ലിസ്ബണ്‍: 2022 ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി സ്പെയിന്‍, ക്രൊയേഷ്യ, സെര്‍ബിയ എന്നീ ടീമുകള്‍. യൂറോപ്യന്‍ ടീമുകളുടെ യോഗ്യതാ റൗണ്ടില്‍ സെര്‍ബിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ പോര്‍ച്ചുഗലിന് ലോകകപ്പ് പ്രാതിനിധ്യം ഉറപ്പിക്കാനായി ഇനിയും കാത്തിരിക്കണം.
ലോകകപ്പിനുള്ള ടിക്കറ്റുറപ്പിക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിന് ജയമോ സമനിലയോ ആവശ്യമായിരുന്നു. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്ക് മുന്നില്‍ ഉജ്ജ്വല പ്രകടനം നടത്തിയാണ് സെര്‍ബിയ മുന്നോട്ട് കുതിച്ചത്. രണ്ടാം മിനിറ്റില്‍ റെനെറ്റൊ സാഞ്ചസിലൂടെ പോര്‍ച്ചുഗല്‍ അതിവേഗം മുന്നിലെത്തി.
33-ാം മിനിറ്റില്‍ ദുസന്‍ റ്റാഡിച്ചിലൂടെ സെര്‍ബിയ സമനില നേടി. കളിയുടെ അവസാന നിമിഷമായിരുന്നു പോര്‍ച്ചുഗല്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് അലക്സാണ്ടര്‍ മിട്രോവിച്ച് വിജയഗോള്‍ കണ്ടെത്തിയത്. യോഗ്യതാ റൗണ്ടിലെ പോര്‍ച്ചുഗലിന്റെ ആദ്യ തോല്‍വിയാണ്.
ഗ്രൂപ്പ് ബിയില്‍ നടന്ന പോരാട്ടത്തില്‍ സ്വീഡനെ ഒരു ഗോളിന് കീഴടക്കിയാണ് സ്പെയിന്‍ യോഗ്യത നേടിയത്. 86-ാം മിനിറ്റില്‍ ആല്‍വാരൊ മൊറാട്ടയുടെ ബൂട്ടില്‍ നിന്നാണ് വിജയഗോള്‍ വീണത്. കളത്തില്‍ സമ്പൂര്‍ണ ആധിപത്യം നേടിയായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ വിജയം.
റഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഫിയോദോര്‍ കുഡ്രിയാഷോവിന്റെ സെല്‍ഫ് ഗോളാണ് റഷ്യക്ക് തിരിച്ചടിയായത്. ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായാണ് ക്രൊയേഷ്യ യോഗ്യത നേടിയത്.