ലണ്ടൻ: ഒരു പതിറ്റാണ്ടിലേറെക്കാലമായി ഇംഗ്ലണ്ട് ടീമിന്റെ നെടുംതൂണായി നിന്ന മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്കിന്റെ അവസാന രാജ്യാന്തര ടെസ്റ്റിനാണ് ഓവൽ വേദിയാകുന്നത്. അഞ്ചാം ടെസ്റ്റിനുശേഷം വിരമിക്കുമെന്ന് കഴിഞ്ഞദിവസം കുക്ക് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ വിജയത്തോടെ താരത്തിന് യാത്രയയപ്പ് നൽകാനാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുക.

2006-ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച കുക്ക്, ടെസ്റ്റില്‍ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. എന്നാൽ ഇന്ത്യക്കെതിരായ പരമ്പരയിൽ കുക്കിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പരമ്പരയില്‍ ഏഴ് ഇന്നിങ്സില്‍നിന്നും 109 റണ്‍സ് മാത്രമാണ് കുക്ക് നേടിയത്. ഇതോടെയാണ് താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. തങ്ങളുടെ മുൻ നായകന് നൽകാൻ വിജയത്തിൽ കുറഞ്ഞതൊന്നും ഇംഗ്ലീഷ് താരങ്ങള്‍ ആഗ്രഹിക്കുന്നില്ല.

അഞ്ചാം മത്സരവും വിജയിച്ച് പരമ്പരയിൽ പൂർണ്ണ ആധിപത്യം നേടാനും ഇംഗ്ലണ്ട് ശ്രമിക്കും. മൂന്ന് മത്സരങ്ങൾ വിജയിച്ച ഇംഗ്ലണ്ട് 3-1ന് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. തുടർ പരാജയങ്ങൾ ഒഴിവാക്കി വിജയത്തോടെ പരമ്പര അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. വിജയത്തിനരികിൽനിന്ന് കൈവിട്ട മത്സരങ്ങൾ ഇന്ത്യൻ ആത്മവിശ്വാസം തകർക്കുന്നുണ്ടെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് പിന്തുണ നൽകാൻ ബാറ്റിങ് നിരയ്ക്കായാൽ ഇന്ത്യയ്ക്ക് വിജയമുറപ്പിക്കാം.

ബാറ്റിങ്ങില്‍ കോലിയും പൂജാരയും ഒഴികെ മറ്റാർക്കും പരമ്പരയിൽ തിളങ്ങാനായിട്ടില്ല. നിരവധി മാറ്റങ്ങളാണ് അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കുന്നത്. ഓപ്പണര്‍ മുരളി വിജയ്ക്ക് പകരമെത്തിയ ലോകേഷ് രാഹുലിനും തിളങ്ങാനാകാത്ത സാഹചര്യത്തിൽ അഞ്ചാം ടെസ്റ്റില്‍ ഓപ്പണറായി യുവതാരം പൃഥ്വി ഷായെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം അണ്ടര്‍ 19 കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പൃഥ്വി. പരമ്പരയില്‍ തീര്‍ത്തും നിറംമങ്ങിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കുപകരം, പുതുതായി ടീമിലെത്തിയ സ്പിന്നര്‍- ഓള്‍റൗണ്ടര്‍ ഹനുമ വിഹാരിയും ഇന്ത്യയുടെ വെള്ളക്കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചേക്കും. നാലാം ടെസ്റ്റിന് ശേഷം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ അശ്വിനുപകരം രവീന്ദ്ര ജഡേജയെ കളിപ്പിച്ചേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook