ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനും ഒമാനുമെതിരായ മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മലയാളി താരങ്ങൾ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ യുവതാരം ധീരജ് സിങ്ങിന് ഇന്ത്യൻ സീനിയർ ടീമിലേക്ക് ആദ്യ ക്ഷണം ലഭിച്ചു. 2022 ലോകകപ്പിനും 2023 ഏഷ്യൻ കപ്പിനുമുള്ള യോഗ്യത മത്സരങ്ങൾക്കുള്ള 26 അംഗ ടീമിനെയാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

സഹൽ അബ്ദുൾ സമദ്, അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യങ്ങൾ. ഇന്ത്യൻ സൂപ്പർ ലീഗിൽ പരുക്കേറ്റ ഒഡിഷ എഫ്സി താരം റൗളിൻ ബോർഗസ് ടീമിൽ നിന്ന് പുറത്തായപ്പോൾ സെമിലെൻ ഡങ്കലും റെയ്നിയർ ഫെർണാണ്ടസും സ്ക്വാഡിൽ ഇടംപിടിച്ചു. പരുക്കിൽ നിന്നും മുക്താനാകാത്ത സന്ദേശ് ജിങ്കനും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടട്ടില്ല.

Also Read: ചരിത്ര തീരുമാനവുമായി ഓസീസ് ഫുട്‌ബോള്‍; വനിതകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം

ഇന്ത്യൻ ടീം

ഗോർകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ധീരജ് സിങ്.

പ്രതിരോധ നിര: പ്രീതം കൊട്ടാൾ, നിഷു കുമാർ, രാഹുൽ ഭെക്കേ, അനസ് എടത്തൊടിക, നരേന്ദർ, ആദിൽ ഖാൻ, സാർത്ഥക് ഗോലി, സുഭാഷിഷ് ബോസ്, മന്ദർ റാവു.

മധ്യനിര: ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, സെമിലൻ ഡങ്കൽ, റെയ്നിയർ ഫെർണാണ്ടസ്, വിനീത് റായ്, സഹൽ അബ്ദുൾ സമദ്, പ്രണോയ് ഹൾദാർ, അനിരുഥ് താപ, ലാലിൻസുവാല ചാങ്തെ, ബ്രാണ്ടൻ ഫെർണാണ്ടസ്, ആഷിഖ് കുരുണിയൻ.

മുന്നേറ്റ നിര: സുനിൽ ഛേത്രി, മൻവീർ സിങ്, ഫാറൂഖ് ചൗദരി.

Also Read: I-League 2019-20 fixtures: ആദ്യ ദിനം ഗോകുലം നെറോക്ക എഫ്‌സിക്കെതിരെ; ഐ ലീഗ് മത്സരക്രമം പ്രസിദ്ധീകരിച്ചു

ഗോൾകീപ്പർമാരായി വിശാൽ കെയ്തും കമൽജിത് സിങ്ങും പട്ടികയിലുണ്ടായിരുന്നുവെങ്കിലും മുഖ്യപരിശീലകൻ സ്റ്റിമാച്ച് 19 വയസുകാരൻ ധീരജിന് അവസരം നൽകുകയായിരുന്നു. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ഗോൾവല കാത്ത ധീരജ് കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്നു. നിലവിൽ എടികെ താരമാണ് ഈ മണിപ്പൂരുകാരൻ.

യോഗ്യത സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. നേരത്തെ ഖത്തറിനെതിരെയും ബംഗ്ലാദേശിനെതിരെയും സമനില വഴങ്ങിയ ഇന്ത്യ, ഒമാനോട് 2-1ന് പരാജയപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook