ബോളിങ്ങിനിടെ താരങ്ങൾ എക്സ്ട്രാ റൺസ് വഴങ്ങുന്നത് സർവ്വസാധാരണമാണ്. എന്നാൽ കരിയറിൽ ഒരു നോബോൾ പോലും എറിയാത്ത ബോളർമാർ ഉണ്ടെന്നുള്ള വാർത്ത നമ്മുടെ കണ്ണ് തള്ളിക്കും. ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ 5 ബോളർമാരാണ് കരിയറിൽ ഇതുവരെ ഒരു നോബോൾ പോലും എറിയാതെ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസം കപിൽദേവ് ഈ അപൂർവ്വ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. നമുക്ക് ഈ താരങ്ങളെ പരിചയപ്പെടാം,

1. ലാൻസ് ഗിബ്സ്

വെസ്റ്റൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച സ്പിന്നറാണ് ലാൻസ് ഗിബ്സ്. ഒറ്റ മത്സരത്തിൽ പോലും നോ ബോൾ എറിയാത്ത താരങ്ങളുടെ പട്ടികയിലെ ആദ്യ താരമാണ് ലാൻസ് ഗിബ്സ്. 79 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച ഗിബ്സ് 309 വിക്കറ്റുകളാണ് നേടിയത്. റൺസ് വഴങ്ങുന്നതിൽ ഏറ്റവും പിശുക്കനായ ബോളർ എന്ന വിശേഷണവും ഈ കരീബിയൻ താരത്തിനുണ്ട്. ഒരു ഓവോറിൽ 2 റൺസിൽ താഴെ മാത്രമാണ് ഇദ്ദേഹം വിട്ടുകൊടുത്തിട്ടുള്ളത്.

2. കപിൽ ദേവ്

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരമായ കപിൽ ദേവാണ് ഈ അപൂർവ്വ പട്ടികയിലെ രണ്ടാം വ്യക്തി. മികച്ച അച്ചടക്കത്തോടെ പന്ത് എറിയുന്നതിൽ മികവ് കാട്ടിയ കപിൽ ദേവ് ഇതുവരെ ഒരു നോബോൾ പോലും എറിഞ്ഞിട്ടില്ല. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് കപിൽ ദേവ്. ദേശീയ കുപ്പായത്തിൽ 131 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കപിൽ ദേവ് 434 വിക്കറ്റുകളും നേടിയിട്ടുണ്ട്. 253 ഏകദിന മത്സരങ്ങളിൽ നിന്ന് 253 വിക്കറ്റുകളും കപിൽ ദേവ് വീഴ്ത്തിയിട്ടുണ്ട്.

3. ഇയാൻ ബോതം

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഓൾറൗണ്ടർ എന്ന ഖ്യാതിയുളള ഇയാൻ ബോതമാണ് പട്ടികയിലെ മൂന്നാമൻ. 102 മത്സരങ്ങളിൽ നിന്ന് 383 വിക്കറ്റുകളാണ് ഇയാൻ ബോതം വീഴ്ത്തിയത്. 116 ഏകദിനങ്ങൾ കളിച്ച ബോതം 145 വിക്കറ്റുകളും നേടിയിട്ടുണ്ട്.

4. ഇമ്രാൻ ഖാൻ

ക്രിക്കറ്റ് ചരിത്രത്തിലെ ഏക്കാലത്തേയും മികച്ച താരമാണ് പാക്കിസ്ഥാൻ താരം ഇമ്രാൻ ഖാൻ. ബാറ്റ്സ്മാൻമാരുടെ പേടി സ്വപ്നമായ ഇമ്രാൻ അന്താരാഷ്ട്ര കരിയറിൽ ഒറ്റ നോബോൾ പോലും എറിഞ്ഞിട്ടില്ല എന്നതാണ് സത്യം. 88 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 362 വിക്കറ്റുകളാണ് ഈ പാക്ക് ഇതിഹാസം വീഴ്ത്തിയത്. 175 ഏകദിനങ്ങൾ കളിച്ച ഇമ്രാൻ ഖാൻ 182 വിക്കറ്റുകളും നേടിയിട്ടുണ്ട്.

5. ഡെന്നിസ് ലില്ലി

ഓസ്ട്രേലിയൻ ബോളിങ്ങ് ഇതിഹാസം ഇതുവരെ ഒരു നോബോൾ പോലും എറിഞ്ഞിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ആക്രമണ ശൈലിയിൽ പന്ത് എറിയുന്ന താരം പന്തിന്റെ വേഗതയ്ക്ക് പ്രാധാന്യം കൊടുത്ത താരമാണ്. എന്നാൽ പോലും ഒരിക്കൽ പോലും ക്രീസിന്റെ വെള്ള വര കടന്ന് ഡെന്നിസ് ലില്ലി ഇതുവരെ പന്ത് എറിഞ്ഞിട്ടില്ല. 70 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ലില്ലി 355 വിക്കറ്റുകളാണ് നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook