മോസ്കോ: ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മൽസരം. മോസ്കോ യിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് മൽസരം. ലോകകപ്പില്‍ പങ്കെടുക്കുന്നതിനുള്ള ടീമുകള്‍ റഷ്യയില്‍ എത്തി പരിശീലനം പൂര്‍ത്തിയാക്കി. ഫാന്‍ ഫെസ്റ്റുകളും തുടങ്ങിക്കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരാധകരും എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതോടെ രാജ്യം പതിയെ ഫുട്‌ബോള്‍ ലഹരിയിലേക്ക് വീണു.

മോസ്‌കോയിലെ പ്രശസ്‌തമായ റെഡ് സ്‌ക്വയറില്‍ നടക്കുന്ന സംഗീത പരിപാടിയോടെയാണ് ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 500 ലധികം കലാകാരന്മാരും ജിംനാസ്റ്റിക്, ട്രപ്പീസ് താരങ്ങളും അണിനിരക്കുന്ന കലാപ്രകടനം റഷ്യയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്നതായിരിക്കും.

കലാവിരുന്നിന് നേതൃത്വം നല്‍കുന്നതിനായി റഷ്യ കാത്തുവച്ചിരിക്കുന്ന പ്രമുഖരുടെ പേരുകള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ഒപ്പറ ഗായകന്‍ പ്ലാസിഡോ ഡോമിംഗോ, പെറുവില്‍ നിന്നുള്ള ഗായകന്‍ ജുവാന്‍ ഡീഗോ ഫ്‌ളോറെസ് എന്നിവര്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. പിയാനിസ്റ്റ് ഡെനിസ് മാറ്റ്‌സുയേവ്, ഓപ്പറ അഭിനേതാക്കളായ അന്ന നെട്രിബ്‌കോ, യൂസിഫ് ഐവാസോവ്, ഇല്‍ദാര്‍ അബ്ഡ്രാസകോവ്, ഐഡ ഗാരിഫുലിന, അല്‍ബിന തുടങ്ങിയ റഷ്യന്‍ താരങ്ങളും പങ്കെടുക്കും. ഔദ്യോഗിക ഗാനം പാടുന്നതിനായി ഹോളിവുഡ് നടന്‍ വിൽസ്‌മിത്ത്, നിക്കി ജാം, ഏറ ഇസ്ട്രാഫി എന്നിവരുമെത്തും.

താരങ്ങളെയും ആരാധകരെയും വരവേല്‍ക്കാന്‍ റഷ്യയിലെ പതിനൊന്ന് നഗരങ്ങളും അതിലെ പന്ത്രണ്ട് സ്റ്റേഡിയങ്ങളും ഒരുങ്ങി കഴിഞ്ഞു. മൽസരത്തില്‍ പങ്കെടുക്കാന്‍ ഇറാനാണ് ആദ്യമായി മോസ്‌കോയില്‍ വിമാനമിറങ്ങിയത്.

ജേതാക്കള്‍ക്ക് നല്‍കേണ്ട കിരീടം ലോകം മുഴുവന്‍ സഞ്ചരിച്ച ശേഷം ആതിഥേയ നഗരമായ മോസ്‌കോയില്‍ എത്തിച്ചേര്‍ന്നിരുന്നു. ജൂണ്‍ മുപ്പത് മുതല്‍ നോക്കൗട്ട് മൽസരങ്ങള്‍ ആരംഭിക്കും. ജൂലൈ പതിനഞ്ചിനാണ് കലാശപ്പോരാട്ടം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ