ന്യൂഡൽഹി: റഷ്യയിൽ ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ ബോൾ ബോയ് ആകാൻ ഇന്ത്യക്കാർക്ക് സുവർണാവസരം. 10 മുതൽ 14 വയസുവരെയുളള ഇന്ത്യക്കാരിൽ ഫുട്ബോളിൽ മികവു പുലർത്തുന്നവർക്കാണ് ഇതിന് അവസരം. ഇതിനുളള അപേക്ഷ ഈ മാസം 30 ന് മുൻപ് ഓൺലൈനായി സമർപ്പിക്കണം.
റഷ്യ ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായ കിയ മോട്ടോർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് മൽസരം സംഘടിപ്പിക്കുന്നത്. മൽസരത്തിൽ വിജയിക്കുന്ന രണ്ട് കുട്ടികൾക്കാണ് റഷ്യ ലോകകപ്പിൽ ബോൾ ബോയ് ആകാൻ അവസരം ലഭിക്കുക.
ലോകകപ്പിനായി തിരഞ്ഞെടുക്കുന്ന 64 പേരിൽ രണ്ടു പേരാകാനാണ് അവസരം ലഭിക്കുന്നത്. രണ്ട് ഘട്ടമായാണ് മൽസരം സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ കുട്ടിയുടെ ഫുട്ബോൾ സ്‌കിൽ വ്യക്തമാക്കുന്ന 30 സെക്കന്റ് ദൈർഘ്യമുളള വീഡിയോ തയ്യാറാക്കണം.
കുട്ടിയുടെ രക്ഷിതാവ് ഇത് http://www.kia-motors.in/fifa2018/ എന്ന വെബ്സൈറ്റ് ലിങ്കിൽ അപ്‌ലോഡ് ചെയ്യണം. വീഡിയോ പരിശോധിച്ച ശേഷം തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ 50 കുട്ടികളെ ഇന്ത്യയിൽ ഏതെങ്കിലും ഒരിടത്ത് വച്ച് നടക്കുന്ന സ്‌കിൽ ടെസ്റ്റിൽ പങ്കെടുപ്പിക്കണം. വിദഗ്‌ധ സമിതി ഇവരുടെ മികവ് പരിശോധിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പൂർണ ചിലവ് സംഘാടകർ വഹിക്കും. രണ്ട് കുട്ടികൾക്ക് ബോൾ ബോയ് ആകാൻ അവസരം ലഭിക്കുമ്പോൾ ആറ് പേർക്ക് ഫിഫ ലോകകപ്പ് മുഴുവനായും കാണാം. കുട്ടിക്കൊപ്പം ഒരു രക്ഷിതാവിനും റഷ്യയിൽ ലോകകപ്പ് വേദികളിലെത്താൻ അവസരം ലഭിക്കും.
ഏപ്രിൽ 10 മുതൽ മെയ് 30 വരെയാണ് വീഡിയോ സമർപ്പിക്കാനുളള സമയം. കിയ മോട്ടോർസ് ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്ക് മൽസരത്തിൽ പങ്കെടുക്കാനാവില്ല. രക്ഷിതാവിന്റെ മൊബൈലും ഇ-മെയിലിനും പുറമെ ഇരുവരുടെയും പാസ്‌പോർട്ടിന്റെ പകർപ്പും അപേക്ഷയ്ക്ക് ഒപ്പം സമർപ്പിക്കണം.
ഒരു കുട്ടിയുടെ ഒരു വീഡിയോ മാത്രമേ സമർപ്പിക്കാൻ പാടുളളൂ. ഫുട്ബോളുമായി ബന്ധപ്പെട്ട് കുട്ടിയുടെ സമഗ്രശേഷിയും വെളിപ്പെടുത്തുന്നതാകണം വീഡിയോ. 30 സെക്കന്റ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുളള വീഡിയോ സമർപ്പിക്കാം. ഇതിന് 50 എംബി വരെയേ വലിപ്പം ഉണ്ടാകാവൂ. സമർപ്പിക്കുന്ന വീഡിയോയുടെ സമ്പൂർണ അധികാരം സംഘാടകർക്കായിരിക്കുമെന്നും കിയ മോട്ടോർസ് വ്യക്തമാക്കുന്നു.