ന്യൂഡല്‍ഹി:മദ്യലഹരിയില്‍ ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയ്‌ക്കെതിരെ മുംബൈ ബാന്ദ്ര പൊലീസ് കേസെടുത്തു. വിനോദ് കാംബ്ലി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ് പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല.
മദ്യലഹരിയില്‍ വിനോദ് കാംബ്ലി, കുക്കിങ് പാനിന്റെ പിടി തലയിലേക്ക് എറിഞ്ഞെന്നും ഇതുകാരണം തന്റെ തലയില്‍ പരിക്കേറ്റെന്നും ഭാര്യ ആരോപിച്ചതായി ബാന്ദ്ര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബാന്ദ്രയിലെ ഫ്ളാറ്റില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ആന്‍ഡ്രിയ ഭാഭ ഹോസ്പിറ്റലിലേക്ക് പോയി വൈദ്യപരിശോധന നടത്തി.
ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 324 (അപകടകരമായ ആയുധങ്ങളാല്‍ സ്വമേധയാ മുറിവേല്‍പ്പിക്കുക), 504 (സമാധാന ലംഘനം ഉത്തേജിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂര്‍വം അപമാനിക്കല്‍) എന്നിവ പ്രകാരം ബാന്ദ്ര പൊലീസ് കാംബ്ലിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.