സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി. ഉപനായകൻ രോഹിത് ശർമ അടക്കം അഞ്ച് താരങ്ങൾ കോവിഡ് നിരീക്ഷണത്തിൽ. ഈയാഴ്‌ച തുടക്കത്തിൽ മെൽബണിലെ ഒരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ച അഞ്ച് താരങ്ങൾക്കാണ് നിരീക്ഷണത്തിൽ കഴിയേണ്ടിവരിക.
രോഹിത് ശർമയ്‌ക്ക് പുറമെ യുവ ഓപ്പണർ ശുഭ്‌മാൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്, പേസ് ബൗളര്‍ നവ്ദീപ് സൈനി, യുവതാരം പൃഥ്വി ഷാ എന്നിവർക്കാണ് നിരീക്ഷണം. ഇവർക്ക് നിലവിൽ ടീമിനൊപ്പം ചേരാൻ സാധിക്കില്ല. പരിശീലനത്തിൽ പങ്കെടുക്കാനും സാധിക്കില്ല.

ഓസ്ട്രേലിയയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായാണ് താരങ്ങൾക്കെതിരായ ആരോപണം. ബയോബബിളിൽ നിന്ന് പുറത്ത് കടന്ന് മറ്റൊരു റസ്റ്റോറന്റിൽ പോയി താരങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നേരത്തെ പ്രചരിച്ചിരുന്നു. താരങ്ങൾക്ക് സമീപമുണ്ടായിരുന്ന ഒരു ആരാധകനാണ് റെസ്റ്റോറന്റിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. റിഷഭ് പന്തിനെ കെട്ടിപ്പിടിച്ചുവെന്ന് ഈ ആരാധകൻ പറഞ്ഞിരുന്നു. എന്നാൽ ഇയാൾ പിന്നീടിത് നിഷേധിച്ചു.
താരങ്ങൾ ഐസോലേഷനിൽ പോകുന്ന കാര്യത്തെ ബിസിസിഐ പിന്തുണച്ചിട്ടുണ്ട്. ആദ്യം ബിസിസിഐ കളിക്കാർ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും അന്വേഷണം നടത്തുന്നുണ്ട്.
ജനുവരി ഏഴ് മുതലാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം ടെസ്റ്റ്. ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 1-1 എന്ന നിലയിലാണ് പരമ്പര. സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റ്.
Read Here: ബാംഗ്ലൂരിൽ നിന്ന് ഇടവേളയെടുത്ത് ഡെയിൽ സ്റ്റെയ്ൻ; വരുന്ന ഐപിഎൽ സീസണിൽ കളിക്കില്ല