ലണ്ടന്‍: ഇംഗ്ലണ്ടില്‍ ദേശീയ ഫുട്ബോള്‍ ലീഗിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ കായികലോകത്തെ സംസാരവിഷയം. സാല്‍ഫോര്‍ഡ് സിറ്റി ഗോള്‍കീപ്പറായ മാക്സ് ക്രൊക്കോമ്പിന്റെ പ്രവൃത്തിയാണ് ഫുട്ബോള്‍ പ്രേമികളുടേയും അധികൃതരുടേയും നെറ്റി ചുളിപ്പിച്ചത്. ബ്രാഡ്ഫോര്‍ഡ് പാര്‍ക്ക് അവന്യൂവിനെതിരെ വാശിയേറിയ പോരാട്ടം നടക്കുന്നതിനിടെയാണ് സംഭവം. മത്സരം 87ആം മിനുട്ടിലേക്ക് കടന്നപ്പോഴാണ് മാക്സ് ഗോളി പോസ്റ്റിന് സമീപം മൂത്രം ഒഴിച്ചത്.

കാണികളും സംഘാടകരും കളിക്കാരും ഞെട്ടിപ്പോയ സംഭവത്തില്‍ റഫറിക്ക് മറ്റൊന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ മാക്സിനെ ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്താക്കി. സംഭവം ശ്രദ്ധയില്‍ പെടാതിരുന്ന നിരവധി പേര്‍ മാക്സ് പുറത്തുപോകുന്നത് കണ്ട് അതിശയിച്ചു. എന്നാല്‍ ബ്രാഡ്ഫോര്‍ഡ് പാര്‍ക്ക് അവന്യു അധികൃതര്‍ വൈകാതെ ഇത് ട്വിറ്ററിലൂടെ പരസ്യപ്പെടുത്തി. സംഭവത്തിന് പിന്നാലെ മാക്സിനെ വിമര്‍ശിച്ചും പരിഹസിച്ചും ട്വീറ്റുകളും നിറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ മാപ്പു ചോദിക്കുന്നതായി അറിയിച്ച് മാക്സ് പ്രസ്താവന ഇറക്കി. തനിക്ക് മൂത്രശങ്ക അടക്കാന്‍ കഴിയാതെ ചെയ്ത് പോയതാണെന്നും വലിയൊരു വിജയത്തിന്റെ നിറം കെടുത്താന്‍ ഈ സംഭവം കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഇരു ടീമുകളോടും ആരാധകരോടും മാപ്പ് ചോദിക്കുന്നതായും മാക്സ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ