വുൾഫ്സ്ബർഗ്: യൂറോപ്യന്‍ രാജ്യങ്ങളുടെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗോളടി മേളമൊരുക്കി ജര്‍മനിയും ക്രൊയേഷ്യയും. ജര്‍മനി ലിഷ്സ്റ്റെന്‍സ്റ്റൈനിനെ എതിരില്ലാത്ത ഒന്‍പത് ഗോളിനാണ് തകര്‍ത്തത്. നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യ മാള്‍ട്ടയെ 7-1 എന്ന സ്കോറിനാണ് കീഴടക്കിയത്. എന്നാല്‍ കരുത്തരായ പോര്‍ച്ചുഗലിനെ അയര്‍ലന്‍ഡ് ഗോള്‍ രഹിത സമനിലയില്‍ കുരുക്കി.
ലിഷ്സ്റ്റെന്‍സ്റ്റൈനിന് മുകളില്‍ സര്‍വാധിപത്യം സ്ഥാപിച്ചായിരുന്നു ജര്‍മനിയുടെ വിജയം. 42 ഷോട്ടുകളാണ് ജര്‍മന്‍ താരങ്ങള്‍ എതിര്‍ ഗോള്‍മുഖത്തേയ്ക്ക് തൊടുത്തത്. എല്‍കെ ഗുന്‍ഡോഗന്റെ ഗോളോടെയാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ അക്കൗണ്ട് തുറന്നത്. പിന്നീട് അനായാസം ഗോള്‍ കണ്ടെത്തുന്ന ജര്‍മനിയെയാണ് കളത്തില്‍ കണ്ടത്.
ലിയോറി സനെ (22, 49), മാര്‍കോ റൂസ് (23), തോമസ് മുള്ളര്‍ (76, 86), റിഡില്‍ ബാകു (80), എന്നിവരാണ് ഗുണ്ടോഗന് പുറമെ ജര്‍മനിക്കായി സ്കോര്‍ ചെയ്തത്. ഡാനിയല്‍ കോഫ്മാന്‍, മാക്സിമിലിയാന്‍ ഗോപ്പല്‍ എന്നിവരുടെ ഓണ്‍ ഗോളുകളും ജര്‍മന്‍ വിജയത്തിന്റെ മാറ്റുകൂട്ടിയെന്ന് പറയാം. ഇതോടെ ഗ്രൂപ്പ് ജെയിലെ ഒന്നാം സ്ഥാനം ജര്‍മനി നിലനിര്‍ത്തി.
മാള്‍ട്ടക്കെതിരെ വമ്പന്‍ ജയം കണ്ടെത്താനുള്ള അവസരം ക്രൊയേഷ്യ പാഴാക്കിയില്ല. ആറാം മിനിറ്റില്‍ ആരംഭിച്ച ഗോള്‍ വേട്ട അവസാനിച്ചത് 64 മിനിറ്റിലാണ്. ഇവാന്‍ പെരിസിച്ച് (6), ഡുജെ ചലേറ്റ കാര്‍ (22), മരിയോ പസാലിച്ച് (39), ലൂക്ക മോഡ്രിച്ച് (45), ലോവ്രൊ മജര്‍ (47, 64), അന്ദ്രേജ് ക്രമാരിച്ച് (53) എന്നിവരാണ് ക്രൊയേഷ്യക്കായി ഗോള്‍ കണ്ടെത്തിയത്.
അതേസമയം, കരുത്തരായ പോര്‍ച്ചുഗലിനെ ഗോള്‍ രഹിത സമനിലയില്‍ തളയ്ക്കാന്‍ അയര്‍ലന്‍ഡിന് കഴിഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പോര്‍ച്ചുഗലിനായി.
നിര്‍ണായകമായ മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയിന്‍ ഗ്രീസിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. 29-ാം മിനിറ്റില്‍ പാബ്ലൊ സരാബിയ പെനാലിറ്റിയിലൂടെ നേടിയ ഗോളിലായിരുന്നു സ്പെയിനിന്റെ ജയം. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ സ്പെയിന്‍ ഒന്നാം സ്ഥാനത്തെത്തി.
കൊളംബിയയെ ഏക ഗോളിന് കീഴടക്കി ബ്രസീല്‍ യോഗ്യത നേടി. ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിനായി സ്കോര്‍ ചെയ്തത്.