scorecardresearch
Latest News

FIFA World Cup 2022: ഖത്തറില്‍ ലോകകപ്പിന് തുടക്കമായി; കാല്‍പന്തില്‍ കണ്ണും നട്ട് ലോകം

FIFA Men’s World Cup 2022: ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും

FIFA World Cup 2022: ഖത്തറില്‍ ലോകകപ്പിന് തുടക്കമായി; കാല്‍പന്തില്‍ കണ്ണും നട്ട് ലോകം

FIFA Men’s World Cup 2022: ദോഹ: ദോഹയിലെ അല്‍ ബയ്ത് സ്റ്റേഡിയത്തില്‍ ആരംഭിച്ച വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങോടെ 29 ദിവസം നീണ്ട് നില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമായി.60,000 ത്തോളം പേരാണ് ഉദ്ഘാടന ചടങ്ങ് കാണാന്‍ എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്നത്.

സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും കൈകോർക്കുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. മുന്‍ ഫ്രാന്‍സ്താരം മാഴ്‌സല്‍ ഡെസൈലി ലോകകപ്പ് കിരീടം പ്രദര്‍ശിപ്പിച്ചു. പ്രശസ്ത സിനിമാ താരം മോര്‍ഗന്‍ ഫ്രീമാനും ചടങ്ങില്‍ അണിനിരന്നു. ദക്ഷിണകൊറിയയിലെ സംഗീത ബാൻഡായ ബി.ടി.എസിലെ ശ്രദ്ധേയനായ ജങ്‌കുക്ക് സ്‌റ്റേഡിയത്തെ ഇളക്കിമറിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടേയും ദേശീയപതാകകള്‍ വേദിയില്‍ പാറി.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെതിരേ എക്വഡോര്‍ എതിരില്ലാത്ത രണ്ടു ഗോളിന് വിജയിച്ചു.ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് രണ്ട് ഗോളും സ്‌കോര്‍ ചെയ്തത്. 16ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് എക്വഡോറിനെ മുന്നിലെത്തിച്ചത്. വലന്‍സിയയെ ബോക്സില്‍ വീഴ്ത്തിയ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബിന്റെ നടപടിയാണ് പെനാല്‍റ്റിക്ക് കാരണമായത്. 31-ാം മിനിറ്റില്‍ രണ്ടാം ഗോളും എന്നെര്‍ വലന്‍സിയ സ്വന്തമാക്കി. ഏയ്ഞ്ചലോ പ്രെസിയാഡോയുടെ ക്രോസ് വലന്‍സിയ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. മറുപടി ഗോളിനായി ഖത്തര്‍ ശ്രമിച്ചെങ്കിലും പന്തടക്കത്തിലുള്‍പ്പെടെ ഇക്വഡോര്‍ തന്നെ ആയിരുന്നു മുന്നില്‍.

https://twitter.com/FIFAWorldCup/status/1593902661329354757

ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്യുന്ന ടിവി ചാനലുകൾ

സ്പോർട്സ് 18, സ്പോർട്സ് 18 എച്ച്ഡി ടിവി ചാനലുകളാണ് ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ സംപ്രേഷണം ചെയ്യുക. അവർക്കാണ് ടൂർണമെന്റിന്റെ ഔദ്യോഗിക സംപ്രേഷണ അവകാശം.

ഓൺലൈനിൽ ലൈവ് സ്ട്രീമായി എങ്ങനെ കാണാം

ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും സൗജന്യമായി ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ കാണാം. ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിലും ചടങ്ങിന്റെ തത്സമയ വിവരങ്ങൾ അറിയാം.

ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങള്‍

എട്ട് സ്റ്റേഡിയങ്ങളിലായിട്ടാണ് ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന മത്സരം നടക്കുന്ന അല്‍ ബയ്ത് സ്റ്റേഡിയം, അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, ലുസെയ്ല്‍ സ്റ്റേഡിയം, അല്‍ ജെനൌബ് സ്റ്റേഡിയം, ഖലീഫ അന്തരാഷ്ട്ര സ്റ്റേഡിയം, അല്‍ തുമാമ സ്റ്റേഡിയം, സ്റ്റേഡിയം 974, എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ സംഘടിപ്പിക്കുന്നത്.

എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ഖത്തര്‍ ലോകകപ്പിനെത്തുന്നത്. ഗ്രൂപ്പകളും ടീമുകളും ഇങ്ങനെ

ഗ്രൂപ്പ് എ- ഖത്തര്‍, ഇക്വഡോര്‍, സെനെഗല്‍, നെതര്‍ലാന്‍ഡ്‌സ്

ഗ്രൂപ്പ് ബി- ഇംഗ്ലണ്ട്, ഇറാന്‍, യുഎസ്എ, വെയില്‍സ്

ഗ്രൂപ്പ് സി – അര്‍ജന്റീന, സൌദി ആറേബ്യ, മെക്‌സിക്കോ, പോളണ്ട്

ഗ്രൂപ്പ് ഡി – ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ട്യുണേഷ്യ

ഗ്രൂപ്പ് ഇ – ജര്‍മനി, ജപ്പാന്‍, സ്‌പെയിന്‍, കോസ്റ്റ് റിക്ക

ഗ്രൂപ്പ് എഫ് – ബെല്‍ജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ

ഗ്രൂപ്പ് ജി – സ്വിറ്റ്‌സര്‍ലാന്‍ഡ്, കാമറൂണ്‍, ബ്രസീല്‍, സെര്‍ബിയ

ഗ്രൂപ്പ് എച്ച്- പോര്‍ച്ചുഗല്‍, യുറുഗ്വെ, ദക്ഷണി കൊറിയ, ഘാന

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Fifa world cup 2022 opening ceremony live streaming when and where to watch