കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം ചുനി ഗോസ്വാമി അന്തരിച്ചു. 82 വയസ്സായിരുന്നു.ദീർഘകാലമായി രോഗബാധിതനായിരുന്നു.1962 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണമെഡൽ നേടിക്കൊടുത്ത ഫുട്ബോൾ  ടീമിനെ നയിച്ചത് ഗോസ്വാമിയാണ്.

പ്രമേഹവും പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കും നാഡീവ്യൂഹത്തിനുമുള്ള പ്രശ്നങ്ങളും കാരണം മാസങ്ങളായി ഗോസ്വാമി ചികിത്സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഹൃദയാഘാതത്തെത്തുടർന്ന വ്യാഴാഴ്ച അദ്ദേഹത്തെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
1962ന് പുറമേ 1964ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെയും നയിച്ചത് ചുനി ഗോസ്വാമിയാണ്. 64ൽ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ റണ്ണർ അപ്പ് ആയിരുന്നു ഇന്ത്യ. ക്ലബ് ഫുട്ബോളിൽ മോഹൻ ബഗാൻ ജഴ്സിയിൽ കളിച്ചിരിന്നു.

മോഹൻ ബഗാനുവേണ്ടി ഗോസ്വാമി 200 ഗോൾ നേടി. ഇതിൽ 135 ഗോളുകൾ കൊൽക്കത്ത ഫുട്ബോൾ ലീഗിലാണ്. ഐഎഫ്എ ഷീൽഡിൽ 25 ഗോളും, ഡുറാൻഡ് കപ്പിൽ 18 ഗോളും, റോവേഴ്സ് കപ്പിൽ 11 ഗോളും എച്ച്കെ മുഖർജീ ഷീൽഡിൽ ഒരു ഗോളും ബഗാനു വേണ്ടി നേടി.

Read More: ലോക്ക്ഡൗണില്‍ ഐ.എം.വിജയനെ ‘കളിപ്പിച്ച്’ പേരക്കുട്ടി; മിസ് ചെയ്യുന്നത് ടീമിനെ

1935ൽ ഇന്നത്തെ ബംഗ്ലാദേശിലുള്ള കിഷോർ ഗഞ്ച് ജില്ലയിലാണ് ചിനു ഗോസ്വാമി ജനിച്ചത്. സ്ട്രൈക്കറായ ഗോസ്വാമി അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യൻ ടീമിനു വേണ്ടി 43 മത്സരങ്ങളിൽ നിന്നായി 11 ഗോൾ നേടിയിട്ടുണ്ട്. 1946ൽ എട്ടാം വയസ്സിൽ മോഹൻ ബഗാൻ ജൂനിയർ ടീമിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോളിൽ പരിശീലനം ആരംഭിച്ചത്. 1954ൽ ക്ലബ്ബിന്റെ സീനിയർ ടീമിൽ കളിക്കാൻ ആരംഭിച്ചു. 1968ൽ മോഹൻ ബഗാനോട് വിട പറഞ്ഞു. 1956ലാണ് ദേശീയ ടീമിലെത്തുന്നത്. 1964 വരെ ദേശീയ ടീമിൽ തുടർന്നു.

ഫുട്ബോളിനൊപ്പം ദേശീയ തലത്തിൽ ക്രിക്കറ്റും കൈകാര്യം ചെയ്ത അപൂർവ താരമെന്ന പ്രത്യേകതയും ഗോസ്വാമിക്കുണ്ട്. ബംഗാൾ സംസ്ഥാന ക്രിക്കറ്റ് ടീമിനുവേണ്ടിയാണ് ഗോസ്വാമി കളിച്ചിരുന്നത്. കോളജ് പഠന കാലത്ത് കൊൽകത്ത യൂണിവേഴ്സിറ്റി ഫുട്ബോൾ, ക്രിക്കറ്റ് ടീമുകളുടെ നായകനായിരുന്നു.

1957ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗോസ്വാമി ആദ്യമായിറങ്ങുന്നത്.  ക്രിക്കറ്റ് കരിയറിലും നേട്ടങ്ങളുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1966ൽ അന്നത്തെ ശക്തരായിരുന്ന, ഗാരി സോബേഴ്സിന്റെ നായകത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെതിരായ ഇൻഡോറിലെ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ഇന്നിങ്സ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് ഗോസ്വാമിയും സുബ്രതോ ഗുഹയുമാണ്. ഗോസ്വാമിയുടെ എട്ട് വിക്കറ്റ് നേട്ടം അന്ന് നിർണായകമായിരുന്നു.

Read More: ഇർഫാൻ ഖാൻ: അഭിനയത്തിനായി ക്രിക്കറ്റ് മൈതാനം വിട്ട മികച്ച ഓൾറൗണ്ടർ

1971-72ൽ ബംഗാളിന്റെ രഞ്ജി ട്രോഫി ടീമിനെ നയിച്ചത് ഗോസ്വാമിയാണ്. അന്ന് ഫൈനൽ വരെയെത്തിയ ബംഗാളിന് ബോംബെയോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഓൾ റൗണ്ടറായിരുന്ന ഗോസ്വാമി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 46 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയടക്കം 1592 റൺസ് നേടി.

1963ൽ അർജുന അവാഡർഡ് നേടിയ ഗോസ്വാമിയെ 1983ൽ രാജ്യം പദ്മ ശ്രീ നൽകി ആദരിച്ചിരുന്നു. ടാറ്റ ഫുട്ബോൾ അക്കാദമി ഡയരക്ടറായി ഗോസ്വാമി പ്രവർത്തിച്ചിരുന്നു. 2013ൽ മോഹൻ ബഗാൻ ‘ബഗാൻ ബിഭൂഷൺ’ പുരസ്കാരം നൽകി ആദരിച്ചു. ഗോസ്വാമിയുടെ 82ആം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ള സ്റ്റാംപ് തപാൽ വകുപ്പ് പുറത്തിറക്കിയിരുന്നു.

Read More: India football legend Chuni Goswami passes away at 82

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook