മോസ്കോ: കാല്‍പന്തിന്റെ മാമാങ്കത്തിനായി ലോകം നാളുകള്‍ എണ്ണി തുടങ്ങി. ഓരോ ലോകകപ്പും ഫുട്ബോള്‍ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പാണ്. ആവേശങ്ങളും സ്വപ്‌നങ്ങളും ആണ്. അതിനോടൊപ്പം തന്നെ നഷ്ടങ്ങളും മോഹഭംഗങ്ങളും കൂടിയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളും ടീമുകളും കപ്പില്‍ മുത്തമിടുക എന്നത് ഏതൊരു ഫുട്ബോള്‍ പ്രേമിയുടെയും ആഗ്രഹമാണ്. പ്രിയ താരങ്ങളുടെ നഷ്ടങ്ങള്‍ അവരില്‍ അവശേഷിപ്പിക്കുന്ന ശൂന്യത ചെറുതല്ല. ജൂണ്‍ നാലിനാണ് 32 രാജ്യങ്ങള്‍ അണിനിരക്കുന്ന റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ സ്ക്വാഡ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം .

ഇതുവരെയുള്ള പട്ടികകള്‍ പുറത്തുവരുമ്പോള്‍ ലോകകപ്പ് നഷ്ടമായേക്കാവുന്ന താരങ്ങള്‍ അനവധിയാണ്. ജൂണ്‍ 14ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് നഷ്ടമാകുന്ന താരങ്ങള്‍ ആരൊക്കെ എന്ന് പരിശോധിക്കുകയാണ് ഇവിടെ :

കരിം ബെന്‍സീമ

ഏറ്റവും കൂടുതല്‍ സൂപ്പര്‍ താരങ്ങളെ അണിനിരത്തുന്ന സ്ക്വാഡ് ആണ് ഫ്രാന്‍സിന്റേത്. സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ സെന്റര്‍ ഫോര്‍വേഡായി തുടരുമ്പോഴും ഫ്രാന്‍സ് ടീമില്‍ പരിഗണിക്കാതെ പോയ ഒരാളാണ് കരിം ബെന്‍സീമ. അതിശക്തമായ മുന്നേറ്റ നിരയുമായെത്തുന്ന ഫ്രാന്‍സ് സ്ക്വാഡില്‍ ബെന്‍സീമ അവസാനമായി ഇടംപിടിച്ചത് ഒക്ടോബര്‍ 2015നാണ്.

മുപ്പതുകാരനായ ബെന്‍സീമയ്ക്ക് ഇത് അവസാന ലോകകപ്പ് അവസരം കൂടിയാണ്. ഒലിവര്‍ ജിറോഡ്, ആന്റോണിയോ ഗ്രീസ്മാന്‍, കൈലിയന്‍ എമ്പാബെ, തോമസ്‌ ലെമര്‍, നബീല്‍ ഫെകിര്‍, ഫ്ലോറിയന്‍ തൗവിന്‍, ഔസ്മാന്‍ ഡെമ്പാലെ എന്നിവരടങ്ങുന്നതാണ് ഫ്രാന്‍സിന്റെ മുന്നേറ്റനിര.

മരിയോ ഗോട്സെ

ആര് മറന്നാലും അര്‍ജന്റീന ആരാധകര്‍ക്ക് മറക്കാനാകാത്ത താരമാണ് ജര്‍മനിയുടെ മരിയോ ഗോട്സെ. 2014ലെ ലോകകപ്പ് ഫൈനലില്‍ 13-ാം മിനിറ്റില്‍ അര്‍ജന്‍റീനയുടെ വല ചലിപ്പിച്ചുകൊണ്ട് ജര്‍മനിക്ക് കപ്പ്‌ സമ്മാനിച്ച താരം. എന്നാല്‍ ജര്‍മനിയുടെ അഭിമാനമായ ഈ ഇരുപത്തിയഞ്ചുകാരന്റെ സ്ഥിതി ഇന്നത്ര നല്ലതല്ല. 2016ലാണ് മരിയോ ഗോട്സെ ജര്‍മനിക്ക് വേണ്ടി അവസാനമായി പന്തുതട്ടുന്നത്. അറ്റാക്കിങ് മിഡ്ഫീല്‍ഡ്, വിങ്ങര്‍ ഫാള്‍സ് 9 പൊസീഷനുകളില്‍ കളിക്കുന്ന താരത്തിന്റെ ഫോമില്ലായ്മ തന്നെയാണ് ലോകകപ്പ് നഷ്ടത്തിന്റെ പ്രധാന കാരണം. സീസണില്‍ ബൊറൂഷ്യാ ഡോര്‍ട്ട്മുണ്ടിന് വേണ്ടി മുപ്പത്തിരണ്ട് മൽസരങ്ങളിലായി വെറും രണ്ട് ഗോളുകളാണ് അദ്ദേഹത്തിന് നേടാനായത്.

അലക്സ് ഓക്സ്ലേഡ് ചേമ്പര്‍ലെയ്ന്‍

ലിവര്‍പൂളും റോമയും തമ്മില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മൽസരത്തിനിടയിലാണ് ഇംഗ്ലിഷ് മധ്യനിരതാരമായ അലക്സ് ഓക്സ്ലേഡ് ചേമ്പര്‍ലെയ്നിന് പരുക്കേല്‍ക്കുന്നത്. ഒരു ടാക്കിളിനിടയില്‍ പറ്റിയ പരുക്ക് ചേമ്പര്‍ലെയ്നിന്റെ ലോകകപ്പ് സ്വപ്‌നങ്ങളെ തച്ചുടക്കുന്നതാണ്. ഇംഗ്ലണ്ട് ടീമിനെയും ബുദ്ധിമുട്ടിലാക്കുന്നതാണ് ഈ ഇരുപത്തിനാലുകാരന്റെ പരുക്ക്. എന്തിരുന്നാലും ഫോം നിലനിര്‍ത്തുകയാണ് എങ്കില്‍ അടുത്ത ലോകകപ്പിലും ഒരു അംഗത്തിനുള്ള ബാല്യമുണ്ടാകും ചേമ്പര്‍ലെയ്ന്‍.

ജോ ഗോമസ്


പരുക്ക് കാരണം ഇംഗ്ലണ്ടിന് നഷ്ടമാകുന്ന മറ്റൊരു ലിവര്‍പൂള്‍ താരമാണ് ജോ ഗോമസ്. ഈ സെന്റര്‍ ബാക്കിന് വിനയായത് പരുക്ക് തന്നെ. ഈ ലോകകപ്പില്‍ ഇംഗ്ലീഷ് പടയുടെ ആദ്യ പതിനൊന്നില്‍ ഇടംപിടിക്കാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട താരമായിരുന്നു ഇരുപതുകാരന്‍. കഴിഞ്ഞ വര്‍ഷമാണ്‌ അദ്ദേഹത്തെ തേടി ഇംഗ്ലണ്ട് ക്യാമ്പിലേക്കുള്ള ക്ഷണം എത്തുനന്ത്. ബ്രസീലിനോട് കളിച്ച രണ്ടാമത് രാജ്യാന്തര മൽസരത്തിലെ പ്രകടനം അദ്ദേഹത്തെ കളിയിലെ താരമാക്കിയിരുന്നു. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ മുന്നേറ്റങ്ങളെ നിഷ്‌പ്രഭമാക്കുന്നതായിരുന്നു ഗോമസ് പുറത്തെടുത്ത ഇന്റര്‍സെപ്ഷനുകള്‍.

ഡാനി ആല്‍വസ്


ഡാനി ആല്‍വസ് എന്ന മുപ്പതുകാരന്‍ ബ്രസീലിയന്‍ പ്രതിരോധ നിരയില്‍ ഉരുക്കുകോട്ടയായി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു ദശകം പിന്നിടുന്നു. പാരീസ് സെയിന്റ് ജര്‍മന് വേണ്ടി കളിക്കുന്ന താരത്തിന് ഒരുപക്ഷെ അവസാന ലോകകപ്പ് അവസരമാണ് ഇത്. വലതുവിങ്ങില്‍ നിന്നും കളി രൂപപ്പെടുത്തുന്നതില്‍ മിടുക്ക് പുലര്‍ത്തുന്ന ഡാനിക്ക് ഇത് തീരാ നഷ്ടം തന്നെ. കാനറികള്‍ക്കും മുട്ടിന് പറ്റിയ പരുക്കുമാണ് ഡാനി ആല്‍വസിന്റെ ലോകകപ്പ് സ്വപ്‌നങ്ങളെ തച്ചുടച്ചത്.

 

സ്ലാട്ടന്‍ ഇബ്രാഹിമോവിക്


ഇനിയൊരു മടക്കമില്ല എന്ന് പറഞ്ഞുകൊണ്ടാണ് മുന്‍ സ്വീഡിഷ് നായകന്‍ രാജ്യാന്തര കരിയറില്‍ നിന്നും വിരമിക്കുന്നതായി അറിയിക്കുന്നത്. എന്നാല്‍ ലോകകപ്പ് അടുത്തതോടെ സൂപ്പര്‍താരത്തിന്റെ മടങ്ങിവരവ് അഭ്യൂഹങ്ങളും സജീവമായി. സ്ലാട്ടന്‍ തന്നെ മടങ്ങിവരാന്‍ താൽപര്യം അറിയിച്ചെങ്കിലും സ്വീഡിഷ് ഫുട്ബോള്‍ അക്കാദമി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. മേജര്‍ ലീഗ് ക്ലബ്ബായ എല്‍എ ഗാലക്സിക്ക് വേണ്ടിയാണ് മുപ്പത്തിയാറുകാരനായ സ്ലാട്ടന്‍ കളിക്കുന്നത്.

ദിമിത്രി പയെറ്റ്


2016ല്‍ യൂറോ കപ്പ്‌ റണ്ണര്‍ അപ്പുകളായ ഫ്രഞ്ച് ടീമിലെ നെടുംതൂണായിരുന്നു ദിമിത്രി പയെറ്റ്. കൃത്യതയും വേഗതയുമുള്ള സെറ്റ് പീസുകളും ഡ്രിബിളിങ്ങിലുള്ള മികവും കൃത്യമുള്ള ഷോട്ടുകളും പയെറ്റിനെ മികച്ചൊരു അറ്റാക്കിങ് മിഡ്ഫീല്‍ഡറാക്കുന്നു. ഏതൊരു പ്രതിരോധ കോട്ടയേയും കവച്ചുവയ്‌ക്കുന്ന മിടുക്കുള്ള മുപ്പത്തിയൊന്നുകാരന് ഫ്രഞ്ച് സ്ക്വാഡില്‍ അവസരം കിട്ടിയില്ലെന്നത് അത്ഭുതമാണ്. പ്രതിഭാശാലികളുടെ ധാരാളിത്തവുമായാണ് ഫ്രാന്‍സ് ഇത്തവണ ലോകകപ്പിന് എത്തുന്നത് എന്നത് തന്നെയാണ് ഇതിന് കാരണം.

 

ഹാവിയര്‍ പാസ്റ്റോര്‍


ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെയിന്റ് ജര്‍മന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് ഹാവിയര്‍ പാസ്റ്റോര്‍. ക്ലബ് തലത്തില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമ്പോഴും രാജ്യത്തിനായി തിളങ്ങുന്നില്ല എന്നത് തന്നെയാണ് ഹാവിയര്‍ പാസ്റ്റോറിന്റെ അവസരം നഷ്ടപ്പെടുത്തുന്നത്. സീസണില്‍ അഞ്ച് ഗോളുകളും ആറ് അസിസ്റ്റുകളും നടത്തിയ പാസ്റ്റോര്‍ ഏഴ് വര്‍ഷത്തിനിടയില്‍ അര്‍ജന്‍റീനയ്ക്ക് വേണ്ടി നേടിയത് രണ്ടേ രണ്ട് ഗോളുകളാണ്.

 

ഡേവിഡ്‌ ലൂയിസ്

2014ലെ ലോകകപ്പില്‍ ബ്രസീലിനെ പിന്നില്‍ നിന്നും നയിച്ചയാളാണ് ഡേവിഡ്‌ ലൂയിസ്. ഏതാനും വര്‍ഷങ്ങളായി കാനറികളുടെ പ്രതിരോധ നിരയുടെ കരുത്തും വേഗതയുമാണ് ഈ മുപ്പത്തിയൊന്നുകാരന്‍. 2018ല്‍ ശക്തരായി മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ബ്രസീല്‍ ഇറങ്ങുക ഡേവിഡ്‌ ലൂയിസ് ഇല്ലാതെയാകും. ചെല്‍സിയിലേക്ക് മടങ്ങിയ ഡേവിഡിന് മികച്ചൊരു സീസണ്‍ ആയിരുന്നില്ല 2017-18ലേത്. ചെല്‍സിക്ക് വേണ്ടി സീസണ്‍ ഒട്ടകെയായി ഈ സെന്‍റര്‍ ബാക്ക് കളിച്ചത് വെറും പതിനേഴ്‌ കളികളാണ്. വേഗതകൊണ്ടും ഹെഡ്ഡറുകള്‍ കൊണ്ടും ടാക്കിളിങ്ങുകള്‍ കൊണ്ടും ആരാധകരുടെ കൈയ്യടി നേടിയ ചുരുണ്ട മുടികളുള്ള കാനറിക്കാരന്‍ ഈ ലോകകപ്പിന്റെ തന്നെ നഷ്ടമാണ്.

വെയ്ന്‍ റൂണി


119 മൽസരങ്ങളില്‍ നിന്നായി 53 ഗോളുകള്‍. ഒരു ദശകത്തിലേറെയായി ഇംഗ്ലീഷ് പടയുടെ ആക്രമണത്തിന് നേതൃത്വം കൊടുത്ത താരമാണ് വെയ്ന്‍ റൂണി. 2016ലാണ് റൂണി രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. നീണ്ടൊരു കാലഘട്ടം തന്നെ ഇംഗ്ലീഷ് ഫുട്ബോളിന്റെ മുഖമായും നായകനായും തുടര്‍ന്നു എങ്കിലും ഇതുവരെയും ഒരു കൊണ്ടിനന്റല്‍ കപ്പോ പറയത്തക്ക വിജയമോ നേടാതെയാണ് റൂണി പടിയിറങ്ങിയത്. 53 ഗോളുകളുമായി ഇംഗ്ലണ്ടിനുവേണ്ടി എക്കാലത്തും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് റൂണി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook