ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റ് ആരാധകർ സെലക്ടർമാരുടെ തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്ന് മാത്രമല്ല ഏറെ സന്തോഷിക്കുകയും ചെയ്തു. അതിന് ഒരു കാരണം സൂര്യകുമാർ യാദവിന്റെ പേരാണ്. കഴിഞ്ഞ വർഷം 30 വയസ് തികഞ്ഞ സൂര്യകുമാർ യാദവിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ മുംബൈയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരത്തിന് ഓസ്ട്രേലിയൻ പര്യടനത്തിൽ അവസരം നൽകാത്തത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. 31-ാം വയസിൽ തന്നെ തേടി വന്ന ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണം അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തിന്റെ കൂടി പ്രതീകമാണ്.

പലപ്പോഴും ഇന്ത്യൻ ടീമിൽ യുവതാരങ്ങളെയാണ് പുതുമുഖങ്ങളായി സെലക്ടർമാർ പരിഗണിക്കാറുള്ളത്. എന്നാൽ അപൂർവമായി ഇത്തരം സന്ദർഭങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടുണ്ട്. 38-ാം വയസിലാണ് രാഹുൽ ദ്രാവിഡ് ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഭഗവത് ചന്ദ്രശേഖർ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പ്രായം 31. എന്നാൽ രാജ്യത്തിന് വേണ്ടി തന്നെ 30 വയസിന് ശേഷം രാജ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഒരുപിടി താരങ്ങളുണ്ട്.

ഫയസ് ഫസൽ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 8404 റൺസ് സ്വന്തമാക്കിയ താരമാണ് ഫയസ് ഫസൽ. 40 റൺസ് ശരാശരിയിൽ ബാറ്റ് വീശാൻ കഴിയുന്ന താരത്തിന് എന്നാൽ ഒരു തവണ മാത്രമാണ് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. 30 വയസിന് ശേഷം സിംബാബ്‌വെക്കെതിരെയായിരുന്നു ഫയസിന്റെ രാജ്യാന്തര അരങ്ങേറ്റം. ആ മത്സരത്തിൽ താരം അർധസെഞ്ചുറിയും സ്വന്തമാക്കിയിരുന്നു.

ശ്രീനാഥ് അരവിന്ദ്

ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ സി രാജഗോപാലാചാരിയുടെ കൊച്ചുമകനാണ് ശ്രീനാഥ് അരവിന്ദ്. ക്രിക്കറ്റിലേക്ക് വൈകി മാത്രം എത്തിയ താരം 24-ാം വയസിലാണ് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്നത്. പേസർമാർ നിറഞ്ഞാടുന്ന കർണാടകയിൽ എന്നാൽ താരത്തിന്റെ പ്രകടനം മങ്ങിപോയി. ഐപിഎൽ നാലാം സീസണിലാണ് താരം മിന്നും ആദ്യമായി തിളക്കമാർന്ന ഒരു പ്രകടനം പുറത്തെടുക്കുന്നത്. 31-ാം വയസിൽ രാജ്യത്തിനായി ഒരു ടി20 മത്സരം കളിക്കാനും താരത്തിന് സാധിച്ചു.

സമീർ ദിഗെ

നയൻ മോങ്കിയായ്ക്ക് പകരക്കാരനെ തേടിയിരുന്ന ദാദയുടെ ടീമിലെ അപ്രതീക്ഷിത തിരഞ്ഞെടുപ്പായിരുന്നു സമീർ ദിഗെ. 31 വയസിൽ ഏകദിന അരങ്ങേറ്റവും 32 വയസിൽ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ച താരമാണ് സമീർ.

ഉത്പാൽ ചാറ്റർജി

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്‌പിന്നർമാരിൽ ഒരാളാണ് ഉത്പാൽ ചാറ്റർജി. എന്നാൽ മുപ്പതിന് ശേഷമാണ് വിക്കറ്റിൽ അദ്ദേഹം സ്പിൻ വസന്തം തീർത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook