വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കളി മഴ മുടക്കി. ചായയ്ക്കുശേഷം ഒരു പന്തുപോലും എറിയാൻ കഴിയാതെ വന്നതോടെ ഒന്നാം ദിനം കളി നിർത്തി. അഞ്ചു വിക്കറ്റിന് 122 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഉപനായകൻ അജിൻക്യ രഹാനെ (38), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് (10) എന്നിവരാണ് ക്രീസിൽ.

Read Also: എല്ലാ ഫോർമാറ്റിലും മികച്ച ബാറ്റ്സ്മാൻ ആര്? സംശയമില്ല, കോഹ്‌ലിയെന്ന് വില്യംസൺ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 5 ഓവറിനുളളിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തുടക്കത്തിൽ തകർത്തടിച്ച പൃഥ്വി ഷാ 16 റൺസെടുത്ത് പുറത്തായി. സൗത്തിക്കായിരുന്നു വിക്കറ്റ്. 42 പന്തിൽ വെറും 11 റൺസെടുത്ത പൂജാരയുടെ വിക്കറ്റാണ് അടുത്തതായി വീണത്. നായകൻ വിരാട് കോഹ്‌ലിയാകട്ടെ വന്നതുപോലെ തന്നെ പെട്ടെന്നു മടങ്ങി. 7 പന്തിൽ 2 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.

നാലാം വിക്കറ്റിൽ മായങ്ക് അഗർവാളും അജിൻക്യ രഹാനെയും ചേർന്ന കൂട്ടുകെട്ട് സ്കോർനില ചലിപ്പിച്ചെങ്കിലും അധികനേരം നീണ്ടുനിന്നില്ല. 34 റൺസെടുത്ത അഗർവാളിനെ ജാമിസൻ ക്യാച്ചെടുത്തു മടക്കിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ തകർന്നു. അടുത്തതായി ഇറങ്ങിയ ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് രഹാനെ ബാറ്റു വീശി. ഇന്ത്യൻ സ്കോർ 100 ൽ കടത്തി. പക്ഷേ ഇന്ത്യൻ സ്കോർ 101 റൺസിൽ എത്തിയപ്പോൾ വിഹാരിയുടെ വിക്കറ്റും വീണു. തുടർന്ന് റിഷഭ് പന്തും രഹാനെയും ചേർന്ന് സ്കോർനില മുന്നോട്ടു നീക്കുന്നതിനിടെ മഴ എത്തുകയായിരുന്നു. ഇതോടെ ഒന്നാം ദിനം കളി നിർത്തി.

india vs new zealand test, ie malayalam

ന്യൂസിലൻഡിന്റെ അരങ്ങേറ്റ താരം കെയ്ൽ ജാമിസൻ ആണ് കളിയിലെ താരം. 38 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റാണ് ജാമിസൻ വീഴ്‌ത്തിയത്. പൂജാരയുടെയും ഹനുമ വിഹാരിയുടെയും വിക്കറ്റുകൾക്കു പുറമേ ഇന്ത്യൻ നായകൻ കോഹ്‌ലിയെയും മടക്കിയത് ജാമിസനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook