ഏകദിന ലോകകപ്പിൽ നിന്നും സെമിയിൽ പുറത്തായെങ്കിലും വിൻഡീസ് പര്യടനത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ ടീം നടത്തിയിരിക്കുന്നത്. കരീബിയൻ മണ്ണിൽ മൂന്ന് ഫോർമാറ്റിലും തോൽവി അറിയാതെ മുന്നേറിയ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഗംഭീര തുടക്കമാണ് ലഭിച്ചത്. അതിനിടയിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും നിയമിക്കുകയും ചെയ്തിരുന്നു. തന്റെ രണ്ടാം വരവിൽ യുവതാരങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രവി ശാസ്ത്രി. ലക്ഷ്യം ടി20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുമാണെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

“അടുത്ത 12 മാസത്തിനുള്ളിൽ ടി20 ലോകകപ്പും 20 മാസം വരെ നീണ്ടു നിൽക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പും കണ്ടുകൊണ്ട് വേണം മുന്നോട്ട് പോകാൻ. യുവതാരങ്ങളിൽ കൂടുതൽ ശ്രദ്ധനൽകി അവരെ കൂടി ഉൾപ്പെടുത്തി ഒരു ടീം ഒരുക്കിയാൽ അത് മികച്ചതാകും. പരിചയസമ്പത്തും യുവത്വവും ഒന്നിക്കുന്നത് എപ്പോഴും ഗുണമാണ്”രവി ശാസ്ത്രി പറഞ്ഞു.

Also Read: ട്വിസ്റ്റും സര്‍പ്രൈസുമില്ല; രവി ശാസ്ത്രി തന്നെ ഇന്ത്യയുടെ പരിശീലകന്‍

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഏറെ നിർണായകമാണെന്നും ശസ്ത്രി പറഞ്ഞു. ലോക ഒന്നാം നമ്പർ ടീമാണ് ഇന്ത്യയെന്നും കഴിഞ്ഞ മൂന്ന് വർഷമായി അതിന് മാറ്റമില്ലെന്നും പറഞ്ഞ ശസ്ത്രി ആ സ്ഥിരത നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പോലത്തെ വിജയം ഇതിനു മുമ്പും നേടിയിട്ടുണ്ടെന്നും എന്നാൽ ഭാവിൽ അത് അത്ര എളുപ്പമായിരിക്കില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.

2017 മുതല്‍ രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്തുണ്ട്. ശാസ്ത്രിയുടെ കീഴിലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. 2018 ല്‍ ഏഷ്യ കപ്പും നേടിയിരുന്നു. ശാസ്ത്രിയുടെ ശിക്ഷണത്തില്‍ കളിച്ച 21 ടെസ്റ്റുകളില്‍ 13 എണ്ണത്തിലാണ് ഇന്ത്യ ജയിച്ചത്. 36 ടി20 കളില്‍ 25 ഉം ജയിക്കാനായി. ഏകദിനത്തില്‍ 60 ല്‍ 43 കളികളിലും ഇന്ത്യ ജയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook