത്. മികച്ച ഗോളവസരമാണ് ഫെറാൻ ടോറസ് സ്പെയിനിന് വേണ്ടി നീട്ടിനൽകിയ ക്രോസിൽ ഉണ്ടായിരുന്നത്. എന്നാൽ ഭാഗ്യം അപ്പോൾ ബ്രസീലിനൊപ്പമായിരുന്നു. എന്നാലിത് ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ ക്യാപ്റ്റൻ ഏബെൽ റൂയിസിന് സാധിച്ചില്ല. തൊട്ടടുത്ത നിമിഷത്തിൽ തന്നെ വീണ്ടും ഫെറാൻ ടോറസ് മുന്നേറി. ഇത്തവണ ക്രോസ് ലഭിച്ച മുഹമ്മദ് മുഖ്ലിസിന് ലക്ഷ്യം പിഴച്ചില്ല. ബോൾ ബ്രസീലിന്റെയും ആരാധകരുടെയും ചങ്ക് തകർത്ത് വലയിൽ.

സ്പെയിനും ആരാധകരും പുളകം കൊണ്ടു. എന്നാൽ പതിയെ പതിയെ ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ അതികായർ കരുത്താർജിച്ചു. അവരിൽ നിന്നും ചടുലമായ നീക്കങ്ങളുണ്ടായി. വലതു വിങ്ങിൽ പൗളിഞ്ഞോയും ഇടത് വിങ്ങിൽ നിന്ന് ബ്രണ്ണറും പന്തുമായി സ്പെയിനിന്റെ ഗോൾ മുഖത്തേക്ക് മുന്നേറി. ആക്രമണത്തിൽ സ്പെയിനും ഒട്ടും പുറകിലായിരുന്നില്ല. അവരും ആക്രമിച്ച് തന്നെ മുന്നേറി. ബ്രസീലിയൻ മുന്നേറ്റത്തെ പ്രതിരോധത്തിൽ തളച്ച് പന്തുമായി മുന്നേറിയ സ്പാനിഷ് താരങ്ങളെ ക്യാപ്റ്റൻ വീറ്റോയും ലൂക്കാസ് ഹാൾട്ടറും ചേർന്ന് ബ്രസീലിന്റെ ഗോൾ മുഖത്ത് തടഞ്ഞു.

25ാം മിനിറ്റ്. ബ്രണ്ണറുടെ കൂട്ടിക്കിഴിച്ചെടുത്ത കിറുകൃത്യമായ ക്രോസ്. സ്പെയിനിന്റെ ഗോൾമുഖത്തേക്ക് പാഞ്ഞടുത്ത ലിങ്കൺ കൊറയയുടെ കാലിൽ. കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തിൽ ഗോളി അൽവെരോ ഫെർണാണ്ടസിനെ മറികടന്ന് പന്ത് വലയിൽ. കളിയിൽ സമനില. സ്പാനിഷ് താരങ്ങളുടെ മുഖത്ത് നിരാശയുടെ കനം.

ബ്രസീലിന്റെ ആദ്യ ഗോൾ

ആക്രമണങ്ങളിൽ ഇരു രാജ്യങ്ങളും പുറകോട്ടില്ല. പന്ത് മൈതാന മധ്യത്തിൽ കിടന്ന് ആടിയുലഞ്ഞു. തങ്ങളുടെ ഗോൾമുഖത്തേക്ക് എതിരാളികളെ പാഞ്ഞെത്താൻ അനുവദിക്കാതെ മധ്യനിരയിൽ തന്നെ ശ്രമങ്ങൾ വിഫലമാക്കി. എന്നിട്ടും കിട്ടിയ അവസരങ്ങളിൽ ലീഡ് നേടാനുള്ള ശ്രമത്തിലേക്ക് സ്പെയിനും ബ്രസീലും ഒരുപോലെ ഓടിയെത്തി. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിന് കേരളം കാണിയായി മാറി.

കളി 40ാം മിനിറ്റിലേക്ക് നീങ്ങിയതോടെ ബ്രസീൽ കളിയിൽ ആധിപത്യം നേടുന്നത് പോലെ തോന്നി. ബ്രണ്ണറും പൗളിഞ്ഞോയും ലിങ്കണും സ്പെയിനിന്റെ ഗോൾമുഖത്ത് തന്നെ തുടർ ആക്രമണങ്ങളുമായി നങ്കൂരമിട്ടു. ആക്രമണത്തിലും പ്രതിരോധത്തിലും വരുത്തിയ വീഴ്ചയ്ക്ക് ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് സ്പെയിൻ പിഴയൊടുക്കിയത്.

സ്പാനിഷ് മുന്നേറ്റം ചെറുക്കാനുള്ള ബ്രസീൽ ഗോളി ബ്രാസോയുടെ ശ്രമം.

ലിങ്കൺ കൈമാറിയ പാസുമായി മുന്നേറിയ പൗളിഞ്ഞോയ്ക്ക് മുന്നിലുണ്ടായിരുന്നത് അൽവെറോ ഫെർണാണ്ടസ് മാത്രം. പൗളിഞ്ഞോയിലെ കൗശലക്കാരനായ കാൽപ്പന്ത് കളിക്കാരനെ തിരിച്ചറിയുന്നതിൽ സ്പാനിഷ് ഗോളി അപ്പാടെ പരാജയപ്പെട്ടു. സ്പെയിനിന്റെ വല വീണ്ടും കുലുങ്ങി. ബ്രസീലിന് ലീഡ്. 2-1

രണ്ടാംപകുതിയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലാണ് സ്പാനിഷ് താരങ്ങൾകളിച്ചത്. ബ്രസീലിന്റെ ബോക്സിനകത്തേക്ക് മുന്നേറാൻ സാധിച്ചെങ്കിലും പന്ത് പരസ്പരം കൈമാറുന്നതിൽ സ്പാനിഷ് താരങ്ങൾക്ക് വീഴ്ച പറ്റി. ഒത്തിണക്കം നഷ്ടപ്പെട്ട് അലക്ഷ്യമായി താരങ്ങൾ ഷോട്ടുകളുതിർത്തു. റയലിന്റെയും ബാഴ്സയുടെയും അക്കാദമികളിൽ വളരുന്നവർ തന്നെയാണോ ഇങ്ങിനെ അലസമായി ഷോട്ടുകളുതിർക്കുന്നതെന്ന് തോന്നിപ്പിച്ച നിമിഷം.

മറുപക്ഷത്ത് ആക്രമണത്തിനേക്കാൾ കൂടുതൽ പ്രതിരോധത്തിലായി ബ്രസീലിന്റെ ശ്രദ്ധ. വീണുകിട്ടിയ അവസരങ്ങളിൽ മാത്രമാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രസീൽ മുന്നേറിയത്. ഇതിനിടെ പല വട്ടം സ്പാനിഷ് താരങ്ങൾ ലഭിച്ച അവസരം തുലച്ചുകളഞ്ഞു.

80 മിനിറ്റുകൾ പിന്നിട്ട ശേഷമാണ് കളി വീണ്ടും മൂർച്ചയേറിയ ആക്രമണങ്ങളുടേതായത്. ആരും ഗോൾ വഴങ്ങാമെന്ന നിലയിൽ സ്പാനിഷ് താരങ്ങളും ബ്രസീൽ താരങ്ങളും മുന്നേറ്റത്തിൽ ശ്രദ്ധയൂന്നി. പക്ഷെ ഒറ്റ ശ്രമവും ഗോളായില്ല. അതിനേക്കാളുപരി മികച്ചതെന്ന ഗണത്തിൽ പെടുത്താവുന്ന ആക്രമണങ്ങളും ഇരുപക്ഷത്തും ഉണ്ടായില്ലെന്നതാണ്. എങ്കിലും ഇരുബോക്സിലേക്കും പാഞ്ഞെത്തിയ മുന്നേറ്റ താരങ്ങളിൽ കളിയാരാധകർ വീണ്ടുമൊരു ഗോൾ കൂടി പ്രതീക്ഷിച്ചു. എന്നാൽ പ്രതീക്ഷകളെ അസ്ഥാനത്താക്കി രണ്ടാം പകുതി ഗോൾ രഹിതമായി പിരിഞ്ഞതോടെ ലാറ്റിനമേരിക്കയുടെ വെന്നിക്കൊടി കൊച്ചിയിലെ മൈതാനത്ത് പാറി. അതെ, ആ കളിമികവിനെ ഇത്ര കാലവും നെഞ്ചേറ്റിയ മലയാളികൾക്ക് മുന്നിൽ മഞ്ഞക്കുപ്പായക്കാർ വിജയരഥത്തിലേറി. ആ പ്രോത്സാഹനത്തെ കൈയ്യടിച്ചഭിനന്ദിച്ച് ബ്രസീലിയൻ കൗമാര താരങ്ങൾ മൈതാനം വിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ