കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിശ്ചലമായ കളി മൈതാനങ്ങൾ വീണ്ടും ഉണർന്നിരിക്കുകയാണ്. ബയേൺ മ്യൂണിക്കും ബൊറുഷ്യ ഡോർട്ട്മുൺഡുമെല്ലാം കളിക്കുന്ന ബുണ്ടസ്‌ലിഗയിലാണ് ഇന്ന് മുതൽ വീണ്ടും പന്തുരുണ്ടത്. ആദ്യ മത്സരത്തിൽ ഷാൽക്കയെ ബൊറൂസിയ ഡോർട്ട്മുൺഡ് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.

ലീഗ് പുനരാരംഭിച്ചപ്പോൾ ഹാലണ്ടിന്റെ വകയായിരുന്നു ആദ്യ ഗോൾ. ഡോർട്ട്മുൺഡിന് വേണ്ടി 12 മത്സരങ്ങൾ കളിച്ച താരത്തിന്റെ 13-ാം ഗോൾ കൂടിയായിരുന്നു അത്. 29-ാം മിനിറ്റിലായിരുന്നു ഹാലണ്ടിന്റെ വക ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റാഫേൽ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതിയുടെ അധികസമയത്ത് തോർഗൻ ഹസാർഡ് മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ഡോർട്മുണ്ട് മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ റാഫേലിന്റെ രണ്ടാം ഗോൾ ഡോർട്മുണ്ടിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

രാജ്യത്തെ ഒന്നാമത്തേയും രണ്ടാമത്തേയും ലീഗുകളായ ബുണ്ടസ്‌ലിഗ 1, ബുണ്ടസ്‌ലിഗ 2 എന്നിവയിലെ എല്ലാ ക്ലബ്ബുകളും പരിശീലന മൈതാനത്തിലേക്ക് നേരത്തെ തന്നെ തിരിച്ചെത്തിയിരുന്നു. പ്രാദേശിക ആരോഗ്യ പ്രോട്ടോക്കോളുകള്‍ അനുസരിച്ചാണ് പരിശീലനം.

മേയ് ഏഴിന് ജർമ്മൻ ചാൻസിലർ അനുമതി നൽകിയതോടെയാണ് ലീഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്. താരങ്ങളും പരിശീലകരുമടക്കം ആകെ 300 പേർക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

ഗോളാഘോഷങ്ങളും തികച്ചും പുതിയതായിരുന്നു. കെട്ടിപിടിച്ചോ കൈകൾ കൂട്ടിയടിച്ചോയുള്ള ആഘോഷങ്ങളും പാടില്ലെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതോടൊപ്പം തന്നെ കളിക്കാർ തമ്മിലുള്ള ഹസ്തദാനവും ഫൊട്ടോ സെക്ഷനും ഒഴിവാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook