/indian-express-malayalam/media/media_files/uploads/2017/06/gavas-tileOut.jpg)
മുംബൈ: ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്നും അനില്‍ കുംബ്ലെ രാജി വെച്ചതില്‍ പ്രതിഷേധമറിയിച്ച് മുൻ ഇന്ത്യൻ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റിന് ഇത് ദു:ഖകരമായ ദിനമാണെന്നായിരുന്നു ആദ്യ ഗവാസ്‌കറിന്റെ പ്രതികരണം. വിരാട് കോഹ്ലിയും അനിൽ കുംബ്ലെയും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.
'കുംബ്ലെ സ്ഥാനം ഏറ്റെടുത്തതില്‍ പിന്നെ ഇന്ത്യ എല്ലായിടത്തും ജയിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനിടെ അനില്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാന്‍ കരുതുന്നില്ല. എല്ലാ ടീമിലും എന്തെങ്കിലുമൊക്കെ പ്രശ്‌നമുണ്ടാകാം പക്ഷെ റിസള്‍ട്ടാണ് നോക്കേണ്ടത്' എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിൽ സുനിൽ ഗവാസ്കർ വ്യക്തമാക്കി.
കളിക്കളത്തിന് അകത്തും പുറത്തും ധീരനായ പോരാളിയാണ് കുംബ്ലെയെന്നു ഗവാസ്കർ പറഞ്ഞു. തന്റെ താടിയെല്ലിന് പരിക്കു പറ്റി, ഒടിഞ്ഞ താടിയെല്ല് കെട്ടിവെച്ച് പന്തെറിഞ്ഞ കുംബ്ലെയെ ഗവസ്കർ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
അതേസമയം, നായകന്‍ കോഹ്‍ലിയുടെ കടുത്ത നിലപാടുകളാണ് വിജയങ്ങളുടെ സൂത്രധാരനായിട്ടും പരിശീലക സ്ഥാനം ത്യജിക്കാന്‍ കുംബ്ലെയെ നിര്‍ബന്ധിതനാക്കിയതെന്ന വാര്‍ത്തകൾ ആരാധകർക്കിടയിലും കടുത്ത അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. കോഹ്ലിയോടാണ് സ്വാഭാവികമായും നവമാധ്യമങ്ങളിൽ രോഷം അണപൊട്ടുന്നത്. കൊഹ്‍ലിയുടെ അപക്വതക്ക് കുംബ്ലെയെ ബലി കൊടുക്കണോ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. എന്നാൽ ഭിന്നതകളുണ്ടെന്ന സത്യം കുംബ്ലെ പരസ്യമാക്കിയതോടെ കൊഹ്‍ലിയുടെ വിശദീകരണം ആവശ്യമാണെന്ന നിലപാടുമായി കോഹ്ലി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഒത്തു പോകാൻ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പുറത്ത് വിട്ട രാജിക്കത്തിലാണ് കുംബ്ലെ ഇക്കാര്യം തുറന്നടിക്കുന്നത്. തന്നോട് കോച്ചായി തുടരാൻ ആവശ്യപ്പെട്ട സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവർ അടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി തന്നെ ആദരിച്ചതായി കുംബ്ലെ കത്തിൽ പറയുന്നു.
'ഇന്ത്യന്‍ ടീമിന്റെ നായകന് എന്റെ ‘രീതികളോടും’ ഞാന്‍ പ്രധാന പരിശീലകനായി തുടരുന്നതിനോടും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ബിസിസിഐ ആദ്യമായി എന്നെ അറിയിച്ചു. നായകന്റെയും പരിശീലകന്റെയും ബന്ധങ്ങളുടെ അതിര്‍ത്തികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളെന്ന നിലയില്‍ ഇതെന്നെ അത്ഭുതപ്പെടുത്തി. ഞാനും നായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഈ പങ്കാളിത്തത്തിന് ഭാവിയില്ലാത്തതിനാല്‍, ഇതില്‍ നിന്നും ഒഴിവാകാനുള്ള ഏറ്റവും നല്ല സന്ദര്‍ഭം ഇതാണെന്ന് ഞാന്‍ കരുതുന്നു.' കുംബ്ലെ വ്യക്തമാക്കുന്നു.
തൻറെ പരിശീലന രീതിയോടും താൻ കോച്ചായി തുടരുന്നതിനോടും താൽപര്യമില്ലെന്ന വിരാട് കോഹ്ലിയുടെ അഭിപ്രായം തിങ്കളാഴ്ചാണ് ബോർഡ് അറിയിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു. പ്രഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, സത്യസന്ധത എന്നിവയിലൂടെയായിരുന്നു തന്റെ രീതിയെന്നും രാജിക്കത്തിൽ കുംബ്ലെ വ്യക്തമാക്കുന്നു. 'ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്ന എണ്ണമില്ലാത്ത ആരാധകരോട് നന്ദി രേഖപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിന്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യത്തെ ആരാധിക്കുന്ന ഒരാളായി ഞാന്‍ തുടരും' എന്ന് പറഞ്ഞാണ് കുംബ്ലെ കത്ത് അവസാനിപ്പിക്കുന്നത്.
ഇന്നലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നും അനിൽ കുംബ്ലെ രാജിവെച്ചത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ടീമൊനൊപ്പം കുംബ്ലെ പോകില്ലെന്ന് അറിയിച്ചിരുന്നു. ഐസിസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കുംബ്ലെ വെസ്റ്റ് ഇൻഡീസിലേക്കു പോകുന്നില്ലെന്നാണു ഔദ്യോഗിക ഭാഷ്യം. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുൻപേ തന്നെ നായകൻ വിരാട് കോഹ്‌ലിയും കുംബ്ലെയും തമ്മിലുള്ള അസ്വാരസ്യം പുറത്ത് വന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഒരു വര്‍ഷത്തെ കരാറിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ഇന്നാണ് അദ്ദേഹത്തിന്റെ കരാര്‍ കാലാവധി അവസാനിക്കുന്നത്. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുംബ്ലെയ്ക്ക് കീഴില്‍ നിരവധി പരന്പരകൾ സ്വന്തമാക്കാനും ടീം ഇന്ത്യക്ക് സാധിച്ചിരുന്നു.
ടീമിന്റെ പുതിയ പരിശീലകനായുള്ള അഭിമുഖം അടുത്ത ദിവസം നടക്കും. വിരേന്ദർ സെവാഗ്, ടോം മൂഡി, റിച്ചാർഡ് പൈബസ്, ദോഡ ഗണേഷ്, ലാൽചന്ദ് രജ്പൂത്ത് എന്നിവർ പരീശീക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അനിൽ കുംബ്ലെയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റിയാണ് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ അപേക്ഷ സമർപ്പിച്ചവരുടെ അഭിമുഖം നടത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.