പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ പാക് താരങ്ങള്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു ധവാന്റെ പ്രതികരണം. ആദ്യം സ്വന്തം രാജ്യത്തെ നന്നാക്കിയതിന് ശേഷം മറ്റുള്ളവരുടെ കാര്യത്തില്‍ അഭിപ്രായം പറയൂ എന്നായിരുന്നു ധവാന്റെ വാക്കുകള്‍.

”നമ്മുടെ രാജ്യത്തെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തീര്‍ച്ചയായും നമ്മള്‍ എതിര്‍ക്കും. പുറത്തുള്ളവര്‍ നമ്മളെ ഉപദേശിക്കേണ്ടതില്ല. ആദ്യം നിങ്ങളുടെ രാജ്യത്തെ നന്നാക്കുക, എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുക, ഒരു ചൊല്ലുണ്ട് കണ്ണാടി വീട്ടില്‍ കഴിയുന്നവര്‍ മറ്റുള്ളവരുടെ വീടിന് കല്ലെറിയരുതെന്ന്” ധവാന്‍ പറഞ്ഞു.

ഇതാദ്യമായല്ല ധവാന്‍ പാക് ക്രിക്കറ്റ് താരങ്ങളുടെ പ്രസ്താവനകളെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. ഏപ്രിലില്‍ മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയുടെ കശ്മീരിനെ കുറിച്ചുള്ള പ്രസ്താവനയേയും ധവാന്‍ വിമര്‍ശിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരുടെ ഉപദേശം വേണ്ടെന്നായിരുന്നു ധവാന്റെ പ്രതികരണം.

അതേസമയം, മോശം പ്രകടനങ്ങള്‍ക്ക് വിമര്‍ശനം നേരിടുന്ന യുവതാരം ഋഷഭ് പന്തിനെ ധവാന്‍ പിന്തുണച്ചു. പന്ത് വളരെ കഴിവുള്ള താരമാണെന്നും ദീര്‍ഘനാളത്തെ കരിയറുണ്ടെന്നും ധവാന്‍ പറഞ്ഞു. അവന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും സ്‌കോര്‍ കണ്ടെത്താന്‍ പറ്റാത്ത അനുഭവങ്ങളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും എല്ലാവര്‍ക്കും സംഭവിക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook