ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫിന് മാസങ്ങള്‍ മാത്രമാണുള്ളത്. ഖത്തറില്‍ നടക്കുന്ന ലോകപ്പിലേക്ക് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ലോകം. സാങ്കേതിക മികവില്‍ തിളങ്ങുന്ന കായിക മാമാങ്കത്തില്‍ ഒഴിവാക്കാനാവാത്ത ഘടകമാണ് ഹയ്യ കാര്‍ഡ്. ഇത് കൈവശമുണ്ടെങ്കില്‍ മാത്രമെ സ്റ്റേഡിയത്തിലെത്തി ഇഷ്ടരാജ്യവും താരവുമെല്ലാം പന്തു തട്ടുന്നത് കാണാന്‍ സാധിക്കുകയുള്ളു. എന്താണ് ഹയ്യ കാര്‍ഡെന്നും എങ്ങനെ അപേക്ഷിക്കാമെന്നും പരിശോധിക്കാം.
എന്താണ് ഹയ്യ കാര്‍ഡ്?
ലോകകപ്പിനെത്തുന്ന കാണികള്‍ക്ക് ഖത്തറിലേക്കും മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശനത്തിനും രാജ്യത്തെ യാത്രകള്‍ക്കുമെല്ലാം ഹയ്യാ കാര്‍ഡ് ഉപയോഗിക്കാം. കാര്‍ഡ് ലഭിച്ചവര്‍ക്ക് ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റ് മാത്രമല്ല ലഭിക്കുക. ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളും സൗജന്യമാണ്.
ഹയ്യ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?
- ഖത്തര്‍ ലോകകപ്പിനുള്ള ഹയ്യ കാര്‍ഡ് ലഭിക്കുന്നതിനായി ഖത്തര്‍ 2022 ( Qatar 2022) എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക. പ്രസ്തുത വെബ്സൈറ്റ് വഴി ഹയ്യ ഖത്തര്‍ 2022 (Hayya Qatar 2022) പോര്‍ട്ടലിലേക്ക് പ്രവേശനം ലഭിക്കും. നേരിട്ടും ഈ പോര്‍ട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്.

- പോര്‍ട്ടലില്‍ കാണുന്ന ‘അപ്ലൈ ഫോര്‍ ഹയ്യ’ (Apply For Hayya) എന്ന ഓപ്‍ഷന്‍ തിരഞ്ഞെടുക്കുക.

- തുടര്‍ന്ന് നിങ്ങളുടെ ടിക്കറ്റിന്റെ വിവരങ്ങള്‍ ചേര്‍ക്കുക. നിലവില്‍ ടിക്ക് ലഭിച്ചവര്‍ക്ക് മാത്രമാണ് ഹയ്യ കാര്‍ഡിനായി അപേക്ഷിക്കാനായി സാധിക്കുകയുള്ളു. അല്ലാത്തവരുടെ കാര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

- നിങ്ങളുടെ ടിക്കറ്റ് ഏത് തരത്തിലാണൊ അത് അനുസരിച്ചാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഫിഫയുടെ മാച്ച് ഹോസ്പിറ്റാലിറ്റി പാക്കേജാണ് എടുത്തതെങ്കില്‍ അത് പ്രകാരമായിരിക്കണം തുടര്‍ന്നുള്ള വിശദാംശങ്ങള്‍ കൊടുക്കേണ്ടത്.

- ഇനി നല്‍കേണ്ടത് അപേക്ഷിക്കുന്നയാളുടെ വ്യക്തിഗത വിവരങ്ങളാണ്. ഫോട്ടോ, പാസ്പോര്‍ട്ട് തുടങ്ങിയവ നല്‍കുക.

- മുകളിലത്തെ സ്ക്രീന്‍ഗ്രാബില്‍ കാണുന്നത് പാസ്പോര്‍ട്ട് നമ്പര്‍, ജനന തീയതി, ഏത് രാജ്യം തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.

- ഇനി നല്‍കേണ്ടത് നിങ്ങളെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറിന്റെ വിവരങ്ങളാണ്. ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്.
അപേക്ഷ കൊടുത്തു കഴിഞ്ഞാല്‍, ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സംബന്ധിച്ച് നിങ്ങൾക്ക് ഒരു ഇമെയിൽ ലഭിക്കും. അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചോ, ഇല്ലയോ തുടങ്ങിയ വിവരങ്ങള്‍ ഇമെയില്‍ സന്ദേശത്തിലുണ്ടാകും. ഖത്തറില്‍ തന്നെയുള്ളവര്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മെയില്‍ ലഭിച്ചേക്കും. വിദേശ രാജ്യത്തു നിന്നുള്ളവര്‍ക്ക് അഞ്ച് ദിവസം വരെ കലാതാമസം നേരിട്ടേക്കാം.
ഹയ്യ കാര്‍ഡ് ഹയ്യ ആപ്ലിക്കേഷനിലൂടെയാണ് ലഭിക്കുക. ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഖത്തറിലുള്ളവര്‍ക്ക് ഹയ്യ കാര്‍ഡ് പ്രത്യേക സെന്ററുകളില്‍ നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്.
Also Read: FIFA Men’s World Cup 2022: ലോകകപ്പിനൊരുങ്ങി ഖത്തർ; മത്സരക്രമം, വേദികൾ തുടങ്ങി അറിയേണ്ടതെല്ലാം