scorecardresearch

ലോകകപ്പില്‍ ഇന്ന് മൂന്നാം റൗണ്ട് മത്സരങ്ങള്‍; നോക്കൗട്ട് ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും

ഗ്രൂപ്പ് ബി-യിലെ അവസാനമത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരാളി വെയ്ല്‍സാണ്

ലോകകപ്പില്‍ ഇന്ന് മൂന്നാം റൗണ്ട് മത്സരങ്ങള്‍; നോക്കൗട്ട് ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും

ലോകകപ്പില്‍ ഇന്ന് മൂന്നാം റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാകുകയാണ്. മത്സരസമയത്തില്‍ ചെറിയ മാറ്റങ്ങളുമുണ്ട്. എ ഗ്രൂപ്പിലെ രണ്ടുമത്സരങ്ങള്‍ രാത്രി 8.30-നും ബി ഗ്രൂപ്പിലെ രണ്ടു മത്സരങ്ങള്‍ രാത്രി 12.30-നുമാണ് തുടങ്ങുന്നത്. മൂന്നാം റൗണ്ടിലെ മത്സരങ്ങള്‍ എല്ലാം ഈ സമയക്രമത്തിലാകും നടക്കുക. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ രാത്രി 8.30-ന് നെതര്‍ലന്‍ഡ്സ് ആതിഥേയരായ ഖത്തറിനെ നേരിടും. ബി ഗ്രൂപ്പിലെ കരുത്തരായ ഇംഗ്ലണ്ടിന് എതിരാളി വെയ്ല്‍സാണ്. നോക്കൗട്ട് ഉറപ്പിക്കുകയാകും ഇംഗ്ലണ്ടിന്റെയും നെതര്‍ലന്‍ഡ്സിന്റെ ലക്ഷ്യം. ഗ്രൂപ്പ് ബി-യില്‍ തങ്ങളുടെ അവസാനമത്സരത്തില്‍ അമേരിക്കയ്‌ക്കെതിരേയാണ് ഇറാന് ഇറങ്ങുന്നത്.

ആദ്യമത്സരം ജയിക്കുകയും രണ്ടാം മത്സരം സമനിലയാവുകയും ചെയ്ത നെതര്‍ലന്‍ഡ്സിന് ഖത്തറിനെതിരായ മത്സരം നിര്‍ണായകമാണ്. തോല്‍ക്കാതിരുന്നാല്‍ പ്രീക്വാര്‍ട്ടറിലെത്താം. ആദ്യമത്സരത്തില്‍ സെനഗലിനെ 2-0ത്തിന് തോല്‍പ്പിച്ച നെതര്‍ലന്‍ഡ്സ് രണ്ടാം മത്സരത്തില്‍ എക്വഡോറിനോട് 1-1 സമനില വഴങ്ങിയിരുന്നു. ആദ്യ രണ്ടു കളികളും തോറ്റ ഖത്തര്‍ നോക്കൗട്ടിലെത്തില്ലെന്ന് നേരത്തേ ഉറപ്പായിക്കഴിഞ്ഞു. അത് നെതര്‍ലന്‍ഡ്സിന് അനുകൂലമാകും. അതേസമയം അവസാനമത്സരമെങ്കിലും ജയിച്ച് അഭിമാനത്തോടെ മടങ്ങാമെന്ന കണക്കുകൂട്ടല്‍ ഖത്തറിനുണ്ടാകും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇതേസമയത്ത് ഇക്വഡോര്‍ സെനഗലിനെ നേരിടും.

ഗ്രൂപ്പ് ബി-യിലെ അവസാനമത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരാളി വെയ്ല്‍സാണ്. മത്സരം രാത്രി 12.30 മുതലാണ്‌. ആദ്യമത്സരത്തില്‍ ഇറാനെ 6-2ന് തകര്‍ത്ത ഇംഗ്ലണ്ടിനെ രണ്ടാം മത്സരത്തില്‍ അമേരിക്ക ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെ മത്സരം ഏറെ നിര്‍ണായകമാണ്.

ഇറാന്‍ – അമേരിക്ക പോരാട്ടവും 12.30-നാണ്. കഴിഞ്ഞദിവസം അമേരിക്ക, ഇറാന്റെ പതാകയില്‍ മാറ്റംവരുത്തി സാമൂഹിക മാധ്യമത്തിലിട്ടുവെന്ന വിവാദവും പോരാട്ടത്തിന്റെ ചൂടുകൂട്ടും. അമേരിക്കയെ ലോകകപ്പില്‍നിന്ന് ഫിഫ പുറത്താക്കണമെന്ന് ഇറാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ രണ്ടാംതവണയാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. 1998 ലോകകപ്പിലാണ് ഇരുടീമുകളും നേര്‍ക്ക് നേര്‍ വന്നത്, അന്ന് ജയം ഇറാനൊപ്പമായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Fifa world cupfifa world cup third round matches