ലാസ്‌ വെഗാസ്: നൂറ്റാണ്ടിന്റെ മത്സരമെന്ന് അറിയപ്പെട്ട പോരാട്ടത്തിൽ കോണർ മഗ്രിഗറിനെതിരെ ഫ്ലോയിഡ് മെയ്‌വെതറിന് വിജയം. പത്ത് റൗണ്ട് നീണ്ട മത്സരത്തിലാണ് മെയ്‌വെതർ ലോക ബോക്സിങ് റിങ്ങിലെ ഒന്നാമനെന്ന സ്ഥാനം നിലനിർത്തിയത്. മത്സരവിജയത്തിനുപിന്നാലെ മെയ്‌വെതർ തന്റ വിരമിക്കലും പ്രഖ്യാപിച്ചു.

പത്താം റൗണ്ടിൽ മഗ്രിഗറിനെ ഇടിച്ചിട്ടാണ് മെയ്‌വെതർ തന്റെ ആധിപത്യം നിലനിർത്തിയത്. തുടർച്ചയായ അൻപതാം വിജയമാണ് ഇതോടെ മെയ്‌വെതറിന്റെ പേരിലായിരിക്കുന്നത്.

മത്സരം തീരാൻ ഒരു മിനിറ്റും 55 സെക്കന്റും ബാക്കി നിൽക്കേയാണ് മെയ്‌വെതർ വിജയിച്ചത്. ഈ സമയം ഇടികൊണ്ട് മഗ്രിഗറുടെ മുഖമാകെ രക്തം നിറഞ്ഞിരുന്നു.

“ആരാധകർ ആഗ്രഹിച്ചത് ഞാൻ അവർക്ക് നൽകി”, മത്സരത്തിന് ശേഷം ‌മെയ്‌വെതർ പറഞ്ഞു. തന്റെ വിരമിക്കൽ മത്സരമാണിതെന്ന് പ്രഖ്യാപിച്ചാണ് മെയ്‌വെതർ ഇന്നലെ രാത്രി റിങ്ങിലേക്ക് എത്തിയത്. 40കാരനായ ഇദ്ദേഹം ഹെവിവെയ്റ്റ് വിഭാഗത്തിൽ റോക്കി മാർസിയാനോ കുറിച്ച 49 മത്സരങ്ങളുടെ റെക്കോർഡാണ് തിരുത്തിയത്.

ആയോധന കലയിലെ ചാംപ്യനായ മഗ്രിഗറിന്റെ ആദ്യ പ്രൊഫഷണൽ ബോക്സിങ് മത്സരമായിരുന്നു കഴിഞ്ഞത്. എങ്കിലും പ്രതീക്ഷിച്ചതിനേക്കാൾ ശക്തമായ മത്സരം കാഴ്ചവച്ചാണ് മഗ്രിഗർ ഇടിക്കൂട്ടിലെ ഇതിഹാസ താരത്തിനോട് കീഴടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ