കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നടത്തിയ നിര്‍ണായക ഇടപെടല്‍ വിജയം കണ്ടു. ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് (രാത്രി-പകല്‍) ടെസ്റ്റ് മത്സരം കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ നടക്കും. ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരമാണ് രാത്രിയും പകലുമായി നടക്കുക. ഇത് ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരമായി മാറും. നവംബര്‍ 22 മുതലാണ് മത്സരം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുമായി ഇക്കാര്യം സംസാരിച്ചെന്നും ഡേ-നൈറ്റ് ടെസ്റ്റ് മത്സരം നടത്താന്‍ സമ്മതമാണെന്ന് അറിയിച്ചെന്നും ഗാംഗുലി പറഞ്ഞു. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ് ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിനായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചത്. ആദ്യം എതിര്‍പ്പ് അറിയിച്ച ബംഗ്ലാദേശില്‍ നിന്നും അനുകൂലമായ നിലപാട് വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.
Read Also: ദീപാവലി ആഘോഷത്തിനിടെ നടിയുടെ വസ്ത്രത്തിനു തീപിടിച്ചു; ഏതോ ശക്തി തന്നെ രക്ഷപ്പെടുത്തിയെന്ന് താരം
പിങ്ക് ബോളിലാണ് മത്സരങ്ങള്‍ നടക്കുക. ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തെ ഇന്ത്യന്‍ ടീം ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍, പിന്നീട് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിനു സമ്മതം മൂളി. ഡേ-നൈറ്റ് ടെസ്റ്റിനു സമ്മതമറിയിച്ച ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നന്ദി പറഞ്ഞു.
2015 നവംബറില്‍ ഡേ-നൈറ്റ് ടെസ്റ്റിന് ഐസിസി അനുമതി നല്കിയ ശേഷം ഇന്ത്യയും ബംഗ്ലാദേശും പിങ്ക് ബോളില്‍ കളിക്കുന്നത് ഇത് ആദ്യമാണ്.