മോസ്കോ: ഫിഫ ലോകകപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ കരുത്തരായ ഫ്രാൻസും അർജന്റീനയുമാണ് നേർക്കുനേർ എത്തുന്നത്. വൈകിട്ട് 7.30 നാണ് മത്സരം.

ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് കടന്നത്. എന്നാൽ അർജന്റീന ക്രൊയേഷ്യയോട് 3-0 ന് തോറ്റ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് റൗണ്ട് 16 ൽ എത്തിയത്.

നൈജീരിയക്കെതിരെ അവസാന മത്സരത്തിൽ നേടിയ വിജയമാണ് അർജന്റീനയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചത്. എന്നാൽ ഫ്രഞ്ച് പട ഇത്തവണത്തെ ലോകകപ്പ് സംഘത്തിലെ ഏറ്റവും കരുത്തരായ ടീമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

സി ഗ്രൂപ്പില്‍ രണ്ടു ജയവും ഒരു സമനിലയും വഴി ഏഴു പോയന്റോടെയാണ് ഫ്രാന്‍സിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ പക്ഷെ ഫ്രാൻസിന് തങ്ങളുടെ കരുത്ത് തെളിയിക്കാനായില്ല.  ടീമിന് ഇതുവരെ മികച്ച ഒത്തിണക്കം കൈവരിക്കാനായിട്ടില്ല. മുന്നേറ്റത്തില്‍ ഗ്രീസ്മാനും മധ്യനിരയില്‍ പോള്‍ പോഗ്ബയും ഫോമിലെത്താത്തത് അവർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

എന്നാൽ ആദ്യ രണ്ട് മത്സരത്തിലും മോശം കളി കാഴ്ചവച്ച അർജന്റീന ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ കരുത്തുറ്റ കളിയാണ് ടീം കാഴ്ചവച്ചത്. എന്നാൽ നൈജീരിയക്കെതിരെ മികച്ച കളി പുറത്തെടുക്കാൻ അവർക്ക് സാധിച്ചു. പരിക്കേറ്റ പെരസിന് പകരം പവൻ അർജന്റീനൻ നിരയിൽ ആദ്യ ഇലവനിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook