FIFA World Cup 2018: ഫുട്ബോള്‍ താരങ്ങള്‍ക്ക് പരുക്കേല്‍ക്കുന്നത് പുതിയ കാര്യമല്ല. ലോകകപ്പ് സൗഹൃദ മൽസരത്തിനിടെ ടുണീഷ്യയുടെ ഗോള്‍കീപ്പര്‍ പരുക്കേറ്റ് കിടന്ന സമയം മറ്റ് സഹതാരങ്ങള്‍ നോമ്പ് മുറിക്കാനുളള അവസരമായി എടുത്തത് കഴിഞ്ഞ ദിവസം വാര്‍ത്തയായി മാറിയിരുന്നു. 12 മണിക്കൂറോളം ഭക്ഷണം കഴിക്കാതിരുന്ന താരങ്ങള്‍ നോമ്പ് മുറിക്കാനായി കണ്ടെത്തിയത് ഗോളി മൈതാനത്ത് കിടക്കുന്ന സമയമായിരുന്നു.
കഴിഞ്ഞയാഴ്‌ച നടന്ന രണ്ട് മൽസരങ്ങളിലും ടീം തകര്‍പ്പന്‍ അഭിനയം കാഴ്‌ച വച്ചു. രണ്ട് മൽസരങ്ങളിലും ഗോള്‍കീപ്പറായ മൗസ് ഹസനാണ് പരുക്ക് അഭിനയിച്ചത്. ആദ്യം പോര്‍ച്ചുഗലിനെതിരായ മൽസരത്തിനിടെയാണ് മൗസ പരുക്ക് അഭിനയിച്ചത്. 2-1ന് ടീം പിന്നിട്ട് നില്‍ക്കുമ്പോള്‍ മൽസരത്തിന്റെ 58-ാം മിനിറ്റില്‍ ഹസന്‍ പരുക്ക് അഭിനയിക്കുകയായിരുന്നു. ഈ സമയത്ത് സഹതാരങ്ങള്‍ സൈഡ്‌ലൈനിലെത്തി നോമ്പുതുറന്നു. മൽസരം പുനരാരംഭിച്ച് ആറ് മിനിറ്റിന് ശേഷം ടുണീഷ്യ ഗോൾ മടക്കുകയും ചെയ്‌തു. മൽസരം സമനിലയിലാണ് പിരിഞ്ഞത്. തുര്‍ക്കിയ്‌ക്കെതിരായി നടന്ന മൽസരത്തിലാണ് മൗസ് വീണ്ടും പരുക്ക് പറ്റി കിടന്നത്. 49-ാം മിനിറ്റിലാണ് ഹസന്‍ പരുക്ക് അഭിനയിച്ചത്. ഹസന്‍ മൈതാനത്ത് മലര്‍ന്ന് കിടന്നപ്പോള്‍ സഹതാരങ്ങള്‍ ഭക്ഷണത്തിനായി പുറത്തേക്ക് പാഞ്ഞു. 2-2നാണ് ഈ മൽസരവും സമനിലയിലായത്.
റമദാനില്‍ ലോകത്താകമാനമുളള മുസ്‌ലിങ്ങള്‍ നോമ്പു നോല്‍ക്കുന്നുണ്ട്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണമോ വെളളമോ ഒന്നും കൂടാതെയാണ് നോമ്പ് നോല്‍ക്കുന്നത്. കളിക്കിടെ നോമ്പ് മുറിക്കാനായി ടുണീഷ്യ കണ്ടെത്തിയ വഴി ഇതായിരുന്നെങ്കില്‍ മറ്റുളള ഫുട്ബോള്‍ താരങ്ങള്‍ എങ്ങനെയാണ് റമദാനില്‍ ഫുട്ബോള്‍ കളിക്കുന്നതെന്ന് ആരാധകരില്‍ ചോദ്യം ഉണര്‍ത്തിയിട്ടുണ്ട്. ടുണീഷ്യയെ കൂടാതെ ലോകകപ്പിന് എത്തിയ മറ്റ് നാല് ആഫ്രിക്കന്‍ ടീമുകളും സമാനമായ പ്രതിസന്ധി നേരിടേണ്ടവരാണ്. കാരണം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കാം നോമ്പ് മുറിക്കാനുളള സമയം ആവുക എന്നതാണ് താരങ്ങള്‍ക്ക് വെല്ലുവിളിയാവുക. ടുണീഷ്യ, ഈജിപ്‌ത്, മൊറോക്കോ, സെനഗള്‍, നൈജീരിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള ടീമുകളിലും സൗദി അറേബ്യ, ഇറാന്‍ എന്നീ ടീമുകളിലും മുസ്‌ലിം കളിക്കാരുണ്ട്.
ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്ന ഈജിപ്‌തിന്റെ മുഹമ്മദ് സലാഹും സെനഗലിന്റെ ലിവര്‍പൂള്‍ താരം സാഡിയോ മൈനും മുസ്‌ലിങ്ങളാണ്. താരങ്ങള്‍ക്ക് റമദാന്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കാലമാണെന്ന് ഈജിപ്‌ത് ടീം ഡോക്‌ടര്‍ മൊഹമ്മദ് അബൂലേല പറയുന്നു. ‘നമുക്ക് എല്ലാ ശീലങ്ങളും മാറ്റേണ്ടി വരും. ഉറക്കം മുതല്‍ ഭക്ഷണം നല്‍കുന്ന സമയം വരെ ഏറെ മാറ്റം വരും. ഇത് വളരെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. കൂടാതെ നോമ്പ് കഴിഞ്ഞതിന് ശേഷമുളള ആദ്യ ദിവസമാണ് നമ്മള്‍ കളിക്കുന്നത് എന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. വീണ്ടും ശീലങ്ങള്‍ മാറുമ്പോള്‍ അതുമായി പൊരുത്തപ്പെടണം’, അബൂലേല പറഞ്ഞു.
മെയ് പാതിയോടെയാണ് റമദാന്‍ തുടങ്ങിയത്. ലോകകപ്പിന് ഒരുമാസം മുമ്പ് ടീമുകള്‍ പരിശീലനം തുടങ്ങുന്ന കാലത്താണ് നോമ്പ് തുടങ്ങിയത്. റഷ്യയും സൗദിയും ഏറ്റുമുട്ടുന്ന വ്യാഴാഴ്‌ച വൈകുന്നേരമാണ് നോമ്പ് അവസാനിക്കുന്നത്. വെള്ളിയാഴ്‌ചയാണ് മൊറോക്കോയും ഈജിപ്‌തും ഏറ്റുമുട്ടുന്നത്. രോഗി, യാത്രക്കാരന്‍, ഗര്‍ഭിണി എന്നിവര്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ നോമ്പ് എടുക്കേണ്ടതില്ലെന്നാണ് ഇസ്‌ലാമിലെ വിശ്വാസം. റമദാന്‍ കഴിഞ്ഞതിന് ശേഷം ഇത് നോറ്റ് വീട്ടുവാനും കഴിയും.
പൊതുവേ മൽസരങ്ങളുളള അത്‌ലറ്റുകൾ നോമ്പ് ഒഴിവാക്കാറുണ്ടെങ്കിലും ടുണീഷ്യന്‍ താരങ്ങള്‍ നോമ്പെടുത്താണ് കളിക്കാറുള്ളത്. ഈജിപ്‌ത് താരങ്ങളും നോമ്പ് ഉപേക്ഷിക്കാറില്ല. ഫുട്ബോള്‍ കളിക്കുന്നയാള്‍ നോമ്പ് എടുക്കണോ വേണ്ടയോ എന്നത് പലപ്പോഴും തര്‍ക്ക വിഷയമാണ്. യാത്ര ചെയ്യാനല്ലാതെ കളിക്കാനായി നോമ്പ് ഉപേക്ഷിച്ചെന്ന് ആരോപിച്ച് മുഹമ്മദ് സലാഹിനെതിരെ കഴിഞ്ഞയാഴ്‌ചയാണ് ഒരു മൗലവി രംഗത്തെത്തിയത്. സലാഹ് നോമ്പ് എടുത്തിട്ടാണോ കളിക്കുന്നതെന്ന് കഴിഞ്ഞ മാസം ലിവര്‍പൂള്‍ പരിശീലകനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ‘അത് ദൈവവും കളിക്കാരനും തമ്മിലുളള വിഷയം ആണ്’ എന്നായിരുന്നു ക്ലോപ്പ് പ്രതികരിച്ചത്.
താരങ്ങള്‍ നോമ്പെടുത്താലും ഇല്ലെങ്കിലും തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് ടുണീഷ്യന്‍ പരിശീലകന്‍ നബീല്‍ മാലൗലി പറഞ്ഞത്. അതേസമയം സെനഗള്‍ താരങ്ങള്‍ നോമ്പെടുക്കില്ലെന്നാണ് സെനഗള്‍ മാധ്യമങ്ങള്‍ പരിശീലകനെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്‌തത്. അതേസമയം ഈജിപ്‌ത് താരങ്ങള്‍ക്കായി പോഷകാഹാര വിദഗ്‌ധരെ നിയമിച്ചിട്ടുണ്ടെന്ന് പരിശീലകന്‍ അര്‍ജന്റൈന്‍ ഹെക്‌ടര്‍ കൂപ്പര്‍ പറഞ്ഞു. അതേസമയം ഒരു ഈജിപ്‌ത് താരം നോമ്പെടുക്കില്ലെന്ന് എപിയോട് പ്രതികരിച്ചു. പേര് വെളിപ്പെടുത്താത്ത താരമാണ് നോമ്പെടുക്കില്ലെന്ന് പറഞ്ഞത്. നോമ്പെടുത്താല്‍ മൽസരത്തിന്റെ ആദ്യ 30 കഴിഞ്ഞാല്‍ പിന്നെ ഓടാന്‍ കഴിയില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.